തിരക്കിനിടയിൽ തിരക്കു കൂട്ടല്ലേ..!
(കേരള മോട്ടോർ വാഹനവകുപ്പ്)
Monday, February 10, 2025 1:32 PM IST
വാഹനവുമായി നിരത്തിലിറങ്ങുന്നവരിൽ മിക്കവരുംതന്നെ അത്യാവശ്യം തിരക്കുള്ളവരായിരിക്കും. തമാശയ്ക്കായി വാഹനവുമായി നിരത്തിലിറങ്ങുന്നവർ തുലോം കുറവാണ്. ഇക്കാര്യം തിരിച്ചറിഞ്ഞാൽ മാത്രംമതി റോഡിലെ ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാം.
ഡ്രൈവർമാരെല്ലാം ഒരല്പം സംയമനം പാലിച്ചാൽ ചുരുങ്ങിയ സമയംകൊണ്ട് തിരക്കേറിയ ജംഗ്ഷൻ കടന്നുപോകാം. അതിനുപകരം എല്ലാവരും മുന്നേ പോകാൻ തിരക്കുകൂട്ടിയാൽ ട്രാഫിക് ബ്ലോക്കിന്റെ ദൈർഘ്യം മണിക്കൂറുകളോളം നീളും. ഇതിന്റെ ഗൗരവം അറിയണമെങ്കിൽ ബ്ലോക്കിനിടെ അടിയന്തര വൈദ്യസഹായം ആവശ്യമായ ഒരു രോഗിയുമായി കടന്നുവരുന്ന ആംബുലൻസിനെ സങ്കൽപ്പിച്ചാൽ മാത്രം മതിയാകും. ആ ആംബുലൻസിലുള്ളത് നമ്മുടെ കുടുംബാംഗമാണെന്നുകൂടി ചിന്തിച്ചാൽ ഗൗരവം കൂടും. മറ്റുള്ളവരുടെ ഒരു നിമിഷത്തെ ക്ഷമകൊണ്ട് ഒരുപക്ഷേ, ഒരു വിലപ്പെട്ട ജീവൻ ആയിരിക്കും രക്ഷപ്പെടുന്നത്.
നമ്മുടെ നാട്ടിലെ ഗതാഗതനിയമത്തിന്റെ അടിസ്ഥാനംതന്നെ പരമാവധി ഇടതുവശം ചേർന്ന് വാഹനം ഓടിക്കുക എന്നുള്ളതാണ്. നിർത്തേണ്ടി വരുമ്പോഴും അതുതന്നെ പാലിച്ചാൽ എല്ലാവർക്കും സുഗമമായി റോഡ് ഉപയോഗിക്കാൻ സാധിക്കും. റോഡിലെ മധ്യവര മറികടക്കാൻ അനുവദിച്ചിരിക്കുന്നത് ഓവർടേക്കിംഗ് സമയത്തു മാത്രമാണ്.
നടപ്പാത ഇല്ലാത്ത സ്ഥലങ്ങളിൽ റോഡിന്റെ വലതു വശത്തുകൂടി മാത്രമെ നടക്കാവൂ. ചെറിയ കുട്ടികളുമായി നടക്കുമ്പോൾ കുട്ടികൾ റോഡരികിൽ വരാത്ത രീതിയിൽ നമ്മുടെ വലതുകൈ കൊണ്ട് കുട്ടിയുടെ ഇടതു കൈപിടിച്ചുവേണം നടക്കാൻ. കുട്ടികളെ നമ്മുടെ കൈപിടിച്ചു നടക്കാൻ വിടരുത്.
മോട്ടോർ വെഹിക്കിൾ (ഡ്രൈവിംഗ്) റെഗുലേഷൻ 18 പ്രകാരം ഒരു ഡ്രൈവർ ഒരു വാഹനം പൊതുസ്ഥലത്തോ പൊതുറോഡിലോ പാർക്കിംഗ് സ്ഥലത്തോ പിറകോട്ട് ഓടിക്കാൻ പാടില്ല. ഏതെങ്കിലും അത്യാവശ്യഘട്ടത്തിൽ വാഹനം തിരിക്കേണ്ടി വന്നാൽ, അതീവ ജാഗ്രതയോടെ മറ്റുള്ളവർക്ക് അപകടമോ അസൗകര്യമോ ഇല്ലാത്ത വിധത്തിൽ വേണം പിറകോട്ടെടുക്കാൻ. ഒരു വാഹനവും പൊതുനിരത്തിലേക്ക് പിറകോട്ട് ഓടിക്കാൻ പാടില്ല. വൺവേ റോഡിലും പിറകോട്ട് ഓടിക്കരുത്.