ചുണ്ടയ്ക്ക തീയൽ മാങ്ങാ ചമ്മന്തി..!
Friday, February 28, 2025 12:55 PM IST
ലോകത്തിന്റെ ഏതൊക്കെ ഭാഗങ്ങളിൽ പോയി ഭക്ഷണം കഴിച്ചാലും അമ്മയും മുത്തശ്ശിയും ഉണ്ടാക്കിത്തരുന്ന ഭക്ഷണത്തിന്റെ രുചി വരില്ലെന്നു തോന്നിയിട്ടുണ്ട്. ഭക്ഷണത്തോടൊപ്പം അവർ സ്നേഹവും കരുതലും കൂടി ചേർക്കുന്നതിനാലാകാം.
എന്റെ മുത്തശ്ശി ചുണ്ടയ്ക്ക കൊണ്ടുണ്ടാക്കുന്ന തീയൽ ബഹുവിശേഷമായിരുന്നു. തേങ്ങ വറുത്തരച്ചായിരുന്നു പാചകം. ചുണ്ടയ്ക്കയുടെ ചവർപ്പ് പോകാൻ തേങ്ങാകൊത്തും ജാസ്തി ചേർക്കുമായിരുന്നു. പറമ്പിലൊക്കെ അന്നു ധാരാളമായി ഉണ്ടായിരുന്ന ചുണ്ടയ്ക്കകൊണ്ട് മെഴുക്കുപുരട്ടിയും ഉണ്ടാക്കിയിരുന്നു.
മുത്തശിയുടെ പച്ചക്കശുവണ്ടി തോരൻ, മത്തപ്പൂവ് തോരൻ... എന്നിവയ്ക്കും ഒരു പ്രത്യേക രുചിതന്നെയായിരുന്നു. രാത്രി മിക്കവാറും ദിവസങ്ങളിൽ കഞ്ഞിയും ചുട്ടരച്ച ചമ്മന്തിയുമായിരിക്കും. അതല്ലങ്കിൽ മാങ്ങാ ചമ്മന്തി, പപ്പടം ചുട്ടത്, പിന്നെയൊരു അച്ചാർ. അല്പം കൂടി കുശാലാക്കാൻ ചിലപ്പോൾ പയറു പുഴുങ്ങിയതും.
കഞ്ഞിയുടെ കൂടെ കാച്ചിൽ, ചേമ്പ്, ചേന, പച്ചക്കായ എന്നിവയെല്ലാം കൂട്ടി അസ്ത്രം എന്നൊരു കറിയുണ്ടാക്കും. തേങ്ങയും പച്ചമുളകും ഒന്നുരണ്ടല്ലി വെളുത്തുള്ളിയും അരച്ചു ചേർത്ത് അവസാനം ഒരല്പം പച്ച വെളിച്ചെണ്ണയും ചേർക്കും. ആഹാ എന്തു മണമായിരുന്നു. അപാരരുചിതന്നെയായിരുന്നു ആ ഐറ്റം.
ദോശയ്ക്കോ ഇഡ്ഡലിക്കോ മാവരയ്ക്കുന്നതു കാണുന്പോൾ വലിയ സന്തോഷമായിരുന്നു. കഞ്ഞിയിൽനിന്നുള്ള ഒരു മോചനം. ഇടയ്ക്കിടെ ഉണ്ടാക്കുന്ന ഇത്തരം പലഹാരങ്ങൾ അതിന്റെ സ്വാദ്. അതൊക്കെ ഓർക്കുന്പോൾ ഇപ്പോഴും ഉള്ളിലൊരു വിങ്ങലാണ്.
മാവിൽനിന്ന് എറിഞ്ഞു വീഴ്ത്തുന്ന മാങ്ങ, ഉപ്പും മുളകും ചെറിയുള്ളിയും കൂട്ടി കഴിക്കുമ്പോൾ ഉണ്ടാകുന്ന സംതൃപ്തി. അതൊന്നു വേറെ തന്നെ. പറമ്പിൽ അവിടവിടെ കറങ്ങിനടന്നു കിട്ടുന്ന കശുവണ്ടി മുറ്റത്ത് അടുപ്പുകൂട്ടി ചുട്ടെടുത്ത് ചിരട്ടകൊണ്ട് തല്ലിപ്പൊട്ടിച്ചു കഴിക്കുമ്പോൾ കിട്ടുന്ന രുചി കടയിൽനിന്നു പായ്ക്കറ്റിൽ കിട്ടുന്ന കാഷ്യുനട്ടിന് കിട്ടുമോ.
എവിടെപ്പോയാലും ഒരിക്കലെങ്കിലും ഓടിയെത്താൻ കൊതിക്കുന്ന ഒരിടമുണ്ടാകും എല്ലാവർക്കും. ഇടയിലെപ്പോഴോ ഓടിവന്നു തല ചായ്ക്കാൻ കൊതിക്കുന്ന ചിലയിടങ്ങൾ. പഴമയിൽനിന്നു പുതുജീവിതത്തിന്റെ മേച്ചിൽപുറങ്ങൾ തേടി പോകുമ്പോൾ പഴമയെ ഇപ്പോഴും നെഞ്ചോടു ചേർത്തുപിടിക്കുന്നു ചില മനുഷ്യർ. അക്കൂട്ടത്തിൽ ഒരാളായി ഞാനും.