"കുട്ടികളല്ലേ, ക്ഷമിച്ചേക്കാം’ എന്ന ആനുകൂല്യം വേണ്ട
Wednesday, March 12, 2025 2:35 PM IST
താമരശേരിയിൽ ആക്രമണത്തിൽ ഒരു സ്കൂൾ വിദ്യാർഥി കൊല്ലപ്പെട്ട സംഭവം സമൂഹത്തെ ആഴത്തിൽ ചിന്തിപ്പിക്കേണ്ടതാണ്. സാധാരണഗതിയിൽ വിദ്യാർഥികളും യുവാക്കളും ഇടപെട്ട ഒരു വിഷയമുണ്ടായാൽ രണ്ടു പ്രശ്നങ്ങൾ ഉടൻ പറയും. 1. മയക്കുമരുന്നുകളുടെ സ്വാധീനം 2. വിദ്യാർഥിരാഷ്ട്രീയം. ഇവിടെ കേട്ടിടത്തോളം ഇവ രണ്ടും അല്ല പ്രതി.
ഒരു ട്യൂഷൻ സെന്ററിലെ വാർഷികവുമായി ബന്ധപ്പെട്ടുണ്ടായ നിസാരപ്രശ്നം. കുട്ടികൾ അത് ‘അഭിമാനപ്രശ്ന'മായി കാണുന്നു. മൃഗങ്ങൾ കൂട്ടുകൂടി ആക്രമിക്കുന്നതുപോലെ അവർ എതിർചേരിയിലുള്ളവരെ ആക്രമിക്കുന്നു. ആക്രമണത്തിൽ ഒരു കുട്ടി കൊല്ലപ്പെടുന്നു. ഇത്തരം വിദ്യാർഥി സംഘട്ടനങ്ങൾ കേരളത്തിൽ ഇപ്പോൾ വ്യാപകമാണ്. ഇതിൽ മിക്കതിലും രാഷ്ട്രീയം ഒന്നുമല്ല വിഷയം. ഒരുതരം ഗാംഗ് വാർ ആണ്.
കുട്ടികൾ ആണെങ്കിലും മുതിർന്നവർ ആണെങ്കിലും അക്രമത്തിന് മുതിർന്നാൽ അതിന് പ്രത്യാഘാതം ഉണ്ടാകണം. കൊലപാതകങ്ങൾ നടക്കുന്പോൾ മാത്രമല്ല, എത്ര ചെറുതാണെങ്കിലും നിയമലംഘനമോ അക്രമമോ ഉണ്ടായാൽ അതിന് തക്ക ശിക്ഷ സമയോചിതമായി ലഭിക്കുമ്പോഴാണ് ആ തെറ്റ് ആവർത്തിക്കാതിരിക്കാൻ കുറ്റവാളികൾക്കും ചെയ്യാതിരിക്കാൻ മറ്റുള്ളവർക്കും തോന്നുന്നത്.
അക്രമങ്ങൾ ചെയ്ത കുട്ടികളുടെ ബന്ധുക്കൾ കുട്ടികളെ നിയമക്കുരുക്കിൽനിന്ന് ഒഴിവാക്കാൻ ശിപാർശയുമായി വരുമ്പോൾ അവരെ പിന്തുണയ്ക്കുന്ന രാഷ്ട്രീയ-ഉദ്യോഗസ്ഥ സംവിധാനം നിലനിൽക്കുന്നിടത്തോളം ഈ ഗുരുതരസാഹചര്യത്തിന് മാറ്റമുണ്ടാകില്ല. "കുട്ടികൾ അല്ലേ, ഒരു പ്രാവശ്യത്തേക്ക് ക്ഷമിക്കാം’ എന്ന തരത്തിൽ മയത്തിൽ സ്കൂൾ അധികാരികളും പോലീസും കോടതിയും കാര്യങ്ങളെ കൈകാര്യം ചെയ്താൽ കുട്ടികൾ നന്നാവില്ല എന്നു മാത്രമല്ല കുറ്റം ചെയ്യാൻ സാധ്യത ഉള്ളവർക്ക് അത് പ്രചോദനവുമാകും.
താമരശേരിയിലെ സംഭവത്തിൽ "കൂട്ടം കൂടി അക്രമം നടത്തിയാൽ കേസ് എടുക്കില്ല’ എന്നും "പരീക്ഷ ആയത് കൊണ്ട് പരിഗണന ലഭിക്കും’ എന്നൊക്കെ കുട്ടികൾ പരസ്പരം പറയുന്നത് ഇത്തരം അനുഭവബോധ്യത്തിൽനിന്നാണ്.
വീട്ടിലും സ്കൂളിലും പുറത്തും അക്രമം കാണിക്കുന്നവർക്ക് നിയമം അനുശാസിക്കുന്ന ശിക്ഷ ഏറ്റവും വേഗത്തിൽ ലഭിക്കണം. നിയമത്തിന്റെ നടത്തിപ്പിൽ തെറ്റായ തരത്തിൽ ഇടപെടില്ല എന്ന് മാതാപിതാക്കളും ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തീരുമാനിക്കണം.
ഇത്തരത്തിൽ അക്രമങ്ങൾ നടത്തിയ നൂറു പേർക്ക് സമയബന്ധിതമായി ശിക്ഷ ലഭിച്ചാൽ തീരാവുന്ന അക്രമവാസന മാത്രമേ ഇപ്പോൾ കേരളത്തിലുള്ളൂ.