ദാവോസിൽനിന്നു കണ്ടുപഠിക്കേണ്ടത്..!
മുരളി തുമ്മാരുകുടി
Friday, February 7, 2025 2:57 PM IST
അമേരിക്കൻ പ്രസിഡന്റ് മുതൽ ലോകത്തെ അനവധി ലോകനേതാക്കളും ബിസിനസ് സാമ്രാജ്യത്തിന്റെ അധിപന്മാരുമൊക്കെ എത്തിച്ചേരുന്ന ലോകത്തെ ഏറ്റവും പ്രശസ്തമായ മീറ്റിംഗുകളിൽ ഒന്നാണ് ദാവോസിൽ എല്ലാവർഷവും നടക്കുന്ന വേൾഡ് എക്കണോമിക് ഫോറം.
ഈവർഷം ട്രംപ് പ്രസിഡന്റായ അന്നുതന്നെയായിരുന്നു മീറ്റിംഗിന്റെ തുടക്കം. അതുകൊണ്ട് അദ്ദേഹം ഓൺലൈൻ ആയിട്ടാണ് പങ്കെടുത്തത്. കേരളത്തിൽനിന്നു വ്യവസായമന്ത്രി രാജീവിന്റെ നേതൃത്വത്തിൽ ഒരു പ്രതിനിധിസംഘം ഉണ്ടായിരുന്നു.
വേൾഡ് എക്കണോമിക് ഫോറം ഒരു പ്രസ്ഥാനമാണ്. 1971ൽ ഡോ. ക്ലൗസ് ഷ്വാബ് ആണ് ഈ പ്രസ്ഥാനം സ്ഥാപിച്ചത്. ഇതിന്റെ ആസ്ഥാനം ജനീവയിൽ ആണ്. മീറ്റിംഗുകൾ നടക്കുന്ന ദാവോസ്, സ്വിറ്റസർലണ്ടിലെ ചെറിയൊരു ഗ്രാമമാണ്. പതിനായിരം മാത്രമാണ് ജനസംഖ്യ. ഇവിടെ വിമാനത്താവളമില്ല. ജനീവയിലോ സ്യൂറിക്കിലോ ഇറങ്ങി ഹെലികോപ്റ്ററിലോ ട്രെയിനിലോ കാറിലോ വേണം ദാവോസിൽ എത്താൻ. ഇത്രയും ചെറിയൊരു ഗ്രാമം ഇതിനായി തെരഞ്ഞെടുത്തതും അവിടെനിന്ന് ഒരു ലോക ബ്രാൻഡ് ഉണ്ടാക്കിയെടുത്തതും കണ്ടുപഠിക്കേണ്ടതാണ്.
ഇവിടെ നടക്കുന്ന ചർച്ചകളുടെ രീതി ശ്രദ്ധേയമാണ്. വളരെ പ്രമുഖരായ നാലുമുതൽ ആറ് വരെ പാനൽ അംഗങ്ങൾ. ചർച്ചകൾ നയിക്കാൻ ഒരു മോഡറേറ്റർ. 40 മുതൽ 55 മിനിറ്റ് വരെയാണ് ഒരു വിഷയത്തിലുള്ള ചർച്ചയ്ക്ക് സമയം. സ്വാഗതപ്രസംഗം ഇല്ല. രാഷ്ട്രത്തലവന്മാർക്കുപോലും സംസാരിക്കാൻ കിട്ടുന്നത് അഞ്ചുമുതൽ എട്ടു മിനിറ്റ് വരെ. ലോകത്ത് എവിടെ പോയാലും ആളുകൾ ശ്രദ്ധിക്കുന്ന ചിന്തകൾ ഉള്ളവരാണു സദസ്യർ. അവിടെനിന്നു മൂന്നോ നാലോ ചോദ്യങ്ങൾ. കഴിഞ്ഞു! കൃത്യസമയത്ത് തുടങ്ങുന്നു, കൃത്യസമയത്ത് അവസാനിക്കുന്നു. എല്ലാ പാനലിലും സ്ത്രീകൾ ഉണ്ടായിരിക്കും. ഓരോ പ്രതിനിധിയും അമ്പതോ അറുപതോ ചർച്ചകളിൽ പങ്കെടുക്കും. ഇപ്പോൾ ലോകം ഈ ഫോർമാറ്റിലേക്ക് ചർച്ചകൾ മാറ്റുകയാണ്. ദാവോസ് സ്റ്റൈൽ എന്നൊരു പ്രയോഗം വരെ ഉണ്ട്.
നിർമിതബുദ്ധിയുടെ വരവിനെപ്പറ്റി, അതുണ്ടാക്കാൻ പോകുന്ന മാറ്റങ്ങളെപ്പറ്റിയൊക്കെ ഏറ്റവുമാദ്യം ലോകത്തിന് മുന്നറിയിപ്പ് നല്കിത്തുടങ്ങിയത് വേൾഡ് എക്കണോമിക് ഫോറമാണ്. നാലാം വ്യവസായ വിപ്ലവം എന്ന വിഷയത്തെപ്പറ്റി പുസ്തകം ഇറക്കിയതും ആ വാക്ക് പ്രശസ്തമാക്കിയതും ഫോറത്തിന്റെ സ്ഥാപകനായ ഡോ. ക്ലൗസ് ഷ്വാബ് ആണ്. ഇത്തവണ സമ്മേളനനഗരിയിൽ എവിടെയും നിർമിതബുദ്ധിയുടെ സന്ദേശങ്ങളും പ്രയോഗങ്ങളും ആയിരുന്നു.
2006ൽ ഈ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ ഉമ്മൻ ചാണ്ടി ദാവോസിൽ തെന്നി വീണു കാലൊടിഞ്ഞപ്പോഴാണ് നമ്മൾ വേൾഡ് എക്കണോമിക് ഫോറത്തെ ശ്രദ്ധിക്കാൻ തുടങ്ങിയത് എന്നു തോന്നുന്നു. നമ്മുടെ പങ്കാളിത്തം ഓരോവർഷവും വിവാദമാക്കുന്നതും എത്ര നിക്ഷേപം കിട്ടി എന്ന തരത്തിൽ അളന്നുനോക്കുന്നതും നമ്മുടെ അറിവില്ലായ്മയും പക്വതക്കുറവുമാണു കാണിക്കുന്നത്.
വേൾഡ് എക്കണോമിക് ഫോറം മാതൃകയിൽ ഒരു ഇന്ത്യ എക്കണോമിക് ഫോറം കേരളത്തിൽ സ്ഥാപിക്കുന്നതിനെപ്പറ്റി ചിന്തിക്കുക. ഇന്ത്യയിൽ ഭാവിയുടെ ചിന്തകൾക്ക് നേതൃത്വം നൽകുന്ന ചർച്ചകൾ നടത്തുന്ന ഒരു സ്ഥലമായി അടുത്ത പത്തു വർഷത്തിനകം ഇത് മാറ്റിയെടുക്കണം. ഇന്ത്യയിൽ എവിടെനിന്നുമുള്ള രാഷ്ട്രീയ നേതൃത്വം, ബിസിനസ് നേതൃത്വം, അക്കാഡമിക് നേതൃത്വം, യുവനേതൃത്വം... ഇവരൊക്കെ വരുന്ന ഒരു സ്ഥലമായി മാറണം. അതിനു പറ്റിയ ഒരാളെ ഇക്കാര്യം ഏൽപ്പിക്കുകയും വേണം.