ബെറ്റ് വച്ച് പ്രണയിക്കുന്നവർ..!
വിനീത ശേഖർ
Friday, March 14, 2025 12:52 PM IST
മകൻ അവന്റെ കൂട്ടുകാരനുമായി മുറിയിൽ കയറി സംസാരിക്കാൻ തുടങ്ങിയിട്ട് അര മുക്കാൽ മണിക്കൂറിൽ കൂടുതൽ ആയപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്. ഇരുവരും എന്തോ കൂലങ്കഷമായ ചർച്ചയിലാണ്.
ഇടയ്ക്ക് ജ്യൂസും കേക്കും കൊടുക്കാനെന്ന വ്യാജേന അങ്ങോട്ട് ചെന്നപ്പോൾ ആ പയ്യന്റെ മുഖമൊക്കെ കരഞ്ഞുകലങ്ങിയിരിക്കുന്നു. മകൻ എന്തൊക്കെയോ പറഞ്ഞ് ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. ആ കുട്ടി ഫോണിൽ ചാറ്റ് ഹിസ്റ്ററി ഒക്കെയെടുത്തു കാണിക്കുന്നു. എന്താണെന്ന് ഞാൻ ആംഗ്യഭാഷയിൽ ചോദിച്ചപ്പോൾ പിന്നെ പറയാമെന്നു മകൻ കണ്ണടച്ചു കാണിച്ചു.
ഇനി ഇവന്റെ ഉപദേശം കേട്ടെങ്ങാനും അവനെങ്ങാനും നന്നാവാൻ ബാക്കിയുണ്ടേൽ ആയിക്കോട്ടെ എന്നോർത്ത് അവരെ അവരുടെ വഴിക്ക് വിട്ടിട്ട് ഞാൻ പോവുകയും ചെയ്തു! കുറെക്കഴിഞ്ഞ് ആ കുട്ടി പോയി കഴിഞ്ഞപ്പോഴാണ് മകൻ കാര്യം പറയുന്നത്.
കുറെനാളായി അവന്റെ സ്കൂളിൽ പഠിക്കുന്ന ഒരു പെൺകുട്ടി ഈ പയ്യനെ ഇഷ്ടമാണെന്നു പറഞ്ഞ് അവന്റെ പുറകെ നടപ്പാണുപോലും. ഈ പയ്യൻ നന്നായി പഠിക്കുന്ന ഒരു കുട്ടിയാണ്. അതോടൊപ്പം സ്കൂളിലെ മാറ്റ് കാര്യങ്ങളിലും മുന്നിൽ. ഇവൻ ആദ്യമൊക്കെ ഒഴിഞ്ഞുമാറി. പലയാവർത്തി ഈ പെൺകുട്ടിക്ക് അവനെ വലിയ ഇഷ്ടമാണെന്ന് അവളുടെ കൂട്ടുകാരൊക്കെ വന്നുപറഞ്ഞ് ഒടുവിൽ രണ്ടുപേരും കൂടി ചാറ്റിംഗ് തുടങ്ങി.
എന്തായാലും വാലന്റയിൻസ് ഡേ ആയപ്പോൾ ഇവൻ കുറെ പൂക്കളൊക്കെ വാങ്ങി. നല്ല ഒരു കാർഡ് സ്വയം ഡിസൈൻ ചെയ്തു. ഈ കുട്ടിയുടെ അടുത്ത് പോയി ഇതൊക്കെ കൊടുത്തപ്പോൾ ആ പെൺകുട്ടി അത് വാങ്ങാൻ കൂട്ടാക്കിയില്ല. കാരണം എന്താണെന്നു ചോദിച്ചപ്പോൾ പറഞ്ഞ മറുപടിയായിരുന്നു ഏറെ രസകരം. ഇവനെക്കൊണ്ട് അവളെ ഇഷ്ടമാണെന്നു പറയിപ്പിക്കും എന്ന് ഫ്രണ്ട്സിനോടു ബെറ്റ് വച്ചതാണത്രേ. അത് നടന്നു. വേറെയൊന്നുമില്ല.
പയ്യന് അത് ആകെപ്പാടെ വിഷമവും നാണക്കേടുമൊക്കെയായി. കുട്ടികളല്ലേ, പത്തു പതിനേഴു വയസേയുള്ളു. അതും ഹോർമോൺ ചേഞ്ച് ഒക്കെയുള്ള പ്രായം. പറ്റിക്കപ്പെട്ടു എന്ന ചിന്ത ആ പയ്യനെ വല്ലാതെ സങ്കടപ്പെടുത്തി. ഇവനെ ആശ്വസിപ്പിക്കാൻ വിളിച്ചുകൊണ്ടു വന്നിരിക്കുകയായിരുന്നു മകൻ.
എന്റെ മോൻ പറയുന്നത് ഇതിപ്പോൾ ട്രെൻഡ് ആണെന്നാണ്. അത്യാവശ്യം പോപ്പുലർ ആയ കുട്ടികളെ അപ്രോച്ച് ചെയ്യുക. ബെറ്റ് വച്ച് പ്രണയം ഭാവിക്കുക. ആൺകുട്ടികൾ വശത്തായി എന്ന് തോന്നിയാൽ സ്കൂളിൽ കുട്ടികളുടെ ഇടയിൽ സംസാര വിഷയമാക്കി ഒടുവിൽ ഊരിപ്പോരുക. ഒരു ടൈം പാസ്!
പക്ഷേ, ചില ആൺകുട്ടികൾ ഇതിൽ മാനസികമായി തളരും. ചിലരത് കാര്യമാക്കുകയുമില്ല. മകൻ പറയുന്നത്, ഈ ആൺകുട്ടികൾ ഒരു തരത്തിലും വശത്താകുകയില്ല എന്ന് തോന്നിയാൽ അടുത്ത പരിപാടി അവരെക്കുറിച്ച് ഇല്ലാത്ത കഥകൾ പറഞ്ഞുണ്ടാക്കി സ്കൂളിൽ അവരെ നാണം കെടുത്തുക എന്നതാണ്. ഇതിനായി ചാറ്റ് ഹിസ്റ്ററി ഒക്കെ പുറത്തുവിടും. പഠിക്കാൻ സ്മാർട്ട് ആയ പല കുട്ടികളും പഠനത്തിൽ പിന്നാക്കമാകും.
രണ്ടും കല്പിച്ചിറങ്ങിയിരിക്കുന്ന ഇത്തരം പെൺകുട്ടികളെ ആൺകുട്ടികൾ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പണ്ടൊക്കെ അമ്മമാർ പെൺകുട്ടികളോട് സൂക്ഷിക്കണം എന്ന് പറയുന്നത് ഇപ്പോൾ തിരിച്ച് ആൺകുട്ടികളോട് പറയേണ്ട അവസ്ഥ. ഈ കേസിൽ മകൻ പറഞ്ഞതനുസരിച്ച് ഈ പയ്യൻ എന്തായാലും അവളെ ബ്ലോക്ക് ചെയ്യുകയും മറ്റും ചെയ്തു. തക്ക സമയത്ത് ഇവൻ കാര്യങ്ങൾ മനസിലാക്കിയതുകൊണ്ടു രക്ഷപ്പെട്ടു. അവൾ അടുത്ത ഒരു മിടുക്കൻ കുട്ടിയെ തേടി അവളുടെ പ്രയാണം തുടങ്ങിയിട്ടുണ്ടാവും.
കുട്ടികളുടെ പെട്ടെന്നുള്ള മ്ലാനത, മൂഡ് ചേഞ്ച് ഇതൊക്കെ മാതാപിതാക്കൾ ശ്രദ്ധിക്കണം. അവർക്കും കാണും വിഷമങ്ങൾ. കുട്ടികളുടെ പഠന കാര്യങ്ങൾ മാത്രം ശ്രദ്ധിക്കുന്ന മാതാപിതാക്കൾ അവരുടെ ഉള്ളിൽ നടക്കുന്ന സംഘർഷങ്ങൾ അറിയാതെ പോകരുത്.. പ്രത്യേകിച്ച് ആൺകുട്ടികളുടെ. വെറും നേരംപോക്കിനുവേണ്ടി ആൺകുട്ടികളെ ഇഷ്ടമാണ് എന്നൊക്കെ പറഞ്ഞ് പുറകെ കൂടുന്ന ഇത്തരം പെൺകുട്ടികളെ അകറ്റി നിർത്താൻ ശ്രദ്ധവേണം.