ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിക്കിടെ ഹിന്ദി ഭാഷ വളരെ അനായാസമായി സംസാരിച്ച യുഎസ് ഉദ്യോഗസ്ഥയുടെ ദൃശ്യങ്ങള്‍ വൈറലാകുന്നു. യുഎസ് സ്‌റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്‍റിൽ നിന്നുള്ള ഹിന്ദുസ്ഥാനി വക്താവ് മാര്‍ഗരറ്റ് മക്ലിയോഡാണ് വീഡിയോയിലുള്ളത്.

അമേരിക്കയുടെ വിദേശനയങ്ങളെ പറ്റിയുള്ള മാധ്യമപ്രവര്‍ത്തകന്‍റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മാര്‍ഗരറ്റ്. അമേരിക്കയും ഇന്ത്യയും വിവിധ മേഖലകളില്‍ വളരെ സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന രാഷ്ട്രങ്ങളാണെന്നും വിവര സാങ്കേതിക രംഗത്ത് ആശയവിനിമയവുമായി ബന്ധപ്പെട്ടുള്ള ചര്‍ച്ചകള്‍ നടക്കുന്നുവെന്നും അവര്‍ പറഞ്ഞു.

ഇലക്ട്രോണിക്ക് വാഹന രംഗത്തും വിദ്യാര്‍ത്ഥികളുമായി ബന്ധപ്പെട്ട വിഷയങ്ങളിലും രണ്ടു രാജ്യങ്ങളും തമ്മില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നുവെന്നും മാര്‍ഗരറ്റ് ഹിന്ദിയില്‍ പറഞ്ഞു.
ഇവരുടെ ഉച്ചാരണ സ്ഥുടതയെ പ്രശംസിച്ച് ഒട്ടേറെ പേര്‍ വീഡിയോയ്ക്ക് കമന്‍റ് ചെയ്തിരുന്നു.
ജപ്പാന്‍, ഇന്ത്യ, പാകിസ്ഥാന്‍ എന്നിവയടക്കമുള്ള രാജ്യങ്ങളില്‍ അമേരിക്കയുടെ വിവിധ പദ്ധതികളുടെ ഭാഗമായി പ്രവര്‍ത്തിക്കുകയാണ് മാര്‍ഗരറ്റ്.



കൊളംബിയ സര്‍വകലാശാലയില്‍ നിന്നും സുസ്ഥിര വികസനത്തില്‍ ഡോക്ടറേറ്റ് നേടിയ മാര്‍ഗരറ്റ് ഡല്‍ഹി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ റോട്ടറി സ്‌കോളര്‍ കൂടിയാണ്. ഹിന്ദിക്ക് പുറമേ ഉര്‍ദുവും വായിക്കാനും എഴുതാനും അറിയാമെന്നും മാര്‍ഗരറ്റ് അറിയിച്ചു.