"വിഴുങ്ങി' നേടിയ വിജയം! അരക്കിലോ ചീസ് കഴിച്ച് റിക്കാര്‍ഡിട്ട ലിയ ആളു പുലിയാ
വെബ് ഡെസ്ക്
Saturday, September 9, 2023 12:25 PM IST
ഭക്ഷണപ്രേമികളില്‍ പലരും തീറ്റമത്സരത്തിന്‍റെ കൂടി കടുത്ത ആരാധകരാണ്. കഴിവതും ഇവര്‍ മത്സരത്തില്‍ പങ്കെടുക്കാനും ശ്രമിക്കും. കഴിക്കാന്‍ തരുന്ന വിഭവം "ചില്ലറക്കാരനല്ലെന്ന്' തോന്നിയാല്‍ മത്സരത്തില്‍ നിന്നും ചിലര്‍ നൈസായി മുങ്ങുകയും ചെയ്യും. എന്നാല്‍ അല്‍പം കട്ടിയേറിയ ഭക്ഷ്യോത്പന്നമായിട്ടും അത് ഒരു മിനിട്ടും രണ്ട് സെക്കന്‍ഡും കൊണ്ട് കഴിച്ച് ഗിന്നസ് റിക്കാര്‍ഡ് നേടിയിരിക്കുകയാണ് യൂറോപ്യന്‍ യുവതിയായ ലിയ ഷട്ട്‌കെവര്‍.
ചീസ് വിഭാഗത്തില്‍ പെട്ട മൊസാറേലയാണ് ഇവര്‍ ഞൊടിയിടയില്‍ കഴിച്ച് തീര്‍ത്തത്. അരക്കിലോ മൊസാറേല ഇത്രവേഗത്തില്‍ കഴിച്ചുതീര്‍ക്കുന്ന ആദ്യവ്യക്തിയെന്ന ബഹുമതി ഇനി ലിയയ്ക്ക് സ്വന്തം. ഇവര്‍ ഈ ചീസ് കഴിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഗിന്നസ് വേള്‍ഡ് റിക്കാര്‍ഡ്‌സിന്‍റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വെള്ളിയാഴ്ച പങ്കുവെച്ചിരുന്നു.
വീഡിയോ വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ ലക്ഷക്കണക്കിന് ആളുകളാണ് ഇത് കണ്ടത്. 80,328 പേര്‍ ഇതിനോടകം ദൃശ്യങ്ങള്‍ക്ക് ലൈക്ക് നല്‍കുകയുമുണ്ടായി. 250 ഗ്രാം വീതം വരുന്ന രണ്ട് വലിയ ചീസ് കഷ്ണങ്ങളാണ് കൃത്യം ഒരു മിനിട്ടും 2.34 സെക്കന്‍ഡും കൊണ്ട് ഇവര്‍ കഴിച്ചു തീര്‍ത്തത്. ഇടയ്ക്കിടെ നിറുത്തി ചീസ് കടിച്ചു മുറിക്കുമ്പോള്‍ ലിയയുടെ മുഖത്ത് വന്ന ഭാവങ്ങളെ പറ്റിയും സൈബറിടത്തില്‍ ചര്‍ച്ചകളുയര്‍ന്നു.
"ഏറെ പണിപ്പെട്ടാണ് ഇവര്‍ അത് കഴിച്ചതെന്നും, അക്ഷരാര്‍ത്ഥത്തില്‍ അവരിത് വിഴുങ്ങുകയായിരുന്നു'വെന്നും നെറ്റിസണ്‍സ് പറയുന്നു. കുറഞ്ഞ സമയത്തിനുള്ളില്‍ ഇവരിതെങ്ങനെ കഴിച്ചുവെന്ന ചോദ്യത്തിനും അതിവേഗം തന്നെ ഉത്തരവും വന്നു. ലിയ പ്രഫഷണലായി തീറ്റമത്സരത്തില്‍ പങ്കെടുക്കാറുള്ള വ്യക്തിയാണ്. മാത്രമല്ല ഇവരുടെ പേരില്‍ 33 ഗിന്നസ് റിക്കാര്‍ഡുകളാണുള്ളത്.
ചെറുതും വലുതുമായി നടത്തിയിട്ടുള്ള പലമത്സരങ്ങളിലും മിന്നും വിജയം നേടിയ ആളാണിവര്‍. പുത്തന്‍ ഗിന്നസ് റിക്കാര്‍ഡ് കിട്ടാനുള്ള മത്സരത്തിന്‍റെ വീഡിയോയ്ക്ക് നിരവധി പ്രതികരണങ്ങളാണ് എത്തിയത്. "ഇവര്‍ ഒരുപാട് കഷ്ടപ്പെടുന്നുണ്ട്', "മിടുക്കിയായ തീറ്റക്കാരി', "ഇവര്‍ ഇനിയും റെക്കോര്‍ഡ് നേടും', "മൊസാറേല അല്‍പം കട്ടി കൂടിയ ചീസാണ്' എന്ന് തുടങ്ങി ഒട്ടേറെ കമന്‍റുകൾ വീഡിയോയെ തേടിയെത്തി.