ഉപ്പൊന്ന് കുറച്ചോളൂ, അതാവും നല്ലത്..!
Monday, March 17, 2025 10:12 AM IST
പഞ്ചസാര അധികം കഴിച്ചാലാണോ പ്രമേഹിയാകുന്നത്? അതോ, ഉപ്പ് അധികം കഴിച്ചാലാണോ? നമുക്ക് പ്രതിദിനം വേണ്ട പൊട്ടാസ്യം അന്നന്ന് വേണ്ടതായ സോഡിയത്തിന്റെ ഇരട്ടിയിൽ കൂടുതലാണ്. പൊട്ടാസ്യം പ്രതിദിനം കുറഞ്ഞത് 3600 മില്ലിഗ്രാം എങ്കിലും വേണ്ടതുണ്ട്. സോഡിയം 1200 -800 മില്ലി ഗ്രാം ആയാലും മതിയാകും. സോഡിയം കൂടുന്നതിനേക്കാൾ പൊട്ടാസ്യം കുറയുന്നതുകൊണ്ടാണു ബിപി കൂടുന്നതെന്ന് വിദഗ്ധർ.
ശരീരത്തിനാവശ്യമായ ഊർജത്തിന്റെ 30 ശതമാനത്തിലധികം സാധ്യമാക്കുന്നത് സോഡിയം - പൊട്ടാസ്യം പമ്പ് എന്ന (ബാറ്ററി) സംവിധാനമാണ്. പൊട്ടാസ്യം കുറഞ്ഞാലും സോഡിയം കുറഞ്ഞാലും ഏതെങ്കിലും വിധേന ഈ അനുപാതം നിരന്തരമായി താളം തെറ്റാനിടവന്നാൽ സംജാതമാകുന്ന ഒരുപിടി രോഗാവസ്ഥകളിൽ ഒന്ന് ഇൻസുലിൻ റസിസ്റ്റൻസാണ്.
പൊട്ടാസ്യത്തിന്റെ മതിയായ സാന്നിധ്യസഹായസഹകരണങ്ങളില്ലാതെ രക്തത്തിലെ ഗ്ലൂക്കോസിനെ ഗ്ലൈക്കോജനാക്കി പേശികളിലും കരളിലും ശേഖരിക്കാനാവില്ല. ഇതും പ്രമേഹത്തിന് അനുകൂലമായ ഒരവസ്ഥയാണ്. പൊട്ടാസ്യം കുറയുന്നത് വയറിലെയും കോശങ്ങളിലെയും പിഎച്ച് നിലയിൽ സാരമായ വ്യതിയാനങ്ങൾക്ക് കാരണമാകുമ്പോൾ സുപ്രധാനമായ പല എൻസൈമുകളും വേണ്ടവിധം പ്രവർത്തിക്കാതെയാകും. കാലിൽ നീര് വരുന്നതും മസിൽ പിടിക്കുന്നതും ഗൗട്ട് വർധിക്കുന്നതുമെല്ലാം പൊട്ടാസ്യത്തിന്റെ കുറവുകൊണ്ടാവാം. ഹൃദയാരോഗ്യപ്രശ്നങ്ങൾ വേറെ. എന്തായാലും പൊട്ടാസ്യത്തിനെ ഒന്ന് ശ്രദ്ധിക്കുന്നത് നല്ലതാണ് പ്രത്യേകിച്ച് പ്രമേഹികൾ.
ഛർദി, വയറിളക്കം, പ്രമേഹം, സ്ട്രസ്, അധ്വാനം കൊണ്ടോ വ്യായാമം കൊണ്ടോ ഉണ്ടാകുന്ന വിയർപ്പ്, മദ്യം, ശരീരഭാരം കുറയ്ക്കാൻ വേണ്ടിയുള്ള കീറ്റോ ഡയറ്റ്, മൈദപോലുള്ള സംസ്കരിച്ച ധാന്യപ്പൊടികൾ തുടങ്ങിയവയൊക്കെ പൊട്ടാസ്യം കുറയാൻ കാരണമാകുന്നവയാണ്. ഇലക്കറികൾ കൂടുതലടങ്ങിയ സലാഡുകളാണ് ആവശ്യമായ പൊട്ടാസ്യം ലഭ്യമാക്കാൻ ഏറ്റവും നല്ല മാർഗം. ഒപ്പം സോഡിയം ക്ലോറൈഡ് എന്ന ഉപ്പ് ഭക്ഷണത്തിൽ കുറയുകയും വേണം.
നിയന്ത്രിതമായ അളവിൽ ബ്ലാക്ക് സാൾട്ട് (സ്വാദ് ഇഷ്ടപ്പെടുമെങ്കിൽ) സാലഡിലോ മറ്റെന്തെങ്കിലും ഭക്ഷണത്തിലോ ഉപയോഗിക്കാം. ബ്ലാക്ക് സാൾട്ടിൽ സോഡിയം കുറവും പൊട്ടാസ്യം കൂടുതലുമാണ്. എന്തായാലും, സോഡിയം കുറയാൻ ഉപ്പ് കുറയ്ക്കുക. പൊട്ടാസ്യം കൂടാൻ സാലഡുകളും മൈക്രോഗ്രീനുകളും മുളപ്പിച്ചതുമൊക്കെ ഉപയോഗിക്കാൻ ശ്രമിക്കുക, ശീലിക്കുക. അതാണ് നല്ലത്.
വിവിധങ്ങളായ വറുത്തവർഗങ്ങൾ ഉപ്പേരികളായും എണ്ണക്കടികളായും മറ്റ് വറപൊരികളായും മറ്റും പ്രമേഹഭീതിയേതുമില്ലാതെ അകത്താക്കുമ്പോൾ ഓർത്തോളൂ, ഇനി വരുംകാലത്ത് പ്രമേഹകാരകനായി എത്തുക പൊട്ടാസ്യം ആകും, പഞ്ചസാരയാവില്ല. സോഡിയം കുറയ്ക്കാം പൊട്ടാസ്യം കൂട്ടാം. സോഡിയം - പൊട്ടാസ്യം സന്തുലനം ഒരു ലക്ഷ്യമാക്കാൻ ശ്രമിക്കാം.
ഉപ്പൊന്ന് കുറച്ചോളൂ, മുഷിയണ്ട. അതാവും നല്ലത്.