സോമന്റെ താമസം "സൈക്കിൾ വീട്ടിൽ'
കോട്ടൂർ സുനിൽ
Thursday, November 24, 2022 3:15 PM IST
സൈക്കിൾ ഒരു വീടാക്കി അതിൽ അന്തിയുറങ്ങുന്ന ഒരു വയോധികൻ. റോഡരികിൽ റബർമരങ്ങളുടെ തണലിനുതാഴെ സൈക്കിളിൽ കാട്ടുകമ്പുകളും മുളയും ഉപയോഗിച്ച് ടാർപ്പോളിൻ വലിച്ചുകെട്ടിയ കൂടാരത്തിലാണ് കാട്ടാക്കട ചാരുപാറ സ്വദേശിയായ സോമൻ കഴിയുന്നത്.
കൂലിപ്പണിക്കാരനായിരുന്നു സോമൻ. സോമൻ വർഷങ്ങളായി സ്വന്തം നാട്ടിൽ അഭയാർഥിയാണ്. കാളവണ്ടിക്കാരനായ കുട്ടന്റെയും മീനാക്ഷിയുടെയും നാലുമക്കളിൽ ഏറ്റവും ഇളയ ആളായ സോമൻ ബാല്യംമുതലേ അച്ഛനോടൊപ്പം ചില്ലറ പണികൾ ചെയ്താണ് ജീവിച്ചത്.
അന്നന്ന് കിട്ടുന്നത് അന്നത്തിന് പോലും തികയാതെ വന്നതോടെ നാലാം ക്ലാസിൽ പഠനം ഉപേക്ഷിച്ച് കോട്ടൂർ വനത്തിൽ വിറക് ശേഖരിക്കുന്നവർക്കൊപ്പം കൂടി.
വിറക് ശേഖരിച്ച് ഹോട്ടലുകൾക്കും മറ്റാവശ്യക്കാർക്കും വിൽക്കലായിരുന്നു ദീർഘനാൾ ജോലി. കുടുംബം ഭാഗംവച്ചപ്പോൾ 10 സെന്റ് ഭൂമി കിട്ടി. ഭാഗം പിരിഞ്ഞതോടെ സഹോദരങ്ങളും പലവഴിക്കായി.
സൈക്കിളിൽതന്നെ കിടക്കയൊരുക്കി ഈറ ഓലകൾ കൊണ്ട് മറയും തീർത്തു. പിന്നെ താമസവും തുടങ്ങി. നാട്ടുകാർ നൽകുന്ന സഹായമാണ് സോമന്റെ വരുമാനമാർഗം. പെൻഷൻ ഇല്ല. ഭക്ഷണം നൽകുന്നതും നാട്ടുകാർ തന്നെ.
സമയത്തിന് ഭക്ഷണം കിട്ടാതെ വലഞ്ഞിട്ടുണ്ടെന്നും ആഴ്ചകളോളം കോവിഡ് കാലത്ത് ഭക്ഷണമില്ലാതെ കഴിഞ്ഞുകൂടിയെന്നും സോമൻ പറഞ്ഞു. കഴിഞ്ഞ മഴക്കാലത്ത് പോലും സൈക്കിളിലാണ് സോമൻ കഴിഞ്ഞു കൂടിയത്.
സോമന്റെ അവസ്ഥ നാട്ടുകാർ കുറ്റിച്ചൽ പഞ്ചായത്തിനെ അറിയിച്ചെങ്കിലും അവർ തിരിഞ്ഞുനോക്കിയില്ലെന്ന് പരാതിയുണ്ട്. ഈ വയോധികന് സുരക്ഷിതമായൊരിടം കണ്ടെത്തി നൽകാൻ ബന്ധപ്പെട്ടവർ തയാറാകണമെന്ന് പരക്കെ ആവശ്യം ഉയർന്നിട്ടുണ്ട്.