സ്വർണ ബിസ്കറ്റ് മറന്നു വെക്കാനോ! അതിശയിക്കേണ്ട മറന്നു വെക്കുന്ന സാധനങ്ങൾ, ദിവസങ്ങൾ, സമയം എന്നിവയെല്ലാം വെളിപ്പെടുത്തി ഊബർ
Wednesday, April 9, 2025 2:33 PM IST
എവിടെയെങ്കിലും പോകുന്പോൾ അവിടെ കയ്യിലുള്ള സാധനങ്ങൾ മറന്നു വെയ്ക്കുന്നത് സ്വാഭാവികമാണ്. ചിലപ്പോൾ, അത് ബസിലോ, ഓട്ടോയിലോ,ഹോട്ടലിലോ ഒക്കെയാകാം. യാത്രക്കാർ ഊബർ ടാക്സികളിൽ മറന്നു വെയ്ക്കാറുള്ള സാധനങ്ങളുടെ ലിസ്റ്റുമായി എത്തിയിരിക്കുകയാണ് ഊബർ.
അവർ വെളിപ്പെടുത്തിയ ലിസ്റ്റിലെ സാധനങ്ങളുടെ പേരുകൾ സ്വർണ ബിസ്കറ്റ്, വിവാഹ സാരി, പാചക സ്റ്റൗ തുടങ്ങിയവയാണ്. ഒന്പതാമത് ലോസ്റ്റ് ആൻഡ് ഫൗണ്ട് ഇൻഡെക്സിലാണ് ഊബറിന്റെ പട്ടിക പുറത്തു വന്നിരിക്കുന്നത്.
ഏറ്റവുമധികം മറന്നു വെയ്ക്കുന്ന സാധനങ്ങളുടെ പട്ടികയും ഉണ്ട്. അതിൽ ബാഗ്, ഇയർഫോൺ, ഹെഡ്ഫോൺ, സ്പീക്കർ, ഫോൺ, പേഴ്സ്, കണ്ണട, താക്കോൽ, വസ്ത്രം, ലാപ്ടോപ്പ്, വെള്ളക്കുപ്പി, പാസ്പോർട്ട് തുടങ്ങിയവയാണുള്ളത്. ഇതൊക്കെ എല്ലാവരും പൊതുവായി കൊണ്ടു നടക്കുന്ന വസ്തുക്കളല്ലേ.
ഇനി അത്ര പൊതുവല്ലാത്ത കുറച്ചു സാധനങ്ങൾ ഏതൊക്കെയാണെന്നു നോക്കാം. പശു നെയ്യ്, വീൽചെയർ, ഓടക്കുഴൽ, വിഗ്, ഗ്യാസ് ബർണർ, സ്റ്റൗ, വിവാഹ സാരി, സ്വർണ ബിസ്കറ്റ്, ടെലിസ്കോപ്പ്, അൾട്രാസോണിക് ഡോഗ് ബാർക്കിംഗ് കൺട്രോൾ ഡിവൈസ് തുടങ്ങിയവയാണ് ആ ലിസ്റ്റിലുള്ളത്.
ആളുകൾ സാധനങ്ങൾ ഏറ്റവുമധികം മറക്കുന്ന നഗരങ്ങളെയും പട്ടികപ്പെടുത്തിയിട്ടുണ്ട്. മുംബൈ, ഡെൽഹി, പൂനെ, ബംഗളുരു, കൊൽക്കത്ത എന്നിവയാണ് ഇടംപിടിച്ചിരിക്കുന്നത്. ഏറ്റവും അധികം സാധനങ്ങൾ മറന്നു വെച്ച ദിവസങ്ങളും ഇവർ പറഞ്ഞിട്ടുണ്ട്. അതിൽ ഓഗസ്റ്റ് മൂന്ന് ശനിയാഴ്ച ശിവരാത്രി, സെപ്റ്റംബർ 28 ശനിയാഴ്ച, മെയ് 10 വെള്ളിയാഴ്ച അക്ഷയ ത്രിതീയ തുടങ്ങിയ ദിവസങ്ങളിലാണ് ഏറെയും മറവി സംഭവിച്ചത്.
പൊതുവേ, വെള്ളി, ശനി, ഞായർ ദിവസങ്ങളിൽ വൈകുന്നേരം ആറ് മണി, ഏഴ് മണി, എട്ട് മണി നേരത്താണ് ഏറ്റവും അധികം മറവി സംഭവിക്കുന്നതെന്നം അവരുടെ റിപ്പോർട്ട് പറയുന്നു.