ദിവാകർ ഓടിയെടുത്തത് അച്ഛന്റെ മാത്രമല്ല ഒരു ഗ്രാമത്തിന്റെ മുഴുവൻ സ്വപ്നമാണ്
Monday, March 10, 2025 9:20 AM IST
കഠിനാധ്വാനം ചെയ്യുന്നവർക്ക് എപ്പോഴും മികച്ച ഫലങ്ങൾ ലഭിക്കുമെന്നല്ലേ പറയാറ്. അത് വെറും വാക്കല്ല എന്നു തെളിയിക്കുന്ന നിരവധി സംഭവങ്ങളും നമുക്കറിയാം. ഉത്തർപ്രദേശിലെ ഗാസിപൂരിലെ സെവ്റായ് എന്ന സ്ഥലത്തു നിന്നുള്ള ഒരച്ഛന്റെയും മകന്റെയും വിജയത്തിനു പിന്നിലും ഒരു കഠിനാധ്വാനത്തിന്റെ കഥയുണ്ട്.
മകന്റെ പേര് ദിവാകർ പാസ്വാൻ, അച്ഛന്റെ പേര് വീരേന്ദ്ര പാസ്വാൻ. മകൻ പാട്യാലയിലെ സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ (SAI) സെന്ററിൽ നടന്ന ഓൾ ഇന്ത്യ ഇന്റർ സായ് അത്ലറ്റിക്സ് ചാംപ്യൻഷിപ്പിൽ 200, 400 മീറ്റർ ഓട്ട മത്സരങ്ങളിൽ സ്വർണ മെഡലുകൾ നേടി. ഈ സീസണിലെ ഏറ്റവും മികച്ച സമയമായ 47.20 സെക്കൻഡും കുറിച്ചും. ലോകത്തിലെ മികച്ച ഓട്ട
ക്കാർക്കൊപ്പമാണ് ദിവാകർ ഓടിയെത്തുന്നത്.
ഇത് ദിവാകറിന്റെ നേട്ടം. എന്നാൽ ഈ നേട്ടത്തിലേക്ക് ദിവാകറിനെ ഓടാൻ പ്രാപ്തനാക്കിയതിനു പിന്നിൽ മറ്റൊരാളുണ്ട്. മകന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ തന്റെ കാലിക്കീശയെ തടസമായികാണാതെ, ഇപ്പോഴുണ്ടാകുന്ന അപമാനത്തെക്കാൾ വലിയ അഭിമാനം തന്നെ കാത്തിരിക്കുന്നുണ്ട് എന്ന തിരിച്ചറിവോടെ മകന് ആവശ്യമായ ഷൂസും സാധനങ്ങളും വാങ്ങാൻ ഗ്രാമവാസികളുടെ മുന്നിൽ കൈ നീട്ടിയ അച്ഛൻ.
ആ അച്ഛനെയും മകനെയും ചേർത്തുപിടിച്ച ഗ്രാമവാസികൾ. വീരേന്ദ്ര പാസ്വാന്റെ അടുത്ത സ്വപ്നം ഒളിംപിക്സിൽ മത്സരിക്കുന്ന മകനാണ്. അച്ഛന്റെ ഈ മനസിനെ കണ്ടില്ലെന്ന് നടിക്കാൻ മകനാകുമോ?
ഇരുപത്തിനാല് വയസുകാരനായ ദിവാകറിന്റെ പരിശീലകർ ചന്ദ്രഭാൻ യാദവ്, സഞ്ജീവ് ശ്രീവാസ്തവ, നിർമ്മൽ കുമാർ ഷാഹി എന്നിവരാണ്. ഗ്രാമവാസികളുടെ പിന്തുണയോടെ തന്റെ സ്വപ്നങ്ങൾ നേടിയെടുക്കുന്ന ദിവാകർ നിരവധി സംസ്ഥാനതല മത്സരങ്ങളിലും മെഡലുകൾ നേടിയിട്ടുണ്ട്. 2023 ൽ സംസ്ഥാന - ദേശീയ സ്കൂൾ ചാംപ്യൻഷിപ്പുകൾ, ജൂനിയർ സംസ്ഥാന ചാമ്പ്യൻഷിപ്പുകൾ എന്നിവയിലെ്ലലാം സ്വർണ്ണ മെഡലുകൾ നേടിയിരുന്നു.
2024 ൽ ഉത്തർപ്രേദേശ് സംസ്ഥാന അണ്ടർ 23, ഓൾ ഇന്ത്യ യൂണിവേഴ്സിറ്റി ചാമ്പ്യൻഷിപ്പുകളിലും സ്വർണ്ണ മെഡലുകൾ നേടി. ബിരുദം പൂർത്തിയാക്കുന്നതിനൊപ്പം അത്ലറ്റിക്സിൽ ഒരു കരിയർ ഉണ്ടാക്കാനും ദിവാകർ ആഗ്രഹിക്കുന്നു. വാരണാസിയിൽ താമസിച്ച് തന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ തയ്യാറെടുക്കുകയാണ്.