ഒന്നും രണ്ടും വർഷമല്ല, 80 വർഷം കാത്തിരുന്നു എന്നിട്ടും വന്നില്ലല്ലോ?
Wednesday, March 19, 2025 2:28 PM IST
പ്രിയപ്പെട്ട ഒരാൾക്കു വേണ്ടി എത്രകാലം വേണമെങ്കിലും കാത്തിരിക്കാൻ പലരും തയാറാണ്. പ്രത്യേകിച്ച് തിരിച്ചു വരുമെന്നും നമുക്ക് സന്തോഷമായി ജീവിക്കണമെന്നുള്ള ഉറപ്പു കൂടിനൽകുന്ന ഒരാളെ കാത്തിരിക്കാൻ ആരാണ് മടികാണിക്കുക.
അങ്ങനെ ഒരാൾ കാത്തിരുന്നു. പക്ഷേ, വരുമെന്നു പറഞ്ഞയാൾ മാത്രം വന്നില്ല. ചൈനയിൽ നിന്നുമാണ് ഹൃദയംകവരുന്ന റിപ്പോർട്ട്. എൺപതു വർഷമാണ് ചൈനയിലെ ഗുയിഷോ പ്രവിശ്യയിലെ താമസക്കാരിയായ ഡു ഹുജെൻ എന്ന സ്ത്രീ തന്റെ ഭർത്താവിനായി കാത്തിരുന്നത്. പക്ഷേ, കാത്തിരിപ്പൊക്കെ വെറുതെയായി 103 ാം വയസിൽ അവർ മരിച്ചു.
1940 ൽ ഡു ഹുജെനും അവരേക്കാൾ മൂന്നു വയസിനിളയതായ ഹുവാങ് ജുൻഫുവും തമ്മിൽ വിവാഹിതരായത്. വിവാഹം കഴിഞ്ഞ് അധികം വൈകാതെ ഭർത്താവ് സൈനിക സേവനത്തിനു പോയി. യുദ്ധകാലത്ത് രാജ്യത്തിനായി സേവനം ചെയ്തു. അദ്ദേഹം 1943 ൽ തിരകെ ഭാര്യയ്ക്കരികിലേക്കെത്തി. സന്തോക്ഷകരമായി ജീവിതം മുന്നോട്ടു പോയി. ഇരുവർക്കും ആദ്യ കുഞ്ഞും ജനിച്ചു.
ഹുവാങ് ജുൻഫു തന്റെ അമ്മയുടെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാനായി കുറച്ചു നാൾ കഴിഞ്ഞ് വീട്ടിൽ നിന്നും അയാളുടെ സ്വന്തം നാട്ടിലേക്ക് പോയി. അവിടെ നിന്നും മികച്ച ജോലി സാധ്യത തേടി വിദേശത്തേക്കും പോയി. പിന്നീട് ഒരിക്കലും അയാൾ തന്നെ പ്രാണനു തുല്യംസ്നേഹിച്ച് കാത്തിരിക്കുന്ന ഭാര്യക്കരികിലേക്ക് മടങ്ങി വന്നില്ല.
1952 ൽ ഡുവിന് ഹുവാങിന്റെ ഒറു കത്ത് കിട്ടി. അതായിരുന്നു അവസാനമായുള്ള കത്ത്. ആ കത്തിലും എല്ലാ കത്തിലും ഉണ്ടായിരുന്നതുപോലെ താൻ മടങ്ങി വരുമെന്നും കുട്ടികളുടെ വിദ്യാഭ്യാസ കാര്യങ്ങൾ നോക്കുമെന്നും സന്തോഷകരമായ കുടുംബജീവിതം നയിക്കാമെന്നുമുള്ള ഉറപ്പും വാഗ്ദാനങ്ങളുമുണ്ടായിരുന്നു.
ഭർത്താവിനെ അഗാധമായി പ്രണയിച്ചിരുന്ന ആ ഭാര്യക്ക് ആ വാക്കുകളൊന്നും അവിശ്വസിക്കാൻ തോന്നിയില്ല. അവർ മടങ്ങി വരുന്ന ഭർത്താവിനായി കാത്തിരുന്നു. പല വിവാഹാലോചനകൾ വന്നിട്ടും
അതിനൊന്നും തയ്യാറാകാതെ അവൾ ഹുവാങിനായി കാത്തിരുന്നു. പക്ഷേ, ആ കാത്തിരിപ്പിന് ഫലമൊന്നുമുണ്ടായില്ലെന്നു മാത്രം. അവാസാനം 103 -ാം വയസിൽ മരണസമയത്തും പ്രിയതമന്റെ സാന്നിധ്യം ഏറെ ആഗ്രഹിച്ചിരുന്ന ഡു ഹുജെൻ വിവാഹദിനത്തിലെ ശേഷിപ്പായി സൂക്ഷിച്ചിരുന്ന ഒരു തലയിണയിൽ മുറുകെപ്പിടിച്ച് കണ്ണീരോടെയാണ് വിടപറഞ്ഞത്.