ടീച്ചർ, ഒരു പേപ്പർ കൂടി വേണം കുറച്ചൂടെ ഉണ്ട് എഴുതാൻ..!
വിനീത ശേഖർ
Friday, March 7, 2025 2:39 PM IST
"സമയമായി... ഇനി രണ്ടുമിനിറ്റ്... വേഗം പേപ്പർ എല്ലാം ശരിയാക്കിയെ...’ എന്നു ടീച്ചർ പറയുമ്പോൾ ഉണ്ടാകുന്ന ഒരെഴുത്തുണ്ട്. കണ്ടാൽ തോന്നും റാങ്ക് കിട്ടുമെന്ന്. അതുവരെ വെളിയിലോട്ടും അപ്പുറത്തിരിക്കുന്നവരുടെ പേപ്പറിലേക്കും ഏന്തി വലിഞ്ഞു നോക്കിയിരിക്കുവായിരിക്കും. അതുമല്ലെങ്കിൽ തലേന്ന് കണ്ട അടിപ്പടത്തിന്റെ കഥ ഓർത്തുകൊണ്ടിരിക്കുകയാവും.
ബെല്ലടിക്കാൻ തുടങ്ങുമ്പോൾ എവിടെനിന്നാണോ ഈ ഉത്തരങ്ങൾ എല്ലാം ചറപറാന്നു മനസിലോട്ട് വരിക... അതും അതുവരെ കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ചോദ്യങ്ങളുടെ ഉത്തരങ്ങൾ. പിന്നെ "യൂറിക്കാ... യുറീക്കാ.."എന്നും പറഞ്ഞൊരെഴുത്താണ്. ഗ്രഹണി പിടിച്ച കുട്ട്യോൾ ചക്കപ്പഴം കാണുമ്പോൾ കാണിക്കുന്ന ആർത്തിയോടെ.
ഇനിയിപ്പോ പേപ്പർ തായോ... എന്നുപറഞ്ഞൂ ടീച്ചർ വന്ന് പിടിച്ചുവാങ്ങിച്ചാലോ... "ടീച്ചർ ഒരു വരി... പ്ലീസ്... പ്ലീസ് ഇപ്പോൾ തീരും...’ എന്നുപറഞ്ഞ് കിണുങ്ങും.
ഹിസ്റ്ററി എക്സാം ആണെങ്കിൽ ടീച്ചർ പേപ്പർ പിൻ ചെയ്യൂ എന്ന് പറയുമ്പോൾ ടീച്ചർ, ഒരു പേപ്പർ കൂടി വേണം.. കുറച്ചൂടെ ഉണ്ട് എഴുതാൻ.. എന്നു പറയുന്ന വിരുതന്മാരെയും വിരുതത്തികളെയും കണ്ട് ഞാൻ അന്തം വിട്ടിട്ടുണ്ട്.
ഓണപ്പരീക്ഷ... ക്രിസ്മസ് പരീക്ഷ ഇങ്ങനെ വർഷത്തിൽ രണ്ടുപ്രാവശ്യം നടക്കുന്ന പരീക്ഷകളുടെ പേപ്പർ വിതരണം നടക്കുന്ന സമയത്ത് ചില കുട്ടികൾ കാണിക്കുന്ന കള്ളത്തരം ചില്ലറയല്ല. പേരെഴുതുക, പൂരിപ്പിക്കുക എന്നീ ചോദ്യങ്ങളുടെ ഉത്തരങ്ങൾ നമ്പർ മാത്രം ഇട്ടുവയ്ക്കും.
ഒന്നും എഴുതുകയില്ല.. പേപ്പർ കൈയിൽ കിട്ടുമ്പോൾ അവിടെ ശരിയുത്തരം എഴുതിവച്ച് അധ്യാപകരെ കൊണ്ടുകാണിക്കും!
സർ, ഇവിടെ മാർക്കിട്ടില്ല, തെറ്റിട്ടിരിക്കുന്നു. ഈ ഉത്തരംതന്നെയാണ് ലവനും എഴുതിയത്. അവന് ശരി. എനിക്ക് തെറ്റ്... എന്നുപറഞ്ഞു ശരിയെഴുതി മാർക്കുകിട്ടിയവന്റെ പേപ്പറും കൈയിൽ പിടിച്ചാണ് നിൽപ്പ്. പാവം അധ്യാപകൻ എന്തുചെയ്യും.
ആകെപ്പാടെ കൺഫ്യൂഷൻ.. അങ്ങനെവരാൻ വഴിയില്ലല്ലോ... എന്നു പറഞ്ഞു കൊടുക്കും മാർക്ക്.
എന്റെ ഒരു കൂട്ടുകാരി വീട്ടിൽ കൊണ്ടുപോയി എഴുതിക്കൊണ്ടു വരുമായിരുന്നു. അവൾ എഴുതിചേർത്തതാണ് അതെന്നു ടീച്ചറോട് പറയണമെന്നുണ്ടായിരുന്നു. പക്ഷേ, അന്ന് അങ്ങനെയൊക്കെ പറയാൻ പേടിയായിരുന്നു. ഇങ്ങനെ കള്ളം കാണിച്ച് അധ്യാപകരെ പറ്റിച്ചവരൊക്കെ ഇപ്പോഴത് ഓർക്കുന്നുണ്ടാവുമോ എന്തോ.
ഇത്തരം കാര്യങ്ങൾ വീട്ടിൽ വന്നു പറയുമ്പോൾ അമ്മ പറഞ്ഞതോർക്കുന്നു: "ഇതുപോലെയുള്ള കള്ളത്തരങ്ങൾ കാണിക്കുന്നവർ പിന്നീടു ജീവിതത്തിലും അത് കാണിക്കും. ഇപ്പോൾ പിടിക്കപ്പെട്ടില്ലെങ്കിലും എപ്പോഴെങ്കിലും അതിനിട വന്നുകൂടായ്കയില്ല...’
അമ്മ അന്നു പറഞ്ഞത് വാസ്തവമാണെന്നു പിന്നീട് തെളിഞ്ഞു.