ഒന്നിച്ചുകയറാൻ ആഗ്രഹിച്ചു, എന്നാല്‍... ഭാര്യയ്ക്കായി എവറസ്റ്റ് കീഴടക്കി അറുപതുകാരന്
Thursday, June 1, 2023 3:20 PM IST
ജീവിതം അങ്ങനെയാണ്. അതിന് പലതട്ടുകളുണ്ടല്ലൊ. ബാല്യവും കൗമാരവും യൗവനവും വാര്‍ധക്യവുമൊക്കെ അതിന്റെ ഭാഗങ്ങളാണ്. ഇക്കാലയളവിലൊക്കെ എത്രയോ ബന്ധങ്ങള്‍ വന്നും തെളിഞ്ഞും മായുന്നു.
എന്നാല്‍ ചില ബന്ധങ്ങള്‍ അങ്ങനെ പറിച്ചുമാറ്റാന്‍ കഴിയില്ല. അത്തരത്തില്‍ യൗവനത്തില്‍ മിക്കവര്‍ക്കും കിട്ടുന്ന ഒരു കൂട്ടാണ് ഭാര്യ അല്ലെങ്കില്‍ ഭര്‍ത്താവ്. ആ ഉടമ്പടിയൊരു വെറും വാക്കല്ല. പലര്‍ക്കും തങ്ങളുടെ പ്രാണന് പരകായം ചെയ്തതായി തോന്നും. "നിന്നിലും മുന്നേ എനിക്ക് മരിക്കണം' എന്നുപറയാത്ത ഇണകള്‍ കുറവായിരിക്കും.
ഈ കഥ പറയുന്നത് ജീവിതത്തിന്റെ തുരുത്തില് ഒറ്റപ്പെട്ടുപോയ ഒരു അറുപതുകാരനെക്കുറിച്ചാണ്. മഹാരാഷ്ട്ര സ്വദേശിയായ അദ്ദേഹത്തിന്റെ പേര് ശരദ് കുല്‍ക്കര്‍ണി. സാഹസങ്ങളിലും പര്വതാരോഹണങ്ങളിലും അതീവ തത്പരനായിരുന്നു ഈ മനുഷ്യന്. അദ്ദേഹത്തിന്റെ യൗവനത്തില്‍ തുണയായി ലഭിച്ചതും ഇത്തരം കാര്യങ്ങളില്‍ താത്പര്യമുള്ള ഒരു വധുവിനെയാണ്.
അഞ്ജലി എന്നായിരുന്നു അദ്ദേഹത്തിന്റെ സഖിയുടെ പേര്. മഹാരാഷ്ട്രയിലെ ബീട് സ്വദേശികളായ ഇവര്‍ പിന്നീട് താനേയിലേക്ക് താമസം മാറ്റിയിരുന്നു. പര്‍വതാരോഹകരായി മാറിയ ഇവര്‍ പല കൊടുമുടികളും കയറി ജീവിതം അങ്ങനെ ആഘോഷമാക്കി പോവുകയായിരുന്നു.
ലോകത്തിലെ ഏറ്റവും ഉയരമുള്ള ഏഴ് കൊടുമുടികള്‍ ഒന്നിച്ച് കീഴടക്കണമെന്നായിരുന്നു ശരദിന്റെയും അഞ്ജലിയുടെയും ഏറ്റവും വലിയ ആഗ്രഹം. അതിനായി അവര്‍ ആദ്യം തെരഞ്ഞെടുത്തത് ഏറ്റവും വലിയ കൊടുമുടികളില്‍ ഒന്നായ എവറസ്റ്റിനെയാണ്.
അതിനായി ഒന്നിച്ച് ഇറങ്ങിയെങ്കിലും ഈ ആഗ്രഹം പൂര്‍ത്തീകരിക്കാന്‍ അവര്‍ക്കായില്ല. കാരണം 2019ല്‍ ഈ കൊടുമുടി കയറ്റത്തിനിടെ അഞ്ജലി മരണപ്പെട്ടു. മേയ് 22, ആ ദിവസം പര്‍വതാരോഹകരുടെ എണ്ണം കൂടുതലായിരുന്നതിനാല്‍ ഇരുവരും ഏറെ ബുദ്ധിമുട്ടി. ആവശ്യത്തിന് ഓക്സിജന്‍ ലഭിക്കാതെ വന്ന അഞ്ജലി കുഴഞ്ഞുവീണ് മരണത്തിനു കീഴടങ്ങുകയായിരുന്നു.
ഈ ദുഃഖ സംഭവത്തോടെ ശരദ് ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയി. ഏറേ വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ ഭാര്യയ്ക്കായി കൊടുമുടികള്‍ കീഴടക്കുക എന്ന ദൗത്യം പൂര്‍ത്തീകരിക്കണമെന്ന് അദ്ദേഹത്തിന് തോന്നി.
പ്രായം അപ്പോഴേക്കും അറുപതില്‍ എത്തി. എന്നിരുന്നാലും സ്നേഹവും ഓര്‍മയും വലിയ ഊര്‍ജമായി നിന്നു. ഒടുവില്‍ അദ്ദേഹം തങ്ങള്‍ക്കൊരുമിച്ച് യാത്ര പൂര്‍ത്തിയാക്കാന്‍ കഴിയാഞ്ഞ എവറസ്റ്റിലെത്തി.
ഓരോ ചുവടുകളും ഓരോ നോവുന്ന ഓര്‍മകളാണ് അദ്ദേഹത്തിന് സമ്മാനിച്ചത്. പക്ഷേ ഒടുവില്‍ ശരദ് ആ ഉദ്യമം പൂര്‍ത്തീകരിച്ചു. മാത്രമല്ല അറുപതാം വയസില്‍ കൊടുമുടി കീഴടക്കിയ ആദ്യ ഇന്ത്യന്‍ പര്വതാരോഹകന് കൂടെയായി മാറി അദ്ദേഹം.
പല പ്രണയകഥകളിലും കാമുകന്മാരും ഭര്ത്താക്കന്മാരും തങ്ങളുടെ ഇണകള്‍ക്കായി പലതും സ്മാരകമാക്കിയത് നാം വായിച്ചിട്ടുണ്ടാല്ലൊ. മുഗള്‍ ചക്രവര്‍ത്തി ഷാജഹാന് തനിക്ക് പ്രിയപ്പെട്ട മുംതാജ്മഹലിനായി പണിത താജ്മഹല്‍ കാലത്തെപ്പോലും അതിജീവിച്ച് നമുക്ക് മുന്നിലുണ്ടല്ലൊ.
താന്‍ കീഴടക്കിയ ഉയരത്തിനുമപ്പുറം ചേക്കേറിയ അഞ്ജലിക്കായി ശരദിന് ഒരുക്കാനുള്ളത് ഏഴുകൊടിമുടികള്ക്കു മുകളില്‍ പതിഞ്ഞ കാല്പാടുകളാണ്. ആ കാല്പാടുകള് എവറസ്റ്റില്‍ പതിഞ്ഞുകഴിഞ്ഞു. എന്നാല്‍ യാത്രകള്‍ ഇനിയും ബാക്കി നില്ക്കുന്നു. തന്റെ പ്രിയപ്പെട്ട അഞ്ജലിക്കായി അവശേഷിക്കുന്ന കാല്പാടുകളും അദ്ദേഹത്തിന് പതിക്കാന്‍ കഴിയട്ടെ...