ഭാര്യ പറഞ്ഞാൽ അത് തെറ്റ്, മറ്റാരെങ്കിലുമാണേൽ ശരി!
വിനീത ശേഖർ
Friday, February 14, 2025 3:19 PM IST
പലർക്കും അവരുടെ വീട്ടിലെ സ്ത്രീകൾ പറയുന്നത് അംഗീകരിക്കാനും ഉൾക്കൊള്ളാനും വലിയ മടിയാണ്. അവരുടെ അഭിപ്രായങ്ങൾക്ക് ഒരു വിലയും കൊടുക്കില്ല. ഒന്നിച്ചെടുക്കേണ്ട തീരുമാനങ്ങളിൽപോലും അവരുടെ ഇഷ്ടങ്ങൾ അന്വേഷിക്കില്ല. അനുസരിച്ചു പോയാൽ തങ്ങൾ ചെറുതായി പോകുമോ എന്ന മിഥ്യാധാരണ.
അതുപോലെ പുരുഷന്മാരെ അംഗീകരിക്കാൻ മടിയുള്ള സ്ത്രീകളുമുണ്ട്. എന്നാൽ തമാശ അതല്ല. അവനവന്റെ ഭാര്യ പറയുന്ന അഭിപ്രായം കുടുംബത്തിലെ വേറെ ഏതെങ്കിലും പെണ്ണുങ്ങളോ, അയൽപക്കത്തുള്ളവരോ പറഞ്ഞാൽ അത് സ്വന്തം ഭാര്യയുടെ മുൻപിൽ വച്ചുതന്നെ "ശരിയാണല്ലോ’ എന്നു പറയാൻ യാതൊരു സങ്കോചവുമില്ല.
പരസ്പരസ്നേഹം എന്നത് ദാമ്പത്യത്തിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ്. ഇത്തരം കരുതലും സ്നേഹവും ആസ്വദിക്കുകയും വേണം. വിവാഹത്തിന്റെ ആദ്യനാളുകളിൽ ഒന്നിച്ചു സിനിമ കാണാൻ പോവുകയും റസ്റ്ററന്റിൽനിന്നു ഫുഡ് കഴിക്കുകയും ഒക്കെ ചെയ്തപോലെ തുടർന്നും ചെയ്യാൻ പലരും ശ്രമിക്കാറില്ല. പക്ഷേ, ചെയ്യേണ്ടതാണ്.
ബർത്ത്ഡേയും വെഡിംഗ് ആനിവേഴ്സറിയുമൊക്കെ ഓർക്കാത്ത ചിലരുണ്ട്. മനഃപൂർവം അല്ല. തിരക്കിനിടയിൽ അതൊക്ക അറിയാതെ വിട്ടുപോകുന്നതാകും. ഇതിന്റെ പേരിൽ ഭൂകമ്പം ഉണ്ടാക്കുന്ന ചില കൂട്ടുകാരികൾ എനിക്കുണ്ട്. ഇതൊക്കെയാണ് ജീവിതത്തിലെ ഏറ്റവും വലിയ കാര്യങ്ങൾ എന്നു കരുതുന്നവർ. ഇനിയിപ്പോ അറിഞ്ഞാതന്നെ ചിലർക്കത് അത്ര സെലിബ്രേറ്റ് ചെയ്യേണ്ട ഒന്നായി തോന്നാറില്ല. അതിനർഥം സ്നേഹക്കുറവാണെന്നല്ല.
എനിക്ക് ഒന്നും വാങ്ങി തന്നില്ല. അപ്പുറത്തെ അദ്ദേഹത്തെ നോക്കു, ഓർത്തുവച്ചെന്തെല്ലാം ചെയ്യുന്നു... എന്നൊക്കെ പറയുമ്പോൾ നിങ്ങൾക്ക് കഴിഞ്ഞ മാസം വാങ്ങിത്തന്ന ഗിഫ്റ്റ് ഒന്ന് ഓർത്താൽ മതി.
നല്ല ആശയവിനിമയത്തിന്റെ അഭാവം പല ബന്ധങ്ങളിലും കണ്ടുവരുന്ന ഒരു ന്യൂനതയാണ്. എന്റെ ചില പുരുഷ സുഹൃത്തുക്കൾ ചിലപ്പോൾ പറഞ്ഞു കേട്ടിട്ടുണ്ട് - ‘ജീവിതത്തിൽ കല്യാണമേ കഴിക്കരുത്, ഒന്നൊഴിഞ്ഞു പോയിരുന്നെങ്കിൽ, മാരണം...’ എന്നൊക്കെ. ഇതൊക്കെതന്നെയല്ലേ നിങ്ങളുടെ ഭാര്യയും നിങ്ങളെക്കുറിച്ചു കരുതുന്നത് എന്നെങ്ങാനും ചോദിച്ചുപോയാൽ ഈഗോ വർക്ക് ചെയ്യും. അവരങ്ങു ചെറുതായി പോയപോലെ തോന്നും.
പങ്കാളിയുടെ തെറ്റുകുറ്റങ്ങൾ പറയാൻ നൂറെണ്ണം കാണും. എന്നാൽ, പറയുന്നവർക്ക് തിരുത്താൻ പലതുമുണ്ടെങ്കിലും അതൊട്ടു ചെയ്യുകയുമില്ല. സന്തോഷമായി കഴിയുന്ന കുടുംബങ്ങൾ കണ്ടാൽ, അവരൊക്കെ അഭിനയിക്കുന്നു എന്നൊക്കെയാണു പറയുക. യഥാർഥകുടുംബജീവിതം അഡ്ജസ്റ്റ്മെന്റ് അല്ലെന്നും അണ്ടർ സ്റ്റാൻഡിംഗ് ആണെന്നും പലരും മനസിലാക്കുന്നില്ല.
ഇങ്ങനെയൊക്കെ ജീവിച്ച പലരും ജീവിതം ഒന്നും ബാക്കി വയ്ക്കാത്ത പ്രായത്തിൽ സ്ത്രീകളുടെ അഭിപ്രായത്തിന് വില കൊടുക്കുന്നതു കാണാം. നേടിയെടുത്തതും പിടിച്ചടക്കിയതുമെല്ലാം നഷ്ടപ്പെട്ട്, ഒന്നുമില്ലാതെ ഒറ്റയ്ക്കാവുന്ന അവസ്ഥയിൽ തുണയായി അവർ മാത്രമേ ഉള്ളൂ എന്ന യാഥാർഥ്യം ഉൾക്കൊള്ളുമ്പോഴായിരിക്കും അങ്ങനെ ചെയ്യുക. സ്നേഹത്തിന്റെ ശക്തി എന്താണെന്നു തിരിച്ചറിയുന്നതും അപ്പോഴായിരിക്കും.