"അയ്യേ പറ്റിച്ചേ...'; വിഡ്ഢിദിനത്തിലെ ചില ചിന്തകള്‍
Saturday, April 1, 2023 12:35 PM IST
പണ്ട് ഏതൊരാളും ഏറ്റവും ജാഗ്രത പുലര്‍ത്തുന്ന ഒരു പ്രഭാതമായിരുന്നു ഏപ്രില്‍ ഒന്നിന്റേത്. ആരൊക്കെ ഏത് വഴിക്കൊക്കെ പറ്റിക്കുമെന്ന് അറിയില്ലല്ലൊ. അന്നത്തെ ഊഷ്മളമായ ബന്ധങ്ങള്‍ ഇത്തരം പറ്റിക്കലുകള്‍ക്ക് ലൈസന്‍സുമായിരുന്നു. നമ്മളില്‍ ഒട്ടുമിക്കവരും ഒരിക്കലെങ്കിലും ഇത്തരത്തില്‍ പറ്റിക്കപ്പെട്ടിരിക്കാം.
ഏപ്രില്‍ ഫൂള്‍ ദിനത്തിന്റെ ആരംഭത്തെക്കുറിച്ച് പലകഥകളുണ്ട്. എന്നാല്‍ 1582-ല്‍ പോപ്പ് ഗ്രിഗറി പതിമൂന്നാമന്‍ ഗ്രിഗോറിയന്‍ കലണ്ടര്‍ അവതരിപ്പിച്ചപ്പോള്‍ മുതലാണ് ഈ രീതി ആരംഭിച്ചത് എന്നാണ് മിക്കവരും കരുതുന്നത്.
കാരണം ഈ കലണ്ടറിന്റെ വരവോടെ മിക്കവരും ജനുവരി ഒന്നിനെ വര്‍ഷാരംഭമായി കണ്ടുതുടങ്ങി. എന്നാല്‍ അക്കാലത്ത് ചിലര്‍ ഇത് അംഗീകരിക്കാന്‍ തയാറായില്ല. അവര്‍ ഏപ്രല്‍ ഒന്ന് പുതുവര്‍ഷമായി ആഘോഷിക്കുന്നത് തുടര്‍ന്നു.
പില്ക്കാലത്ത് മറ്റുള്ളവര്‍ ഇവരെ കളിയാക്കാന്‍ തുടങ്ങി. അങ്ങനെയാണ് "ഏപ്രില്‍ ഫൂള്‍സ് ഡേ' എന്നത് ആരംഭിച്ചത്. റൊമാനിയന്‍ ഉത്സവമായ ഹിലാരിയയില് നിന്നാണ് ഈ ആഘോഷം ഉണ്ടായതെന്നും ചിലര്‍ വിശ്വസിക്കുന്നുണ്ട്.
എന്തായാലും നമ്മുടെ നാട്ടിലും ഈ വിഡ്ഢിദിനം പ്രചാരം നേടി. അതുവരെ അതിരാവിലെ ഉണരാത്ത പലരും പറ്റിക്കാനായി അലാറം വച്ചുണരുകവരെ ചെയ്യുന്ന കാഴ്ച ഇവിടുണ്ടായി. എന്നാല്‍ ഇവരിൽ പലരും വാതില്‍ തുറക്കുമ്പോള്‍ വാതിലില്‍ ചാരി നിര്‍ത്തിയ വാഴ താഴേക്ക് വീണ് ഒന്ന് പേടിപ്പിക്കും.
വലിയ കിണറുകളില്‍ കല്ലെറിഞ്ഞശേഷം ഒളിച്ചിരുന്നു താന്‍ കിണറ്റില്‍ വീണെന്ന് നാട്ടുകാരെ തെറ്റിധരിപ്പിക്കുന്നവരും ഇന്നാട്ടിലുണ്ടായിരുന്നു. എന്തിനേറെ സ്ഥലം എസ്ഐ എന്ന ഭാവേനെ വിളിച്ച് കൂട്ടുകാരനെ വിരട്ടുന്നവരും സ്കൂൾ ഇടിഞ്ഞെന്ന് പരത്തുന്നവരുമൊക്കെ ഇന്നാട്ടിലുണ്ടായിരുന്നു.
നാട്ടിന്‍പുറങ്ങളായിരുന്നു ഈ ദിനം ഏറെ ആഘോഷിച്ചത്. പറ്റിക്കപ്പെട്ടവര്‍ ദേഷ്യപ്പെടുന്നതും അവരെ മുതിര്‍ന്നവര്‍ ആശ്വസിപ്പിക്കുന്നതുമൊക്കെ ഈ ദിനത്തിന്റെ കാഴ്ചകളാണ്.
എന്നാല്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഏപ്രില്ഫൂളിലും മാറ്റം സൃഷ്ടിച്ചിട്ടുണ്ട്. മൊബൈല്‍ ഫോണിന്റെ വരവ് ഇതില്‍ പ്രധാനപങ്ക് വഹിച്ചു. ഇപ്പോള്‍ തമാശക്കഥകള്‍ ധാരാളമായി മൊബൈലിലും സോഷ്യല്‍ മീഡിയയിലും കാണാനാകുന്നു.
പറ്റിക്കലുകള്‍ക്ക് ഒരു പ്രത്യേകദിനം ആവശ്യമില്ലെന്ന അവസ്ഥയാണ് നിലവില്‍. പ്രാങ്ക് വീഡിയോകള്‍ പറ്റിക്കലുകളുടെ പുതിയ രൂപമായി എത്തി. ചിലര്‍ പ്രാങ്കുകളെ വിമര്‍ശിക്കുമ്പോള്‍ ചിലര്‍ അത് ആസ്വദിക്കുന്നു.
ചിലര്‍ ഇപ്പോഴും അടുത്ത സൗഹൃദങ്ങളെ ചെറുതായി പറ്റിക്കുന്ന സംഭവങ്ങള്‍ മാത്രമാണ് കഴിഞ്ഞകുറേ കാലങ്ങളായി ഏപ്രില്‍ ഫൂളില്‍ കാണാനാകുന്നത്. എന്നിരുന്നാലും ആ ദിനത്തിനിപ്പോഴും തന്റെ പ്രാധാന്യം നിലനിര്‍ത്താനാകുന്നുണ്ട്.
കാരണം ഏപ്രില്‍ഫൂള്‍ വെറും പറ്റിക്കല്‍ അല്ല നമ്മുടെ ബന്ധങ്ങളുടെ ആഴവും എണ്ണവും നമ്മേ ബോധിപ്പിക്കുക കൂടിയാണ് ഈ ദിനം ചെയ്യുന്നത്.