നായ്ക്കളെ എനിക്കും ഇഷ്ടമാണ്... പക്ഷേ, ഇങ്ങനെയല്ല അവയെ സ്നേഹിക്കേണ്ടത്
Saturday, March 22, 2025 4:03 PM IST
എനിക്കും നായ്ക്കളെ ഇഷ്ടമാണ്. നായ്ക്കളോട് യഥാർഥത്തിൽ സ്നേഹമുള്ളവർ കുറച്ചു കൂടി ഉത്തരവാദിത്വത്തോടെ പെരുമാറണം. തെരുവു നായ്ക്കൾക്കു ഭക്ഷണം നൽകുന്നവരെ രൂക്ഷമായി വിമർശിച്ചുകൊണ്ടുള്ള ഒരു സമൂഹമാധ്യമ പോസ്റ്റ് വൈറലാണ്.
റെഡിറ്റിലാണ് പോസ്റ്റ് വന്നിരിക്കുന്നത്. പഫ്കോൺസ് എന്ന പേരിലുള്ള ഉപഭോക്താവാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. തെരുവു നായ്ക്കളെ ദത്തെടുക്കാൻ ആഗ്രഹിക്കാത്തവർ അവയ്ക്ക് ഭക്ഷണം നൽകേണ്ടെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.
അദ്ദേഹത്തിനുണ്ടായ ഒരു ദുരനുഭവമാണ് ഈ അഭിപ്രായത്തിനു പിന്നിൽ. അദ്ദേഹത്തിന്റെ അയൽക്കാരന് തെരുവുനായ്ക്കളോട് വലിയ കാര്യമാണ് അയാൾ എന്നും തെരുവു നായ്ക്കൾക്ക് റോഡരികിൽ ഭക്ഷണം നൽകും. എന്നും ഭക്ഷണം കിട്ടാൻ തുടങ്ങിയതോടെ അവയെല്ലാം അവിടെ സ്ഥിരതാമസമാക്കി. പക്ഷേ, അതിന്റെ ദോഷം നേരിട്ടതോ പോസ്റ്റ് ഇട്ടയാളുടെ വീട്ടിലെ ജോലിക്കാരനും. കൂടാതെ ഡെലിവറിക്കായി എത്തുന്ന ആളുകൾക്കും നായയുടെ ആക്രമണം നേരിട്ടു.
നായ്ക്കളോട് സ്നേഹവും കരുതലുമുള്ളവർ പൊതുസ്ഥലത്ത് ഇവയ്ക്ക് ഭക്ഷണം കൊടുത്തു വളർത്തി സമൂഹത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നതിലും നല്ലത് അവയെ ദത്തെടുത്തു വളർത്തുന്നതല്ലേ എന്നാണ് ഇദ്ദേഹത്തിന്റെ ചോദ്യം. ഇദ്ദേഹത്തിന്റെ അഭിപ്രായത്തോട് അനുയോജിച്ചും വിയോജിച്ചും നിരവധി കമന്റുകളും പോസ്റ്റിനു വരുന്നുണ്ട്.