വെള്ളത്തിനടിയില്‍ ശ്വാസമടക്കി 24 മിനിറ്റ്; ഗിന്നസ് റിക്കാര്‍ഡുമായി പൊങ്ങി ക്രൊയേഷ്യക്കാരൻ
Friday, March 31, 2023 4:11 PM IST
ജലാശയങ്ങള്‍ കാണുന്നതേ പലര്‍ക്കും പേടിയാണ്. പ്രത്യേകിച്ച് നീന്തലറിയാത്തവര്‍ക്ക്. കാരണം എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ്; സാധാരണ ഒരാള്‍ വെള്ളത്തിനടിയിലായാല്‍ രണ്ടോ മൂന്നോ മിനിറ്റ് അതിജീവിക്കും. പിന്നീട് ആളില്ലാതാകും.
എന്നാല്‍ എല്ലാവരുടെയും കാര്യത്തില്‍ ഇതങ്ങനെയാകണമെന്നില്ല. പല കാര്യങ്ങളിലും വേറിട്ട കഴിവുകളാല്‍ നമ്മളെ ഞെട്ടിക്കുന്ന മനുഷ്യര്‍ ഈ ഭൂമുഖത്തുണ്ട്. അത്തരത്തില്‍ ഒരാളാണ് ക്രൊയേഷ്യന്‍ ഫ്രീഡൈവര്‍ ബുഡിമിര്‍ ഷൊബത്ത്.
കാരണം കഴിഞ്ഞിടെ 24 മിനിറ്റും 37 നിമിഷവുമാണ് ഇദ്ദേഹം വെള്ളത്തിനടിയില്‍ നിലയുറപ്പിച്ചത്. മിക്ക പ്രൊഫഷണല്‍ അത്ലറ്റുകളും ഇത്തരം കാര്യങ്ങളില്‍ നിന്നും വിരമിക്കാറുള്ള പ്രായത്തിലാണ് ഇദ്ദേഹം ഇത്തരം മേഖലകളിലേക്കെത്തുന്നത്.
ഇദ്ദേഹം 2018 ഫെബ്രുവരിയില്‍, തന്റെ 48-ാം വയസിൽ വെള്ളത്തിനടിയില്‍ 24 മിനിറ്റും 11 സെക്കന്റും ചിലവഴിച്ചാണ് ആദ്യം റിക്കാര്‍ഡ് തീര്‍ത്തത്. പിന്നീട് 2021 മാര്‍ച്ച് 27ന് ഈ റിക്കാര്‍ഡ് തിരുത്തി.
24 മിനിറ്റും 37 സെക്കന്റും ഇദ്ദേഹം ജല നിമജ്ജനം ചെയ്തപ്പോള്‍ അറിഞ്ഞവരൊക്കെ ആകെ ഞെട്ടി. സാധാരണക്കാനായ ഒരാള്‍ക്ക് ചിന്തിക്കാന്‍ പോലും കഴിയാത്ത അദ്ഭുതമാണല്ലൊ അത്.
എന്നാല്‍ ക്രൊയേഷ്യന്‍ ജനതയ്ക്ക് അവബോധം സൃഷ്ടിക്കാനാണ് താന്‍ 2021ല്‍ വീണ്ടും റിക്കാര്‍ഡിനായി ഇറങ്ങിയതെന്ന് ഷൊബത്ത് പറയുന്നു. 2020 ഡിസംബറില്‍ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തെത്തുടര്‍ന്ന് ക്രൊയേഷ്യയില്‍ പലയിടങ്ങളും തകര്‍ന്നിരുന്നു. ഈ നേട്ടം ആളുകള്‍ക്ക് ഊര്‍ജം സമ്മാനിക്കുമെന്ന് ഇദ്ദേഹം കരുതുന്നു.
മാത്രമല്ല ഇദ്ദേഹത്തിന്റെ മകള്‍ സാഷയ്ക്ക് ഓട്ടിസം പ്രശ്നമുണ്ട്. അതിനാല്‍ ഇത്തരം കുട്ടികള്‍ക്കായി സംസാരിക്കാനും തനിക്കീ നേട്ടത്തിലൂടെ സാധിക്കുമെന്നും ബുഡിമിര്‍ ഷൊബത്ത് പറയുന്നു. ഏതായാലും വാര്‍ത്ത വൈറലാകുന്നതോടെ ഇദ്ദേഹം ലോകത്തിന്റെ പലകോണിലും ഒരു അമ്പരപ്പ് സൃഷ്ടിക്കുകയാണ്.