നല്ലതാണ് മല്ലി
കൃഷ്ണൻ രാംദാസ്
Thursday, February 13, 2025 1:18 PM IST
മല്ലി നല്ലതാണ്. പക്ഷേ, മഞ്ഞളും മുളകുംപോലെ മല്ലിയും അതിവേഗം അപ്രത്യക്ഷമാകുകയാണു മലയാളിയുടെ ഭക്ഷണങ്ങളിൽനിന്നും. പല രോഗാവസ്ഥകളെയും പ്രതിരോധിക്കാൻ ശേഷിയുള്ള മല്ലിയെ ഒഴിവാക്കുന്നത് വലിയ ദോഷം ചെയ്യും.
ചിക്കൻ, മട്ടൺ, ബീഫ്, പന്നിയിറച്ചി എന്നീ മാംസങ്ങൾ ഉയർന്ന ചൂടിൽ പാകം ചെയ്യുമ്പോൾ മാംസങ്ങളിലെ മാംസ്യം, ഹെട്രോസൈക്ലിക് അമീൻസ് എന്ന മാരക വിഷവസ്തുവായി മാറും. അർബുദരോഗകാരിയായ ഹെട്രോ സൈക്ലിക് അമീൻസിനെ തടയാൻ പാചകത്തിൽ ഉപയോഗിക്കുന്ന മല്ലിക്കു സാധ്യമാണ്.
പണ്ടുകാലങ്ങളിൽ വീടുകളിൽ കൽച്ചട്ടികളിൽ മാത്രമാണു മാംസം കറിവച്ചിരുന്നത്. ഇതിൽ ചൂട് 100 ഡിഗ്രി കടക്കില്ല. എന്നാൽ, ഇന്ന് എണ്ണയിലും ബോർമയിലും നേരിട്ട് തീയിലും മറ്റും വേവിക്കുമ്പോൾ ചൂട് 300 ഡിഗ്രിയോ അതിൽ കൂടുതലോ ആയിരിക്കും. അപകടസാധ്യത അത്യധികം വർധിക്കുമെന്നു സാരം. ജനിതകസാധ്യതകൾ പേറുന്നവർക്ക് ഇത്തരം ജീവിതശൈലി കൂടി കൂട്ടിനെത്തുമ്പോൾ അറുപതുവയസിൽ വന്നേക്കാവുന്ന കാൻസർ 30 വയസിൽത്തന്നെ വന്നെന്നു വരാം.
ചെറുകുടലിൽ, പ്രോട്ടീനുകളെ ദഹിപ്പിക്കാൻ പാൻക്രിയാസ് ഉത്പാദിപ്പിച്ചെത്തിക്കുന്ന ട്രിപ്സിൻ എന്ന ദഹനരസത്തിന്റെ ഉത്പാദനവും വിതരണവും ഗുണപരമായി നിയന്ത്രിച്ച് മാംസാഹാരങ്ങളുടെ ദഹനം കൂടുതൽ ഫലപ്രദമാക്കാനും മല്ലി സഹായിക്കും.
മാംസങ്ങൾ ദഹിപ്പിക്കാനാവശ്യമായ ബൈൽ ആസിഡുകളുടെ ഉത്പാദനം കൂട്ടാൻ കരളിനെ പ്രചോദിപ്പിക്കാനും മല്ലിക്കാവും. ദഹനത്തിനും ദഹിച്ചത് ആഗിരണം ചെയ്യാനും ഉദരസ്തംഭനവും വായുകോപവും ഇല്ലാതാക്കാനും മല്ലി സഹായിക്കും. രക്തത്തിലെ ഗ്ലൂക്കോസ് ഉയരാതെ നിർത്താനും മല്ലി സഹായിക്കും. ടൈപ്പ് 2 പ്രമേഹം എന്ന പ്രമേഹരോഗാവസ്ഥയിൽ വലിയൊരു സഹായമാണിത്.
പ്രമേഹവും ഹൃദ്രോഗങ്ങളും അടങ്ങുന്ന മെറ്റബോളിക് സിൻഡ്രോമിൽ മല്ലി ഗുണം ചെയ്യും. വാതരോഗാവസ്ഥകളെ പ്രതിരോധിക്കാനും മല്ലി സഹായകം. ആർത്തവസമയത്തുണ്ടാകുന്ന വേദന കുറയാൻ മല്ലിയിട്ടു തിളപ്പിച്ച വെള്ളം മതിയാകും. വേദനസംഹാരികൾ ഒഴിവാക്കാം.
ഹൃദയാരോഗ്യത്തിനും പലവിധത്തിൽ സഹായകമാണു മല്ലി. എൽഡിഎൽ കൊളസ്ട്രോൾ കുറയാനും എച്ച്ഡിഎൽ കൂടാനും നല്ലതാണ് മല്ലി. രക്താദിസമ്മർദം നിയന്ത്രിക്കാനും സഹായകം. മല്ലിയിലെ ലിനലൂൾ എന്ന ഘടകം ഉത്കണ്ഠ കുറയ്ക്കാൻ സഹായിക്കും. ഭക്ഷണപദാർഥങ്ങളിൽ മല്ലി അരച്ച് ചേർക്കുന്നതും മല്ലിയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതുമൊക്കെ വെറുതെയാവില്ല. മല്ലി നല്ലതാണ്, മലയാളികൾക്കു വിശേഷിച്ചും.