17 വർഷത്തെ കാത്തിരിപ്പ് ആറു വയസുകാരൻ തിരികെയെത്തി
Friday, March 28, 2025 11:22 AM IST
ഡൽഹിയിലെ തന്റെ വീട്ടിൽ നിന്നും മിഠായി വാങ്ങിക്കാനായി ഇറങ്ങിയതായിരുന്നു ആരിഫ് എന്ന ആറു വയസുകാരൻ. പക്ഷേ, അവനു വഴി തെറ്റി. എങ്ങോട്ടോ പോയി. 2008 ലായിരുന്നു സംഭവം നടന്നത്. വീട്ടുകാരെല്ലാം അന്വേഷിച്ചു. പക്ഷേ, അവനെ കണ്ടെത്താനായില്ല. കുടുംബത്തിന്റെ നീണ്ട 17 വർഷത്തെ കാത്തിരിപ്പിനു ശേഷം 23ാം വയസിൽ വീട്ടിലേക്കു മടങ്ങിയെത്തിയിരിക്കുകയാണ് അവൻ.
അന്നത്തെ ദിവസത്തെ ആരിഫ് ഓർത്തെടുക്കുന്നത് ഇങ്ങനെയാണ്. "ഞാൻ കടയിൽ നിന്ന് ഇറങ്ങുമ്പോൾ, സമീപത്ത് താമസിക്കുന്ന ഒരാൾ നടന്നു പോകുന്നത് കണ്ടു. അയാൾ വീട്ടിലേക്ക് പോകുകയാണെന്ന് കരുതി ഞാൻ പിന്തുടർന്നു. പക്ഷേ പെട്ടെന്ന് ആ മനുഷ്യൻ ഒരു വാഹനത്തിൽ കയറി പോയി. അപ്പോഴേക്കും ഞാൻ വീട്ടിലേക്കുള്ള വഴിയിൽ നിന്നും വളരെ അകലെയായിരുന്നു, തിരിച്ചു പോകാനുള്ള വഴി അറിയില്ലായിരുന്നു.'
ഒടുവിൽ ഗുരുഗ്രാമിൽ എത്തിയപ്പോൾ ചില കോളേജ് വിദ്യാർഥികൾ ആരിഫിനെ കണ്ടു. അവർ പോലീസിൽ അറിയിച്ചു.പിന്നീട് വിവിധ അനാഥാലയങ്ങളിലും ശിശുസംരക്ഷണ സ്ഥാപനങ്ങളിലുമായിരുന്നു ആരിഫ് താമസിച്ചിരുന്നത്.
കാണാതായതിനുശേഷം കുറച്ച് വർഷത്തേക്ക്, എന്റെ മാതാപിതാക്കളുമായി വീണ്ടും ഒന്നിക്കുമെന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നു. പക്ഷേ, അത് പതുക്കെ അത് മങ്ങിത്തുടങ്ങി. മാതാപിതാക്കളാകട്ടെ ആരിഫിനെ അന്വേഷിച്ച് പല സംസ്ഥാനങ്ങളിലും സഞ്ചരിച്ച് വിവിധ ചൈൽഡ് കെയർ ഹോമുകളിൽ എത്തി. ഒടുവിൽ, മാർച്ച് 24 ന്, ആരിഫിനെ കണ്ടെത്തിയതായി അവർക്ക് ഒരു ഫോൺ കോൾ ലഭിച്ചു. "അവൻ ഫരീദാബാദിൽ ജോലി ചെയ്യുകയായിരുന്നു... ഞങ്ങൾ രണ്ടുപേരും ഹരിയാനയിലേക്ക് ഓടി, ഒടുവിൽ ഞങ്ങളുടെ മകനെ വീണ്ടും കണ്ടു," ആരിഫിന്റെ അമ്മ അഫ്ഷാന പറയുന്നു.
നിലവിൽ സോനിപഥിലെ ഒരു കോളേജിൽ നിന്ന് ബാച്ചിലർ ഓഫ് ആർട്സ് ബിരുദം നേടാനൊരുങ്ങുകയാണ് ആരിഫ്. റെയിൽവേയിൽ ജോലി നേടണമെന്നാണ് ആരിഫിന്റെ ആഗ്രഹം. അദ്ദേഹത്തിനു നാല് ഇളയ സഹോദരങ്ങളുണ്ട്, അവരിൽ ഒരാൾ വിവാഹിതനാണ്.