എത്രമേൽ കൊതിച്ചാലും തിരികെ കിട്ടാത്തത്..!
വിനീത ശേഖർ
Monday, April 7, 2025 12:12 PM IST
എത്ര ഓടിയാലും കിതച്ചു തളരാത്ത ഒരു ബാല്യമുണ്ടായിരുന്നു എല്ലാവർക്കും. ഇനിയെത്രമേൽ കൊതിച്ചാലും തിരികെ കിട്ടാത്ത നാളുകൾ. ബാല്യത്തെക്കുറിച്ച് ഓർക്കുമ്പോൾ ഒരുപാട് അപരിചിത കഥാപാത്രങ്ങൾ എവിടെയൊക്കെയോ ഒളിച്ചിരിക്കുന്നതുപോലെ തോന്നും.
എന്റെ വീടിന്റെ തൊട്ടടുത്ത് ദേവീക്ഷേത്രം ഉണ്ട്. അതിനോടുചേർന്ന് സാമാന്യം വലിയൊരു യക്ഷിക്കാവും. രാവിലെ സ്കൂളിൽ പോകുന്നതും സ്കൂൾ വിട്ട് തിരികെവരുന്നതും അമ്പലമുറ്റത്തുകൂടി. യക്ഷിക്കാവും യക്ഷിയമ്മയുടെ നടയും അടുക്കുമ്പോൾ ഹൃദയം പടപടാ മിടിക്കും. പിന്നെ തല കുമ്പിട്ട് സ്പീഡിൽ ഒറ്റ നടത്തമാണ്. അങ്ങോട്ട് അബദ്ധത്തിൽപോലും നോക്കാതിരിക്കാൻ പരമാവധി ശ്രദ്ധിച്ച്.
എല്ലാ യക്ഷിക്കാവിനോടു ചേർന്നും ഇലഞ്ഞി മരമോ പാലമരമോ കാണും. ഞങ്ങളുടെ അമ്പലപ്പറമ്പിലും ഉണ്ടായിരുന്നു വലിയൊരു ഇലഞ്ഞി മരം. അതിൽ നിറയെ ഇലഞ്ഞിപ്പൂക്കളും കായ്കളും. അതിന്റെ കായ്കൾ ഇലഞ്ഞിമരത്തിനു ചുറ്റും പരവതാനി വിരിച്ചപോലെ കിടക്കും. സ്കൂൾ ഇടവേളകളിൽ കുട്ടികളെല്ലാം അവിടെ കിടക്കുന്ന ഇലഞ്ഞി കായ്കൾ എടുത്തു കഴിക്കുന്നത് പതിവുകാഴ്ചയായിരുന്നു.
വീടിന്റെ പിറകുവശത്തു തഴച്ചുവളർന്നു നിൽക്കുന്ന കാപ്പിച്ചെടികളിൽ കായ്കൾ പഴുത്തു പാകമാകുമ്പോൾ മുത്തശ്ശൻ അവ പൊട്ടിച്ചെടുത്തു കുട്ടകളിലാക്കി നല്ല വെയില് കിട്ടുന്ന സ്ഥലത്തു തഴപ്പായ വിരിച്ച് അതിൽ നിരത്തിയിടുമായിരുന്നു. ഉണങ്ങി പാകമായ കാപ്പിക്കുരു വീട്ടിലെ സ്ത്രീകൾ എല്ലാവരും ചേർന്ന് ഉരലിൽ വലിയ ശബ്ദത്തോടെ ഇടിച്ചെടുക്കും. അപ്പോൾ അവിടെമെല്ലാം സുഗന്ധപൂരിതമാകും. ചില ദിവസങ്ങളിൽ രാവിലെ ഉണർന്ന് വീടിന്റെ വടക്കുവശത്ത് ചെല്ലുമ്പോൾ അവിടെ കല്ലടുപ്പിൽ വലിയ കുട്ടകത്തിൽ പുഴുങ്ങുന്ന നെല്ലിന്റെ സുഖകരമായ മണം പരന്നിരിക്കും.
ഒരുപാട് കഥകൾ കേട്ടു വളർന്ന ഒരു ബാല്യം. കുട്ടിക്കാലത്ത് കഥകൾ പറഞ്ഞുതരാൻ വീട്ടിൽ ആളുണ്ടായിരുന്നു. വേനലവധിക്ക് എന്റെ വലിയമ്മാവനും ഇളയ കുഞ്ഞമ്മയും ചിറ്റയും ഊഴമിട്ട് അവർ കണ്ടിട്ടുള്ള ചിത്രങ്ങളിലെ കഥകൾ ഒക്കെയും ഞങ്ങൾക്കു പറഞ്ഞുതരുമായിരുന്നു. അപ്പോൾ ഓരോ കഥാപാത്രങ്ങളായി അവർ മാറുന്നതു അദ്ഭുതത്തോടെ ഞാൻ നോക്കിയിരുന്നിട്ടുണ്ട്. അതൊക്കെ ഒരു സ്വപ്നം മാത്രമായിരിക്കും ഇന്നത്തെ തലമുറയ്ക്ക്.