കുടിയേറ്റങ്ങൾ അവസാനിക്കില്ല..!
മുരളി തുമ്മാരുകുടി
Tuesday, February 18, 2025 9:41 AM IST
അമേരിക്കയിൽ പുതിയ പ്രസിഡന്റ് വന്നിട്ട് ഏറെ ദിവസമായിട്ടില്ല. അതിനിടയിൽതന്നെ നാടകീയനീക്കങ്ങളും രംഗങ്ങളുമാണു കാണുന്നത്. അമേരിക്കയിലേക്ക് നിയമവിരുദ്ധമായി കുടിയേറിയവരെ കണ്ടെത്തി വിലങ്ങുവച്ച് മാതൃരാജ്യങ്ങളിലേക്ക് മിലിട്ടറി വിമാനങ്ങളിൽ കയറ്റി അയയ്ക്കുന്ന കാഴ്ചയാണ് ഒന്നാമത്തേത്. മറ്റുരാജ്യങ്ങളിൽനിന്നുള്ള ഇറക്കുമതിക്ക് അധികച്ചുങ്കം ഏർപ്പെടുത്തുന്നതാണു മറ്റൊന്ന്.
അതിരുകൾ ഇല്ലാതാകുന്ന ലോകത്തെപ്പറ്റിയാണ് ഞാൻ എപ്പോഴും പറയാറുള്ളതും സ്വപ്നം കാണുന്നതും. പക്ഷേ, ഇപ്പോൾ അതിനു കടകവിരുദ്ധമായ രണ്ടു നയങ്ങളാണ് അമേരിക്കയിൽനിന്നു കാണുന്നത്. ഇതുപക്ഷേ, അമേരിക്കയിലെ മാത്രം സ്ഥിതിയല്ല.
കുടിയേറ്റത്തിനെതിരെയുള്ള വികാരം പാശ്ചാത്യ രാജ്യങ്ങളിൽ ഒക്കെത്തന്നെയുണ്ട്. പൊതുവെ കുടിയേറ്റത്തെ അനുകൂലിച്ചിരുന്ന ജർമനിയിൽ പുതിയ തെരഞ്ഞെടുപ്പ് വരുന്പോൾ പ്രധാന വിഷയം കുടിയേറ്റംതന്നെയാണ്. കുടിയേറ്റത്തിന് എതിരായ നയങ്ങൾ ഉള്ളവർക്ക് തെരഞ്ഞെടുപ്പിൽ മുന്നേറ്റം ഉണ്ടാകുമെന്നാണ് കരുതപ്പെടുന്നത്.
അതിരുകളില്ലാത്ത ലോകം അവസാനിച്ചെന്നും ഇനി മതിലുകളുടെ കാലമാണെന്നും ഇതുകൊണ്ട് കരുതേണ്ടതില്ല. സാമ്പത്തികവും ജനസംഖ്യാപരവുമായ കാരണങ്ങളാൽ കുടിയേറ്റം എന്ന പ്രതിഭാസം നിലനിൽക്കുമെന്നു മാത്രമല്ല അത് വർധിക്കുകയും ചെയ്യും. കുടിയേറ്റത്തിനെതിരായി നയങ്ങളും പദ്ധതികളും ഉണ്ടാക്കുന്ന രാജ്യങ്ങൾക്ക് അതുവഴി സാമ്പത്തികമായും സാമൂഹികമായും നിരവധി പ്രശ്നങ്ങളുണ്ടാകും. കുടിയേറ്റംകൊണ്ടുണ്ടാകുന്നതിന് മുകളിൽ നിൽക്കും ആ പ്രശ്നങ്ങൾ. ഇത് മനസിലായി തുടങ്ങുമ്പോൾ പെൻഡുലം മറുവശത്തേക്ക് നീങ്ങും.
പാശ്ചാത്യരാജ്യങ്ങളിലേക്കുള്ള നിയമപരമായ കുടിയേറ്റം നിലവിൽ ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇത് അങ്ങോട്ടേക്ക് നിയമപരമായി തൊഴിൽ തേടി വരാൻ ആഗ്രഹിക്കുന്നവരെയും മറ്റു രാജ്യങ്ങളിൽനിന്നുള്ളവരെ നിയമപരമായി തൊഴിലിന് നിയമിക്കാൻ ആഗ്രഹിക്കുന്നവരെയും ഒരുപോലെ ബുദ്ധിമുട്ടിക്കുന്നു. മറ്റു രാജ്യങ്ങളിൽനിന്ന് മനുഷ്യക്കടത്ത് നടത്തുന്നവർക്കും തൊഴിൽ തേടി എത്തുന്ന, വേണ്ടത്ര രേഖകൾ ഇല്ലാത്തവർക്ക് മിനിമം വേതനമോ മറ്റു ആനുകൂല്യങ്ങളോ നൽകാതെ പണിയെടുപ്പിക്കുന്നവർക്കുമാണ് ഇത് ഗുണകരമാക്കുന്നത്. ഇപ്പോൾ നടക്കുന്ന സംഭവങ്ങൾ ഇക്കാര്യങ്ങളിൽ കൂടുതൽ കാര്യക്ഷമമായ, മാനുഷികമായ നയങ്ങൾ ഉണ്ടാക്കാൻ കാരണമായേക്കും. അതുവഴി നാലു വർഷം കഴിയുമ്പോൾ കുടിയേറ്റങ്ങൾ ഇപ്പോഴത്തേക്കാളും കൂടാനാണു സാധ്യത.
മറ്റു രാജ്യങ്ങളിൽനിന്നു വരുന്ന വസ്തുക്കൾക്കും സേവനങ്ങള്ക്കും ചുങ്കം വർധിപ്പിക്കുന്നത് ആഭ്യന്തര ഉപഭോക്താക്കളുടെ ചെലവ് കൂട്ടും. അവരുടെ ഉപഭോഗം കുറയും. ഇതുവഴി ജനങ്ങൾക്കും രാജ്യത്തിനും നഷ്ടമുണ്ടാകുംു. ഇത്തരം പ്രത്യാഘാതങ്ങൾ വ്യക്തമാകുന്നതോടെ കൂടുതൽ യുക്തിപൂർവമായ നയങ്ങളും നടപടികളും ഉണ്ടാകുമെന്നും മതിലുകളുടെ ഉയരം കുറയുമെന്നുംതന്നെയാണ് എന്റെ വിശ്വാസം.