ഗ്രാമങ്ങളിലെ കല്യാണ വീടുകൾ..!
സതീഷ് കുമാർ
Tuesday, March 4, 2025 2:32 PM IST
ഗ്രാമങ്ങളിൽ കല്യാണവീടുകൾ ഒരുങ്ങി വരുന്നതു കാണേണ്ട കാഴ്ചയാണ്. പ്രത്യേകിച്ചും പെൺകുട്ടികളുടെ വിവാഹം നടക്കാനുള്ള വീടുകൾ. അന്നുവരെയില്ലാത്ത ഒരു പ്രകാശം ആ വീടുകളെ ചൂഴ്ന്നുനിൽക്കുന്നതു കാണാനാകും. നിരാശരുടെ ശരീരഭാഷ വെടിഞ്ഞ് വീട്ടിലുള്ള ആളുകൾ ഉത്സാഹത്തിലും വേഗത്തിലും നടക്കുന്നതും കാണാം.
വീട്ടുമുറ്റത്തുള്ള ലൊട്ടുലൊടുക്കുകൾ പൊടുന്നനെ കാണാതാകും. കാലൊടിഞ്ഞ കസേര, വക്ക് ചളുങ്ങിയ അലുമിനിയ വട്ടക, കൂട്ടിയിട്ടിരുന്ന ഒഴിഞ്ഞ ഉജാലക്കുപ്പികൾ എന്നിവയെല്ലാം ഒരു മാജിക്കിലെന്നപോലെ അപ്രത്യക്ഷമാകും. പുല്ലും ചപ്പും കോതിയൊതുക്കിയ മുറ്റവും നടവഴിയും അതിഥികളോട് വരൂ വരൂ എന്നു ചിരിക്കുന്നതു കാണാം.
ഉടഞ്ഞ ചില്ലുകൾ മാറ്റിയോ, ഇല്ലാത്ത ജനൽപാളികൾ പുതുതായി വച്ചോ ആശാരി ഒരു കുഞ്ഞു മണിയറ ധൃതിയിൽ തീർത്തെടുക്കും. ഉപേക്ഷിക്കപ്പെട്ടവരെപ്പോലെ മൂലയിൽ ഒതുങ്ങിയിരുന്നിരുന്ന പ്രായുള്ളവർ അതിപ്രധാനരായി ഉമ്മറത്തിട്ട പ്ലാസ്റ്റിക് കസേരയിൽ ഇരിക്കും. ഏറെ നാളുകൾക്കുശേഷം ഭാര്യയും ഭർത്താവും അടുത്തടുത്ത് ഇരിക്കുന്നതും പരസ്പരം കേൾക്കുന്നതും കാണാം.
വീട്ടിലെ ഇളയ ആൺകുട്ടി അത്യുത്സാഹത്തോടെ ഇടയ്ക്കിടെ അടുത്ത കടയിലേക്ക് ഓടിപ്പോകുന്നതും മിക്സ്ചർ, ബിസ്കറ്റ്, ചായപ്പൊടി എന്നിത്യാതികൾ വാങ്ങിവരുന്നതും കാണാം. ഉമ്മറത്തെ മരമേശയിൽ പുതിയ പ്ലാസ്റ്റിക് വിരിപ്പു കാണാം. ഉമ്മറവാതിലിൽ കൈതുടച്ച് കൈതുടച്ച് കറുത്തുപോയ കർട്ടനു പകരം ഇന്നലെ വരെ അമ്മ പുറത്തേക്കുടുത്തിരുന്ന സാരി കാണാം.
ലജ്ജയാൽ തുടുത്ത മുഖമുള്ള ഒരു മെലിഞ്ഞ പെൺകുട്ടിയെ കാണാം. അടുക്കളപ്പടിയിലിരുന്ന് അവൾ കാൽനഖം വെട്ടുന്നതും അലക്കു കല്ലിലുരച്ച് ഉപ്പൂറ്റി വൃത്തിയാക്കുന്നതും കാണാം. തൊടിയിൽ ഒന്നോ രണ്ടോ പണിക്കാരെ കാണാം. ഇവരെ സഹായിക്കയാണെന്ന നാട്യത്തിൽ മേലനങ്ങാതെ കട്ടൻചായ ഊതിക്കുടിക്കുന്ന ചില അയൽക്കാരെ കാണാം.
വലിയ തിരക്കാണെന്നു ഭാവിച്ച് ഓടിനടക്കുന്ന ഗൃഹനാഥനെ സഹകരണ ബാങ്കിനു മുന്നിൽ നിൽക്കുന്നത് കാണാം. തന്റെ ജീവിതത്തിൽ ഒരിക്കൽ മാത്രം സാധ്യമാകുന്ന ആർഭാടഭാവത്തോടെ അയാൾ ജ്വല്ലറിയിലും തുണിക്കടയിലും ഇരുന്ന് നോട്ടുകൾ എണ്ണുന്നതും കാണാം. അങ്ങനെ എത്രയോ കാഴ്ചകൾ....
ഇത്തരം കാഴ്ചകളിൽ കണ്ണു തട്ടുമ്പോഴൊക്കെ ഞാൻ വിചാരിക്കാറുണ്ട്: ഈ മനുഷ്യർക്ക് എന്നും ഇത്രയും സന്തോഷത്തോടെയും ഉത്സാഹത്തോടെയും ജീവിക്കാൻ കഴിയാത്തത് എന്തുകൊണ്ടാകും എന്ന്. ലജ്ജയോടെയും മോഹങ്ങളോടെയും വിവാഹത്തിനൊരുങ്ങുന്ന ആ പാവം പെണ്കുട്ടിയുടെ സന്തോഷങ്ങളെങ്കിലും പൊടുന്നനെ അസ്തമിക്കാതിരുന്നെങ്കിൽ എന്നൊരു പ്രാർഥനയും തള്ളിക്കയറിവരും മനസിലേക്ക്!