ആന ആപ്പിന് സമയമായി..!
മുരളി തുമ്മാരുകുടി
Thursday, March 6, 2025 3:01 PM IST
ഏതാനും വർഷംമുൻപ് വയനാട്ടിലെ മുൻ എംഎൽഎ സി.കെ. ശശീന്ദ്രൻ എന്നെ വിളിച്ചു. വയനാട്ടിൽ വർധിച്ചു വരുന്ന വന്യമൃഗങ്ങളുടെ ആക്രമണത്തെപ്പറ്റി സംസാരിക്കാനാണ് വിളിച്ചത്. ഈ വിഷയത്തിൽ സാങ്കേതികമായി എന്ത് ചെയ്യാൻ കഴിയും, മറ്റു രാജ്യങ്ങൾ എന്ത് ചെയ്യുന്നു എന്നൊക്കെയാണ് അദ്ദേഹത്തിന് അറിയേണ്ടിയിരുന്നത്.
ആഫ്രിക്കയിലെ പല രാജ്യങ്ങളിലും കേരളത്തിലെപ്പോലെതന്നെ ഇതൊരു വിഷയമാണ്. ഈ വിഷയത്തിൽ അവർ എന്തു ചെയ്യുന്നു എന്നതിനെപ്പറ്റി എനിക്ക് ഏതാണ്ട് ഒരു രൂപമുണ്ട്. പക്ഷേ, ഇന്ത്യയിൽ നിലനിൽക്കുന്ന നിയമങ്ങൾക്കുള്ളിൽ അത് പലതും നടപ്പാക്കാൻ ബുദ്ധിമുട്ടുണ്ട്.
കാടിന് അകത്തും പുറത്തും വന്യമൃഗാക്രമണം ഉണ്ടാകുന്ന സ്ഥലങ്ങൾ മാപ്പിൽ കൃത്യമായി മാപ്പ് ചെയ്തു തുടങ്ങിയാൽ സ്ഥിരമായി ആക്രമണങ്ങൾ ഉണ്ടാകുന്ന സ്ഥലങ്ങളടക്കമുള്ള കാര്യങ്ങൾ അറിയാനാകും. കഴിഞ്ഞ പത്തു വർഷത്തെ പത്രവാർത്തകൾ പരിശോധിച്ച് കേരളത്തിൽ സ്ഥിരമായി വന്യമൃഗശല്യം ഉണ്ടാകുന്ന സ്ഥലങ്ങളുടെ ഒരു മാപ്പ് ഞാൻ തയാറാക്കിയിരുന്നു. അങ്ങനെയാണു നിലവിൽ മലയാറ്റൂരിൽനിന്നു പുഴകടന്ന് വേങ്ങൂരിൽ എത്തുന്ന ആനക്കൂട്ടം 10 വർഷത്തിനകം പെരുമ്പാവൂരിൽ എത്തുമെന്നുള്ള പ്രസ്താവന നടത്തിയത്. കേരളമൊട്ടാകെ ഇത്തരത്തിൽ മാപ്പിംഗ് നടത്തേണ്ട സമയം കഴിഞ്ഞു.
പക്ഷേ, അതുകൊണ്ടു മാത്രം കാര്യമൊന്നുമില്ല. ആനയിൽനിന്നും ആളെ രക്ഷിക്കണമെങ്കിൽ ഇപ്പോൾതന്നെ എന്തെങ്കിലുമൊക്കെ ചെയ്യണമല്ലോ. കേരളത്തിൽ ഇപ്പോൾ നാട്ടാനയും കാട്ടാനയുമായി ആളുകളെ കുത്തിക്കൊല്ലുന്നത് ആഴ്ചയിൽ ഒന്ന് വച്ചായി. അതുകൊണ്ടുതന്നെ കേരളത്തിൽ ഒരു ആന ആപ്പ് വേണം എന്നാണ് എന്റെ നിർദേശം.
കേരളത്തിൽ എവിടെയെങ്കിലും ഒരു കാട്ടാനയെ കണ്ടാൽ അത് ആപ്പിൽ സിറ്റിസൺ സയൻസ് വഴി മാപ്പ് ചെയ്യാം. കോളർ ഉള്ള ആനയാണെങ്കിൽ അത് ലൈവ് ആയി കൊടുക്കാം. നമ്മുടെ ചുറ്റും ഒരു കിലോമീറ്ററിനകം ആന ഉണ്ടെങ്കിൽ നമുക്ക് "ആന അലർട്ട്’ കിട്ടുന്ന തരത്തിൽ ആപ്പ് സെറ്റ് ചെയ്യാം.
ആനയിറങ്ങിയിട്ടുണ്ട് എന്നറിഞ്ഞാൽ ബൈക്ക് എടുത്തോ ഓട്ടോ വിളിച്ചോ അങ്ങോട്ട് ഓടിച്ചെല്ലുന്ന ആളുകളാണ് കൂടുതൽ. അവരെ നമുക്ക് രക്ഷിച്ചെടുക്കാനാവില്ല. പക്ഷേ, സുരക്ഷാബോധമുള്ളവർക്കും ജീവനിൽ കൊതിയുള്ളവർക്കും ഈ അലർട്ട് കൊണ്ട് മുൻകരുതലുകൾ എടുക്കാനാകും.
ആനയെ മാത്രമല്ല കടുവ, പുലി, പന്നി എന്നിവയെയും ആപ്പിന്റെ ഭാഗമാക്കാം. അതിസുരക്ഷാബോധം ഉള്ളവർക്കുവേണ്ടി നാട്ടാനകളുടെ ലൊക്കേഷൻ കൂടി കൊടുക്കാം. ആനയെ എഴുന്നള്ളിക്കുന്ന ആഘോഷങ്ങൾക്ക് പോകാതിരിക്കാമല്ലോ.