ഒഴിഞ്ഞുകിടക്കുന്ന വീടുകളിൽ ചെയ്യാൻ കഴിയുന്നത്..!
Tuesday, February 11, 2025 2:44 PM IST
കേരളത്തിലെ ടൂറിസത്തിന് അനന്തസാധ്യതകളുണ്ട്. സംസ്ഥാനത്തെ ജനസംഖ്യക്ക് തുല്യമായത്രയും വിദേശ ടൂറിസ്റ്റുകളും ഇതര സംസ്ഥാന ടൂറിസ്റ്റുകളും എത്തുന്ന ഒരു കാലം സാധ്യമാണ്. ഇപ്പോൾ വരുന്ന 15-20 ലക്ഷം വിദേശ ടൂറിസ്റ്റുകളിൽനിന്ന് 300 ലക്ഷത്തിനു മുകളിലുള്ള വളർച്ചയാണു ലക്ഷ്യം വയ്ക്കേണ്ടത്.
കോവളവും കുമരകവുംപോലെ പത്തോ ഇരുപതോ ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഓവർ ടൂറിസം മുഖേന ട്രാഫിക് ജാമും വിലക്കയറ്റവും മാലിന്യപ്രശ്നവും ഉണ്ടാക്കിയല്ല അത് സാധിക്കേണ്ടത്. കേരളത്തിലെ ആയിരം ഗ്രാമങ്ങളും ടൂറിസ്റ്റ് സാധ്യതയുള്ളതാണ്. അവിടെയൊക്കെ അനവധി വീടുകൾ ഒഴിഞ്ഞുകിടക്കുന്നുണ്ട്. ഓരോ പഞ്ചായത്തിലും ആയിരക്കണക്കിന് വീടുകളിൽ സഞ്ചാരികൾക്ക് തുറന്നു കൊടുക്കാവുന്ന ഒരു മുറിയെങ്കിലുമുണ്ട്. ഇവയൊക്കെ ഉപയോഗിക്കുന്നത് എളുപ്പമാക്കിയാൽ ടൂറിസ്റ്റുകളുടെ എണ്ണം പത്തിരട്ടിയാക്കാൻ പുതിയ ഹോട്ടലുകളൊന്നും ഉണ്ടാക്കേണ്ടി വരില്ല.
കേന്ദ്ര ബജറ്റിൽ ഹോം സ്റ്റേകൾക്ക് ലോൺ കൊടുക്കുമെന്ന് പറയുന്നു. നല്ല കാര്യം. ഹോം സ്റ്റേ രംഗത്തെ നിയന്ത്രിക്കുന്നതിൽനിന്നു സർക്കാർ ഒന്ന് മാറിനിൽക്കണം. ഹോം സ്റ്റേ ആക്കാൻ വീട്ടിൽ ഉടമസ്ഥൻ താമസിക്കണമെന്നും പഞ്ചായത്ത് മുതൽ പോലീസ് വരെ ഉള്ളവരിൽനിന്ന് അനുമതി വേണമെന്നുമുള്ള വകുപ്പുകളൊക്കെ മാറ്റണം.
ഹോം സ്റ്റേ ആക്കാൻ താത്പര്യമുള്ളവർ അക്കാര്യം ടൂറിസം വകുപ്പിൽ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യുക (അനുമതി അല്ല, അറിയിപ്പായി മാത്രം). ടൂറിസം ഡിപ്പാർട്മെന്റ് ഇക്കാര്യം മറ്റു സർക്കാർ ഡിപ്പാർട്മെന്റുകളിൽ അറിയിക്കണം. എന്തിനാണ് സംരംഭകൻ മറ്റ് ഓഫീസുകളിൽ അനുമതിക്ക് നടക്കുന്നത്?
മുറിയിൽ കണ്ണാടി ഉണ്ടോ എന്നൊന്നും അന്വേഷിക്കേണ്ട ഉത്തരവാദിത്തം സർക്കാരിനില്ല.
അതൊക്കെ കമ്പോളം നോക്കിക്കോളും. (മുറ്റത്ത് ഊഞ്ഞാൽകിടക്ക കെട്ടി കിടക്കാനും ടോയ്ലറ്റും ബാത്റൂമും ഉപയോഗിക്കാനും പത്തു ഡോളർ വരെ വാങ്ങുന്ന ഹോം സ്റ്റേകൾ ലോകത്തുണ്ട്. അവിടെയൊക്കെ ആയിരങ്ങൾ പോകുന്നുമുണ്ട്).
കേരളത്തിൽ അനുമതിയുള്ള ആയിരം ഹോംസ്റ്റേകളും അല്ലാത്തതായി അയ്യായിരവും ഉണ്ടെന്നാണ് റിപ്പോർട്ട്. അനുമതി വേണ്ടാത്ത പത്തുലക്ഷം ഹോംസ്റ്റേയുള്ള കേരളമാണ് ഞാൻ സ്വപ്നം കാണുന്ന കിനാശേരി. കേന്ദ്രത്തിന്റെ പുതിയ പദ്ധതി ഉപയോഗപ്പെടുത്താൻ ഹോം സ്റ്റേ സംവിധാനത്തിനു മുകളിലുള്ള എല്ലാ നിയന്ത്രണങ്ങളും എടുത്തുകളയണം.