ഒരു പാമ്പിനെ പിടിക്കാൻ എത്ര ആൾ വേണം..?
Friday, March 21, 2025 12:40 PM IST
ഒരു പാമ്പിനെ പിടിക്കാൻ സാധാരണഗതിയിൽ രണ്ടു പേരാണു വേണ്ടത്. പാന്പിനെ പിടിക്കാൻ ഒരാളും (കാച്ചർ) നിരീക്ഷകനായി (സ്പോട്ടർ) മറ്റൊരാളും. പാമ്പിൽനിന്നു സുരക്ഷിതമായ ദൂരത്തിലും പാമ്പിരിക്കുന്ന സ്ഥലം കൃത്യമായി കാണാവുന്ന വിധത്തിലുമായിരിക്കണം നിരീക്ഷകൻ. ഇയാൾ പാമ്പുകടിക്കുള്ള പ്രഥമശുശ്രൂഷയിൽ പരിശീലനം ലഭിച്ച ആളുമായിരിക്കണം. പ്രഥമശുശ്രൂഷ കിറ്റ് ഇയാളുടെ അടുത്തുണ്ടാവണം. പാമ്പ് പിടിക്കുന്ന ആളുടെ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഇദ്ദേഹത്തിന്റെ ജോലി.
സ്വന്തം സുരക്ഷ ഉറപ്പാക്കി, പരമാവധി സുരക്ഷിതമായി പാമ്പിനെ പിടിക്കുക എന്നതാണ് ‘കാച്ചറു’ടെ ഉത്തരവാദിത്വം. പാമ്പിൽനിന്നു കടിയേൽക്കാതിരിക്കാനുള്ള വ്യക്തിസുരക്ഷാ ഉപകരണങ്ങൾ ഇയാൾ ധരിച്ചിരിക്കണം. പാമ്പിനെ പിടിക്കാനുള്ള കൃത്യമായ ഉപകരണങ്ങൾ കൈയിൽ വേണം. പിടിക്കുന്ന പാമ്പിനെ സുരക്ഷിതമായി കൊണ്ടുപോകാനുള്ള സംവിധാനങ്ങൾ ഉണ്ടായിരിക്കണം.
വലിപ്പം കൂടിയ പാമ്പാണെങ്കിലും കാടുപിടിച്ച പ്രദേശമാണെങ്കിലും വെളിച്ചം കുറവാണെങ്കിലും ഒരു സഹായി കൂടി ആകാം. സഹായിയും കാച്ചറുടെ തുല്യമായ പരിശീലനം നേടിയ ആളാകണം. വ്യക്തിസുരക്ഷാ ഉപകരണങ്ങൾ അയാളും ധരിച്ചിരിക്കണം.
ഇവർക്കു പുറമെ അവിടെ നിൽക്കുന്ന ഓരോരുത്തരും പാന്പുപിടിത്തക്കാർക്ക് അപകടമുണ്ടാക്കുകയാണ് ചെയ്യുന്നത്. വേറെയാളുകൾ ഉണ്ടെങ്കിൽ കാച്ചറും സ്പോട്ടറും തമ്മിലുള്ള കമ്യൂണിക്കേഷൻ ബുദ്ധിമുട്ടിലാകും. പാമ്പുപിടിക്കുന്ന ആളുടെ ജോലി കൂടുതൽ പ്രയാസവുമാകും. മൊത്തത്തിൽ അപകടസാധ്യത കൂട്ടുന്നു.
നമ്മുടെ നാട്ടിൽ പാമ്പുപിടിക്കാൻ ആളെത്തിയാൽ ആ പഞ്ചായത്തിലെ ആബാലവൃദ്ധം ജനങ്ങളും സ്ത്രീപുരുഷ വ്യത്യാസമില്ലാതെ ഹാജരുണ്ടാകും. മൊബൈലുള്ളവരെല്ലാം വീഡിയോ എടുക്കാനും റെഡി. പാമ്പിനെ പിടിക്കുന്നവർക്കുള്ള നിർദേശങ്ങൾ ആൾക്കൂട്ടത്തിൽനിന്നു ചറപറാ ഉയരും.
കേരളത്തിൽ പാമ്പിനെ പിടിക്കുന്ന ഒരാൾപോലും വ്യക്തിസുരക്ഷാ ഉപകരണങ്ങൾ പൂർണമായരീതിയിൽ ഉപയോഗിച്ചു കണ്ടിട്ടില്ല. അതവർക്ക് അറിയാത്തതുകൊണ്ടാണോ ഇല്ലാത്തതുകൊണ്ടാണോ എന്നറിയില്ല. എന്താണെങ്കിലും നല്ല സാമർഥ്യവും അതിലേറെ ഭാഗ്യവുംകൊണ്ടാണ് നമ്മുടെ കാച്ചർമാർ അപകടമില്ലാതെ പോകുന്നത്.
സർക്കാരിനോട്...
പാമ്പുപിടിത്തത്തിന് ചെല്ലുമ്പോൾ 25 മീറ്റർ എങ്കിലും നോ എൻട്രി ആക്കി ആളെ ഒഴിപ്പിക്കുക. അബദ്ധത്തിൽ പാമ്പ് കടിയേറ്റുതന്നെ അനേകർ നാട്ടിൽ മരിക്കുന്നുണ്ട്, കടി ചോദിച്ചുവാങ്ങാൻ വിടേണ്ട കാര്യമുണ്ടോ?
പൊതുജനങ്ങളോട്...
നിങ്ങളുടെ വീട്ടിലോ പുറത്തോ പാമ്പുപിടിത്തം നടക്കുന്നുണ്ടെങ്കിൽ അവിടെനിന്നു പരമാവധി ഒഴിഞ്ഞുമാറി നിൽക്കുക. കുട്ടികളെ മാറ്റിനിർത്തുക. സുരക്ഷിതരായിരിക്കുക.