ഐടിഐകളിൽ ഇറച്ചിവെട്ട് പഠിപ്പിക്കരുതോ..?
Saturday, April 5, 2025 2:21 PM IST
കേരളത്തിലെ ഐടിഐകളിൽ അനവധി ട്രേഡുകൾ നിർത്തലാക്കുന്നു എന്ന റിപ്പോർട്ട് കണ്ടു. തൊഴിൽ കമ്പോളത്തിൽ ആവശ്യമില്ലാത്ത കോഴ്സുകൾ നിർത്തുന്നത് നല്ല കാര്യമാണ്. മൂന്നോ അഞ്ചോ വർഷം കൂടുന്പോൾ ഇത്തരത്തിലുള്ള ഒരവലോകനം നടത്തുന്നത് തൊഴിൽ കമ്പോളത്തിനും തൊഴിൽ പരിശീലന സ്ഥാപനത്തിനും ഗുണകരമാകും.
കേരളത്തിൽ അനവധി ഐടിഐകൾ ഉണ്ടെങ്കിലും കേരളത്തിൽ തൊഴിലാളികൾ ചെയ്യുന്ന പല തൊഴിലുകളിലും വേണ്ടത്ര പ്രഫഷണൽ പരിശീലനം കൊടുക്കാൻ സ്ഥാപനങ്ങളില്ലെന്നു തോന്നിയിട്ടുണ്ട്. ഉദാഹരണത്തിന് ഇറച്ചി വെട്ടുന്ന തൊഴിൽ എടുക്കാം. കേരളത്തിൽ ആയിരക്കണക്കിന് ഇറച്ചിവെട്ടുകാർ ഉണ്ട്. പക്ഷേ, കേരളത്തിൽ പ്രഫഷണൽ ആയി പരിശീലിപ്പിക്കപ്പെട്ട എത്ര ഇറച്ചിവെട്ടുകാർ ഉണ്ട്?
ഇറച്ചി വെട്ടുന്നതിന് പ്രഫഷണൽ പരിശീലനം എന്തിനെന്നു ചോദിച്ചേക്കാം. വേണമെന്നാണ് ഉത്തരം. ഇറച്ചി വെട്ടുന്ന ആളുടെ സുരക്ഷ മുതൽ വെട്ടുന്ന ഇറച്ചിയുടെ ഗുണം, വൃത്തി, ഇറച്ചി വെട്ടുന്ന സ്ഥലം എങ്ങനെ പരിപാലിക്കാം, തൊഴിലിന് ഉപയോഗികുന്ന ഉപകരണങ്ങൾ, വിവിധതരം മൃഗങ്ങൾ, വിവിധതരം ഇറച്ചിയുടെ കട്ടുകൾ, കൊല്ലപ്പെടുന്ന മൃഗത്തെ എങ്ങനെ കൈകാര്യം ചെയ്യണം എന്നിങ്ങനെ അനവധി കാര്യങ്ങൾ.
ജർമനിയിൽ മൂന്നു വർഷത്തെ പരിശീലനവും അപ്രന്റീസ്ഷിപ്പും കഴിയുമ്പോഴാണ് ഇറച്ചി വെട്ടാനുള്ള ലൈസൻസ് ലഭിക്കുന്നത്. ലൈസൻസ് ഉള്ളവർക്ക് മാത്രമാണ് തൊഴിൽ ചെയ്യാൻ സാധിക്കുന്നത്. ജർമനിയിൽ ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങളിൽ ഈ തൊഴിലിന് വലിയ ഡിമാൻഡ് ഉണ്ട്. കേരളത്തിൽനിന്ന് ഈ വർഷം ആറു കുട്ടികൾ പരിശീലനത്തിന് അവിടെ ചേർന്നിട്ടുണ്ട്.
ഇറച്ചി വെട്ട് മാത്രമല്ല, കരിമരുന്ന് പ്രയോഗം, പുല്ലു വെട്ടൽ, കിണർ വൃത്തിയാക്കൽ, മരം വെട്ട്, റോഡ് പണി, തിരുമ്മുകേന്ദ്രത്തിലെ ജോലി... ഇങ്ങനെ ഓരോ തൊഴിലും കൃത്യമായി പരിശീലിപ്പിക്കപ്പെടേണ്ടതാണ്. പരിശീലനവും ലൈസൻസും ഇൻഷ്വറൻസും ഉള്ളവർക്ക് മാത്രമേ ഏതു തൊഴിലും ചെയ്യാൻ സാധിക്കു എന്ന നിയമം വരണം. പരിശീലനം ലഭിച്ച തൊഴിലാളിക്ക് തൊഴിലിനിടെ അപകടം സംഭവിച്ചാൽ അയാളുടെ ആരോഗ്യ സംരക്ഷണവും തൊഴിൽ നഷ്ടവും കവർ ചെയ്യാൻ ഇൻഷ്വറൻസ് ഉണ്ടാകും.
ചില സാഹചര്യങ്ങളിൽ ഒരു തൊഴിലാളി നമ്മുടെ വീട്ടിൽ വന്നു തൊഴിൽ ചെയ്തു നമ്മുടെ വീടിന് അറിഞ്ഞോ അറിയാതെയോ ഉണ്ടാക്കുന്ന നഷ്ടം നികത്താനും തൊഴിലാളിയുടെ പ്രഫഷണൽ ഇൻഷ്വറൻസ് ബാധ്യസ്ഥമാണ്.
പരിശീലനം ലഭിക്കുന്നവർ ആധുനികമായ ഉപകരണങ്ങൾ ഉപയോഗിച്ചാകും തൊഴിൽ ചെയ്യുക. ഇതുവഴി പ്രൊഡക്ടിവിറ്റി കൂടും, ശമ്പളം ഇരട്ടിയാകും, തൊഴിലിന്റെ മാന്യതയെപ്പറ്റിയുള്ള നമ്മുടെ സങ്കൽപങ്ങൾ മാറും.
ആധുനിക യന്ത്രങ്ങൾ തൊഴിലുകൾ ഏറെ എളുപ്പമാക്കുകയാണ്. "ചുമട്ടു തൊഴിലാളി’ എന്നൊരു തൊഴിൽ ഇന്ന് ആവശ്യമില്ലാത്തതാണ്. പകരം അവരെ ചുമടിറക്കാനുള്ള യന്ത്രങ്ങളിൽ പരിശീലിപ്പിച്ചാൽ തൊഴിൽ നേരത്തെ തീർക്കാം. തൊഴിലാളികൾക്ക് ആരോഗ്യപ്രശ്നമോ അപകടമോ ഉണ്ടാകില്ല. കൂടുതൽ ശമ്പളവും കിട്ടും. ഇതൊക്കെയാണ് നാളത്തെ തൊഴിൽ ലോകം. അതിനാണ് നമ്മൾ തയാറെടുക്കേണ്ടത്. അതിനുള്ള പരിശീലനക്കളരികൾ ആയി ഐടിഐകൾ മാറണം.