അന്പന്പോ കിലോയ്ക്ക് 40,000 രൂപ! ഈ കൂൺ അത്രയ്ക്ക് അടിപൊളിയാണോ?
Tuesday, March 25, 2025 4:36 PM IST
മനോഹരമായ ഹിമാലയൻ പർവതനിരകളിൽ ഒളിഞ്ഞിരിക്കുന്ന അപൂർവവും രുചികരവുമായ ഒരു ഫംഗസാണ് ഗുച്ചി കൂൺ. തേനീച്ച കൂടുപോലെ (ഹണികോന്പ്) ഉള്ള സവിഷേക്ഷമായ ഘടനയ്ക്കും പരിപ്പിനു സമാനമായ രുചിക്കും പേരുകേട്ട ഈ കൂണിന്റെ വിലയും കേൾക്കേണ്ടതാണ്. കിലോഗ്രാമിന് 40,000 രൂപ വരെ വില. ഈ കൂൺ ഇത്ര വിലയേറിയതായിരിക്കുന്നത് എന്തുകൊണ്ടാണ്? ഉത്തരം അതിന്റെ അപൂർവതയും അത് കണ്ടെത്തുന്നതിലെ ബുദ്ധിമുട്ടികളുമാണ്.
ഫാമുകളിൽ വളർത്താൻ കഴിയുന്ന സാധാരണ കൂണുകളിൽ നിന്ന് വ്യത്യസ്തമാണിവ. ഗുച്ചി കൂൺ (ശാസ്ത്രീയ നാമം: മോർചെല്ല എസ്കുലെന്റ) കാട്ടിൽ മാത്രമേ ഇവ വളരുകയുള്ളൂ. മഞ്ഞ് ഉരുകിയതിനുശേഷവും, പലപ്പോഴും കാട്ടുതീക്ക് ശേഷവുമാണ് ഇവ പ്രത്യക്ഷപ്പെടുന്നത്. ഇക്കാരണം കൊണ്ട് അവ കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ്. ഈ കൂണുകൾ പ്രധാനമായും ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് വളരുന്നത്. തണുത്തതും പരുക്കനുമായ പാതകളിലൂടെ പർവത പ്രദേശങ്ങളിലെ വനങ്ങളിലൂടെ ട്രക്കിംഗ് നടത്തി പ്രാദേശിക ഗ്രാമീണർ ആഴ്ചകളോളം അവയെ തിരയാറുണ്ട്.
ഭക്ഷണത്തിനായി ഗുച്ചി കൂണുകൾക്കായി തേടുന്നത് എളുപ്പമല്ല. കുത്തനെയുള്ളതും അപകടകരവുമായ പ്രദേശങ്ങളിലൂടെ കയറിയിറങ്ങി ഇലകളുടെ കൂമ്പാരങ്ങൾക്കടിയിലും മറ്റും ഇവയെ തിരയേണ്ടി വരും. വസന്തകാലത്ത് ഏതാനും ആഴ്ചകൾ മാത്രമേ കൂൺ പ്രത്യക്ഷപ്പെടുകയുള്ളൂ. ഉണ്ടായാൽ തന്നെ അവ വളരുമോ ഇല്ലയോ എന്നത് പൂർണ്ണമായും പ്രകൃതിയെ ആശ്രയിച്ചിരിക്കുന്നു. വളരെയധികം മഴയോ ആവശ്യത്തിന് ഈർപ്പമോ ഇല്ലെങ്കിൽ കൂൺ വളരില്ല.
കൂൾ ശേഖരിക്കുക എന്ന ജോലിയും അപകട സാധ്യതയുള്ളതാണ് പുള്ളിപ്പുലികൾ, ഹിമാലയൻ കരടികൾ തുടങ്ങിയ വന്യമൃഗങ്ങളെ പലപ്പോഴും കൂൺ തേടിയുള്ള യാത്രയിൽ കണ്ടുമുട്ടേണ്ടിവരും. കൂടാതെ, പലരും ഒരേ സമയം ഈ കൂണുകൾക്കായി തിരയുന്നതും മത്സരത്തിനു കാരണാമാകും. ഇനി കൂൺ കണ്ടെത്തിക്കഴിഞ്ഞാലോ, അവയെ ശ്രദ്ധാപൂർവ്വം പറിച്ചെടുത്ത് ദിവസങ്ങളോളം വെയിലത്ത് ഉണക്കണം. അങ്ങനെയാണ് അവയെ പുതുമയുള്ളതും രുചികരവുമായി നിലനിർത്തുന്നത്.
ഗുച്ചി കൂണുകൊണ്ടുള്ള വിഭവങ്ങൾ ഏറെ രുചികരമാണ്. അവയുടെ ശക്തമായ, മണ്ണിന്റെ രുചി തന്നെയാണ് അവയെ സവിശേഷമാക്കുന്നത്. ലളിതമായ പാസ്തകളും റിസോട്ടോകളും മുതൽ കറികളും സ്റ്റ്യൂകളും വരെ ഇവകൊണ്ടുണ്ടാക്കാം . അവയുടെ ഘടന മൃദുവായതും എന്നാൽ ഉറച്ചതുമാണ് ഇത് കൂടുതൽ ആസ്വാദ്യകരമാക്കുന്നു. പക്ഷേ, വളരെ വിലകൂടിയ വിഭവമായതിനാൽ, അവ പലപ്പോഴും പ്രത്യേക അവസരങ്ങളിലോ ആഢംബര റസ്റ്റന്റുകളിലോ ലഭിക്കുകയുള്ളു.
വളരെ അപൂർവമായി ഉണ്ടാകുന്നു കണ്ടെത്താൻ വളരെ പ്രയാസമുള്ള വിഭവമാണിത്. ഇവ വിളവെടുക്കാൻ ധാരാളം സമയം വേണം. നല്ല പരിശ്രമം വേണം. മാത്രവുമല്ല അപകടസാധ്യതയേറെയുള്ള പണിയുമാണ് എന്നിങ്ങനെയുള്ള കാര്യങ്ങളാണ് ഈ കൂണിനെ വിലയുള്ളതാക്കുന്നത്.
ലോകമെമ്പാടുമുള്ള പാചകക്കാരും ഭക്ഷണപ്രേമികളും ഇവയെ അവയുടെ തനതായ രുചി മൂലമാണ് ഏറെ ഇഷ്ടപ്പെടുന്നത്. പരമ്പരാഗത വൈദ്യശാസ്ത്രത്തിലും ഇവ ഉപയോഗിക്കുന്നുണ്ട്. ഇതും അവയുടെ ഡിമാൻഡ് വർധിപ്പിക്കുന്ന കാര്യമാണ്. മാത്രവുമല്ല, ഗുച്ചി കൂണുകൾ ഹിമാലയൻ സമൂഹങ്ങളുടെ വരുമാന മാർഗം കൂടിയാണ്.