വിവാഹത്തിനുമുന്‍പ് ആൺകുട്ടികള്‍ അറിയേണ്ടത്...
Tuesday, March 11, 2025 12:47 PM IST
ഒരു പെൺകുട്ടി വിവാഹിതയാകുന്നതിനുമുന്പ് അവളുടെ അമ്മയോ അല്ലെങ്കിൽ കുടുബത്തിലെ മുതിർന്ന വ്യക്തികളോ സാധാരണയായി ഉപദേശങ്ങൾ കൊടുക്കുന്ന പതിവുണ്ട്. വിവാഹിതയായി ചെല്ലുന്ന വീട് സ്വന്തം വീടുപോലെ കരുതണം, അവിടെ ഉള്ളവരുടെ ഇഷ്ടങ്ങൾ അറിഞ്ഞുപെരുമാറണം അങ്ങനെ അങ്ങനെ...
എന്നാൽ, വിവാഹത്തിനുമുന്‍പ് ആൺകുട്ടികള്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെക്കുറിച്ച് ആരും പറഞ്ഞു കൊടുക്കാറില്ല. പെൺകുട്ടികൾ സ്വന്തം വീടുപേക്ഷിച്ച് ഒരാണിന്റെ കൂടെ വരുമ്പോൾ അവർക്ക് എത്രത്തോളം അരക്ഷിതാവസ്ഥ അനുഭവപ്പെടുമെന്നും അതിൽനിന്ന് അവരെ മാറ്റിയെടുത്ത് കയറിച്ചെല്ലുന്ന വീട്ടിലെ ഒരംഗമായി മാറാൻ ഒരു ഭർത്താവ് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തെന്നും ആണുങ്ങൾ അറിയണം. ആ അറിവ് സ്വന്തം വീട്ടിൽനിന്നുതന്നെ കിട്ടണം.
ചെറുപ്രായത്തിൽതന്നെ ആൺകുട്ടികളെ അവന് ചെയ്യാൻ കഴിയുന്ന ചെറിയചെറിയ വീട്ടുജോലികൾ ചെയ്യിച്ച്് പരിശീലിപ്പിക്കണം. "മോൻ ആഹാരം കഴിച്ചിട്ട് പ്ലേറ്റ് അവിടെ വച്ചേക്കു...’ എന്ന് പറയാതെ അവനെ കൊണ്ട് പാത്രം കഴുകിക്കണം. കിടന്ന ബെഡ്ഷീറ്റ് മടക്കി വയ്പിക്കണം. സ്വന്തം റൂം ക്ലീൻ ചെയ്യിക്കണം... അത്യാവശ്യം കുക്കിംഗ് ഒക്കെ ഒരാൺകുട്ടി പഠിച്ചിരിക്കുന്നതിൽ എന്താ തെറ്റ്.
പെൺകുട്ടികളുടെ മഹത്വം എന്തെന്ന് അമ്മയ്ക്കു മാത്രമേ തന്റെ മകനോട് പറഞ്ഞുകൊടുക്കാൻ കഴിയു. അത് പറഞ്ഞുകൊടുക്കുകതന്നെ വേണം... പ്രത്യേകിച്ച് ഇക്കാലത്ത്. അമ്മയ്ക്കുള്ളതുതന്നെയേ മറ്റൊരു പെണ്ണിനും ഉള്ളു എന്ന തിരിച്ചറിവ് ചെറുപ്പത്തിലേ ഉണ്ടാവുന്ന ഒരു കുട്ടിക്ക് മറ്റു പെൺകുട്ടികളോട് ഒരിക്കലും അപമര്യാദയായി പെരുമാറാൻ കഴിയില്ല. സ്നേഹം, ബഹുമാനം, ആദരവോടെയുള്ള പെരുമാറ്റം ഇതൊക്കെ ഒരമ്മയ്ക്കല്ലാതെ മാറ്റാർക്കാണ് പറഞ്ഞുകൊടുക്കാൻ കഴിയുക.
കുട്ടിക്കാലം മുതലേ, സ്ത്രീകളെ മനുഷ്യരെപോലെ കാണാനും സ്നേഹിക്കാനും ആദരിക്കാനുമൊക്കെ ആൺകുട്ടികളെ പഠിപ്പിക്കണം. എന്നാല്‍, മിക്കവാറും വീടുകളില്‍ അതല്ല അവസ്ഥ. ആണും പെണ്ണും പരസ്പരം മനസിലാക്കിയും ആദരിച്ചും ജീവിക്കുന്ന സാമൂഹികാവസ്ഥ സൃഷ്ടിക്കാന്‍ നമ്മള്‍തന്നെ തുനിഞ്ഞിറങ്ങേണ്ടിവരും... പ്രത്യേകിച്ചും അമ്മമാർ.
അമ്മ അച്ഛനെ പരിചരിക്കുന്നതും ബഹുമാനിക്കുന്നതും അച്ഛൻ അമ്മയെ സംരക്ഷിക്കുന്നതും സ്നേഹിക്കുന്നതും കണ്ടുവേണം ആൺകുട്ടികൾ വളരാൻ. സ്വന്തം മക്കൾക്കു വേണ്ടി ഒരച്ഛന് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല കാര്യം അവരുടെ അമ്മയെ സ്നേഹിക്കുക എന്നതാണ്. അത് കണ്ടു വളരുന്ന കുട്ടികൾ അതെ ബഹുമാനവും സ്നേഹവും തന്റെ പങ്കാളിയോടും വച്ചുപുലർത്തിയിരിക്കും.