പഠിക്കാൻ പുറത്തുപോകുന്നവർ എങ്ങനെ തിരിച്ചുവരും..?
Monday, March 17, 2025 11:57 AM IST
ഒരു യൂണിവേഴ്സിറ്റിയും പൂർണമായി പൊതുമേഖലയോ സ്വകാര്യമേഖലയോ അല്ല. പൊതുമേഖലയിലുളള മിക്കവാറും യൂണിവേഴ്സിറ്റികൾ സ്വകാര്യവ്യക്തികളിൽനിന്നും ഫൗണ്ടേഷനുകളിൽനിന്നുമൊക്കെ റിസർച്ച് ഗ്രാന്റോ മറ്റു സഹായങ്ങളോ സ്വീകരിക്കാറുണ്ട്. മറിച്ചും. അതുകൊണ്ടുതന്നെ യൂണിവേഴ്സിറ്റികൾ ഉണ്ടായ കാലത്തുതന്നെ സ്വകാര്യ സർവകലാശാലകളും അനുവദിക്കേണ്ടതായിരുന്നു. ചുമ്മാ സമയം കളഞ്ഞു.
പക്ഷേ, കേരളത്തിലെ ഉന്നത വിദ്യാഭ്യാസരംഗത്തെ പ്രധാന പ്രശ്നങ്ങൾക്കുള്ള പരിഹാരം സ്വകാര്യ സർവകലാശാലകൾ ആണെന്ന അഭിപ്രായം എനിക്കില്ല. കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗത്തെ ഏറ്റവും പ്രധാനപ്പെട്ട വെല്ലുവിളിയായി കാണുന്നത് ഉന്നതവിദ്യാഭ്യാസം കഴിയുന്ന കുട്ടികൾക്ക് അവരുടെ ആഗ്രഹത്തിന് അനുസരിച്ചുള്ള തൊഴിൽ ലഭിക്കുന്നില്ല എന്നതാണ്.
കേരളത്തിൽ ഉന്നതവിദ്യാഭ്യാസം നേടിയവർക്ക് ശരാശരി മധ്യവർഗജീവിതം നടത്തിപ്പോകാനുള്ള ശമ്പളം, സർക്കാർ ജോലികളിലല്ലാതെ മറ്റു ജോലികളിൽനിന്നു ലഭിക്കുന്നില്ല. ഒരു സിബിഎസ്ഇ സ്കൂൾ അധ്യാപകനു ലഭിക്കുന്നതിന്റെ പലമടങ്ങാണ് സർക്കാർ സ്കൂളിലെ ശമ്പളം. അതിനുപുറമെ പെൻഷനും ജോലി സ്ഥിരതയും. ഇതുകൊണ്ടാണ് എംടെക് കഴിഞ്ഞവർ പോലും പോലീസിലെ സിവിൽ പോലീസ് ഓഫീസർ ജോലി കിട്ടാൻ വേണ്ടി ക്യു നിൽക്കുന്നത്.
രണ്ടാമത്തെ പ്രധാന വിഷയം നമ്മുടെ സ്കൂളുകളിൽ പഠിക്കുന്ന ഏറ്റവും മിടുക്കരിൽ സാമ്പത്തിക സാഹചര്യങ്ങൾ ഉളളവർ എല്ലാംതന്നെ കേരളത്തിനു പുറത്തുള്ള സർവകലാശാലകളിലാണ് ഉന്നത വിദ്യാഭ്യാസം തെരഞ്ഞെടുക്കുന്നത് എന്നതാണ്. ഇവിടെ സ്വകാര്യ സർവകലാശാലകൾ വന്നാലും ഒരു പതിറ്റാണ്ടെങ്കിലും എടുക്കും അതിന് ഒരു ബ്രാൻഡും റെപ്യൂട്ടേഷനും ഉണ്ടായി വരാൻ. ബ്രാൻഡ് ഉള്ള ഒരു സ്വകാര്യ സർവകലാശാലയുടെ കാമ്പസ് തുടങ്ങുകയാണ് ഇതിനുള്ളു കുറുക്കുവഴി.
മിടുക്കരായ കുട്ടികൾ പുറത്തുപോകുന്നു എന്നതു മാത്രമല്ല അവരിൽ ബഹുഭൂരിപക്ഷവും തിരിച്ചുവരുന്നില്ല എന്നതാണ് അടുത്ത വിഷയം. നാട്ടിൽ പഠിച്ചവർക്കുപോലും ശരാശരി ശമ്പളം ലഭിക്കാത്തപ്പോൾ എങ്ങനെയാണ് പ്രീമിയർ സ്ഥാപനങ്ങളിൽ പഠിച്ചവർ തിരിച്ചുവരുന്നത്?.
കേരളത്തിൽ അതിവേഗത്തിൽ കുറയുന്ന ജനന നിരക്ക്, അതിവേഗത്തിൽ വർധിക്കുന്ന വിദേശത്തേക്കുള്ള വിദ്യാർഥികളുടെ ഒഴുക്ക്... ഇവ രണ്ടും കൂടി ചേർന്നാൽ നാട്ടിൽ സർവകലാശാലകളിലും കോളജുകളിലും പഠിക്കാൻ ഭാവിയിൽ കുട്ടികൾ ഏറെ കുറയും എന്നതാണ് മറ്റൊരു വെല്ലുവിളി. നല്ലൊരു കാന്പസ് വേണമെങ്കിൽ ചുരുങ്ങിയത് പതിനായിരം കുട്ടികളെങ്കിലും വേണം.
ഓൺലൈൻ വിദ്യാഭ്യാസം ലോകത്തുണ്ടാക്കുന്ന മാറ്റം, തൊഴിൽ രംഗത്ത് ഡിഗ്രിക്ക് പ്രാധാന്യം കുറയുന്നത് എന്നിവയും കേരളത്തിലെ വിദ്യാഭ്യാസ രംഗം നേരിടാൻ പോകുന്ന വെല്ലുവിളികളാണ്.