പണിയെടുക്കാൻ പ്രായമൊരു തടസമാണോ? 108 ാം വയസിലെ ഈ നിശ്ചയദാർഢ്യത്തിന് ആരുമൊന്നു കയ്യടിക്കും
Friday, March 14, 2025 2:53 PM IST
അറുപത് വയസൊക്കെയായില്ലേ ഇനി റിട്ടയർമെന്റ് ചെയ്തൂടെ എന്നൊക്കെ ചോദിക്കുന്നവരും ഇത്രയും കാലം ജോലി ചെയ്തില്ലേ ഇനി വിശ്രമിച്ചേക്കാം എന്നു കരുതുന്നവരും ഈ ജപ്പാൻകാരിയെ ഒന്നു പരിചയപ്പെടൂ.
ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതാ ബാർബറായി ഗിന്നസ് വേൾഡ് റിക്കാർഡ് സ്വന്തമാക്കിയിരിക്കുകയാണ് 108 വയസുള്ള അവർ. ഷിറ്റ്സുയി ഹകോയിഷി എന്നാണിവരുടെ പേര്. 94 വർഷങ്ങളായി ഈ ജോലി ചെയ്യുകയാണ് ഷിറ്റ്സുയി. പ്രായം 108 ആയെങ്കിലും അത് തുടരുകയും ചെയ്യുന്നു.
മാർച്ച് അഞ്ചിനു നടന്ന ചടങ്ങിലാണ് ടോച്ചിഗി പ്രിഫെക്ചറിലെ നകഗാവയിൽ വെച്ച് നടന്ന ചടങ്ങിലാണ് ഹകോയിഷിക്ക് ഗിന്നസ് വേൾഡ് റിക്കാർഡ് സമ്മാനിച്ചത്. അവിടെ തന്നെയാണ് ഇവരുടെ ബാർബർ ഷോപ്പ്.
1931 ലാണ് ഷിറ്റ്സുയി ടോക്കിയോയിലെ ഒരു ചെറിയ സലൂണിൽ അപ്രന്റീസായി എത്തിയത്. അന്നു തുടങ്ങിയ കരിയറാണ് ഇന്നും മനോഹരമായി തന്നെ തുടരുന്നത്. ബാർബർ ലൈസൻസ് ഇരുപതാം വയസിൽ സ്വന്തമാക്കി. പിന്നാട് 1939 -ൽ ഷിറ്റ്സുയിയും ഭർത്താവും ടോക്യോയിൽ സ്വന്തമായി ബാർബർ തുടങ്ങി.
പക്ഷേ, ആ സന്തോഷം അധികകാലം നീണ്ടു നിന്നില്ല. രണ്ടാം ലോക മഹായുദ്ധം അവരുടെ ജീവിതത്തെ തകിടം മറിച്ചു. ഭർത്താവ് മരിച്ചു. അവരുടെ സലൂൺ വ്യോമാക്രമണത്തിൽ തകർന്നു.
എന്നാൽ, ഈ പ്രതികൂല സാഹചര്യങ്ങൾക്കൊന്നും അവരെ തളർത്താനായില്ല. 1953 -ൽ അവർ നകഗാവയിലേക്ക് മടങ്ങി. മറ്റൊരു ബാർബർഷോപ്പ് തുറന്നു. അവിടെയാണ് ഇപ്പോഴും ഷ്റ്റ്സുയി ജോലി ചെയ്യുന്നത്. സ്ഥിരമായി വരുന്ന വിശ്വസ്തരായ ഒരുപാട് ആളുകളുണ്ടെന്നും അതിനാൽ ഈ ജോലി നിർത്താൻ താൻ ഉദ്ദേശിക്കുന്നില്ലെന്നുമാണ് ഷിറ്റ്സുയി പറയുന്നത്.
ജോലിയിൽ മാത്രമല്ല നേടിയെടുക്കാനാഗ്രഹിക്കുന്ന എന്തിനു വേണ്ടിയും അവർ കഠിനമായി പരിശ്രമിക്കും. അതിനുള്ള തെളിവാണ് 2020 -ലെ ടോക്യോ ഒളിംപിക്സിൽ ദീപശിഖയേന്തിയ ഷിറ്റ്സുയി.
അതിനായി കഠിനമായ പരിശ്രമവും അവർ നടത്തിയിരുന്നു. ജീവിതത്തിലെ ഈ അനുഭവത്തെ കുറിച്ച് ഏറെ അഭിമാനത്തോടെയാണ് ഷിറ്റ്സുയി പറയുന്നത്. എന്തിനും മടിയാണെന്നും ഒന്നുമൊന്നും ശരിയാകുന്നില്ലെന്നും പറയുന്നവർക്ക് ഈ ജീവിതം തീർച്ചയായും പ്രചോദനം നൽകും.