10 ഗ്രാമിന് 85 ലക്ഷം രൂപ; എന്റമ്മോ സ്വർണത്തേക്കാൾ വിലയേറിയ മരം
Saturday, March 29, 2025 4:54 PM IST
ലോകത്തിലെ ഏറ്റവും വിലയേറിയതെന്താണ്? ഈ ചോദ്യത്തിന് ഉത്തരമായി വജ്രം, സ്വർണം, പ്ലാറ്റിനം ഇങ്ങനെ പോകുമല്ലേ ഉത്തരം. എന്നാൽ ഇവയെയൊക്കെ മറികടക്കുന്ന വിലയുള്ള ഒന്നുണ്ട് ഒരു മരം. ദൈവങ്ങളുടെ മരം എന്നറിയപ്പെടുന്ന കൈനം. കേരളത്തിൽ അകിൽ, ഊദ് എന്നൊക്കെ അറിയപ്പെടുന്ന മരമാണിത്. അഗർ വുഡ് വിഭാഗത്തിൽപ്പെടുന്നതാണീ മരം.
ഈ മരത്തിന് സുഗന്ധദ്രവ്യ വിപണിയിലാണ് ഏറെ ഡിമാൻഡ്. ഇതിന്റെ സുഗന്ധം തന്നെയാണിതിനു കാരണം. തെക്കുകിഴക്കൻ ഏഷ്യ, ഇന്ത്യ, ചൈന, മിഡിൽ ഈസ്റ്റ് എന്നിവിടങ്ങളിലാണ് ഇത് കാണപ്പെടുന്നത്.
കൈനം എന്ന വിഭാത്തിനാണ് ഏറെ സുഗന്ധമുള്ളത്. മാത്രവുമല്ല ലഭ്യമാകാൻ ഏറെ പ്രയാസമുള്ളതും ഈ ഇനമാണ്. അതാണ് ഈ മരത്തെ ഇത്രയധികം മൂല്യമുള്ളതാക്കുന്നത്.
വെറും 10 ഗ്രാം കൈനാമിന് 85.63 ലക്ഷം രൂപ (ഏകദേശം $103,000) വില ലഭിക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പിന്നെങ്ങനെ ഇത് ലോകത്തിലെ ഏറ്റവും വിലയേറിയ പ്രകൃതിദത്ത വസ്തു ആകാതിരിക്കുമല്ലേ. ഏകദേശം 1 കിലോ സ്വർണ്ണത്തിന് തുല്യമായ വിലയാണിത്. ഏകദേശം 600 വർഷം പഴക്കമുള്ള കൈനാമിന്റെ 16 കിലോഗ്രാം ഭാരമുള്ള ഒരു കഷണം 171 കോടി രൂപയ്ക്ക് (20.5 മില്യൺ ഡോളർ) വിറ്റഴിച്ചതിലൂടെ, ഈ അസാധാരണ പ്രകൃതിദത്ത വസ്തുവിന്റെ അപൂർവ്വതയും ആഢംബരവും വീണ്ടും വീണ്ടും അടിവരയിടുകയാണ്.
ഈ മരത്തിന് ഇത്രയേറെ വില ഉയരാന്‍ കാരണം അതിന്റെ പ്രത്യേകത തന്നെയാണ്. ഒരു പ്രത്യേക തരം പൂപ്പല്‍ ബാധയ്ക്കുന്പോഴാണ് മരം സ്വഭാവികമായി ഇരുണ്ടതും സുഗന്ധമുള്ളതുമായ ഒരു റെസിന്‍ ഉത്പാദിപ്പിക്കുന്നത്.
ഇത് മരത്തെ അസാധാരണമായ സുഗന്ധമുള്ളതാക്കി തീർക്കും. ഇത് പെട്ടന്നു സംഭവിക്കുന്ന ഒന്നല്ല. ഏറെ വർഷങ്ങളെടുത്ത് ചെയ്യുന്ന പ്രക്രിയയാണ്. മരത്തിന്റെ എല്ലാ ഭാഗത്തു നിന്നും റെസിൻ വരില്ലെന്നതാണ് മറ്റൊരു പ്രത്യേകത. മരത്തിന്റെ ഒരു വശത്ത് നിന്ന് മാത്രമേ ഈ റെസിന്‍ ഉത്പാദിപ്പിക്കുകയുള്ളു.
ഗൾഫ് നാടുകളിലാണ് മരത്തിന് ആവശ്യക്കാർ കൂടുതൽ. അവിടെ വീടുകളിൽ അതിഥികൾ വരുന്പോൾ അവരെ സ്വീകരിക്കാൻ ഈ മരത്തിന്റെ ചെറിയ കഷ്ണം പുകയ്ക്കാറുണ്ട്. കാരണം ഇതിന്റെ സുഗന്ധം അത്രയ്ക്ക് ആസ്വാദ്യകരമാണ്.