ഇരുകാലും കൈയും നഷ്ടമായ ബോഡി ബില്‍ഡര്‍; സൂരജ് ഗെയ്വാളിനെക്കുറിച്ച്
Saturday, April 1, 2023 2:47 PM IST
അപ്രതീക്ഷിതമായ സംഭവങ്ങള്‍ നിമിത്തം ജീവിതത്തിന്റെ ഗതി മാറിപ്പോയ നിരവധി പേരെ നമുക്ക് സമൂഹത്തില്‍ കാണാനാകും. മിക്കപ്പോഴും അപകടങ്ങള്‍ നിമിത്തമൊ രോഗങ്ങള്‍ നിമിത്തമൊ ആകാം ഇവരുടെ ജീവിതത്തില്‍ മാറ്റം സംഭവിക്കുന്നത്.
ഇത്തരം വ്യതിയാനങ്ങള്‍ പലരേയും നന്നായി ബാധിക്കും. ചിലര്‍ പിന്നീട് മൗനത്തിലേക്ക് ഒതുങ്ങും. എന്നാല്‍ മറ്റു ചിലരുണ്ട്. അവര്‍ ഇത്തരം പ്രശ്നങ്ങളെ അഭിമുഖീകരിക്കും. മാത്രമല്ല അതിനോടുപോരാടി മറ്റുള്ളവര്‍ക്ക് പ്രചോദനമാവുകയും ചെയ്യും.
അത്തരത്തിലൊരാളാണ് പൂനയില്‍ നിന്നുള്ള സൂരജ് ഗെയ്വാള്. 2016ല്‍ ഒരു അപകടത്തില്‍ വൈദ്യുതാഘാതമേറ്റ് സൂരജിന്റെ ഇരുകാലുകളും ഒരു കൈയും നഷ്ടപ്പെട്ടിരുന്നു. സാധാരണ ഏതൊരാളും തകരുന്ന നിമിഷമാണത്.
എന്നാല്‍ ഇദ്ദേഹം അങ്ങനെയായിരുന്നില്ല. ജീവിതത്തിന്റെ മുന്നില്‍ പകച്ചുനില്‍ക്കാതെ പോരാടാനുറച്ചു. ജിംനേഷ്യം ആയിരുന്നു ഇദ്ദേഹം അതിനായി തെരഞ്ഞെടുത്തിയിടം. നിലവില്‍ അറിയപ്പെടുന്ന ഒരു ബോഡി ബില്ഡറണ് ഈ 23കാരന്.
ഷേരു ക്ലാസിക് 2022, മിസ്റ്റര്‍ ഇന്ത്യ 2022, മിസ്റ്റര്‍ യൂണിവേഴ്സ് 2022 എന്നിവയുള്‍പ്പെടെ വിവിധ മത്സരങ്ങളില്‍ മിസ്റ്റര്‍ ഗെയ്വാൾ പങ്കെടുത്തു.
സമൂഹ മാധ്യമങ്ങളില്‍ സൂരജ് സജീവമാണ്. നിരവധിയാളുകള്‍ ഇദ്ദേഹത്തിന്റെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാറുണ്ട്. "ശരീരത്തിന്റെ ഒരുഭാഗം നഷ്ടമായിട്ടും തളരാതെ മുന്നോട്ട് സഞ്ചരിക്കുന്ന ഇദ്ദേഹം പലര്‍ക്കും ആത്മവിശ്വാസം നല്കുന്നു' എന്നാണ് ഒരാള്‍ കമന്റില്‍ പറഞ്ഞത്.