കോളജിൽ ആയപ്പോൾ ആ കൊതിയങ്ങു തീർത്തു..!
വിനീത ശേഖർ
Thursday, February 6, 2025 1:08 PM IST
സ്കൂൾ-കോളജ് ജീവിതത്തിലെ ചോറ്റുപാത്രങ്ങൾ ഓർമയില്ലേ. ഒന്നിച്ചിരുന്ന് ആഹാരം പങ്കുവച്ച് കഴിച്ചിരുന്ന ആ നല്ല ദിനങ്ങൾ. എന്തായിരുന്നു അവ തുറക്കുമ്പോഴുള്ള ഗന്ധം. ഉരുളക്കിഴങ്ങ് മെഴുക്കുപുരട്ടി, മുട്ട പൊരിച്ചത്, ഒരു കഷ്ണം കണ്ണിമാങ്ങാ അച്ചാർ. പിന്നെ ദേ, ആ സൈഡിൽ ചമ്മന്തി...
ഇനിയിപ്പോ ഉച്ചയൂണ് അല്പം ലാവിഷാക്കാം എന്നു തോന്നിയാൽ മീൻ ഒരെണ്ണം പൊരിച്ച് ഒരു കുഞ്ഞുവാഴയില കഷ്ണത്തിൽ പൊതിഞ്ഞെടുത്തതുകൂടി ആയിക്കോട്ടെ. പക്ഷേ, സൂക്ഷിക്കണം...! നമ്മുടെ കൂട്ടുകാരു വന്ന് കൈയിട്ടു തൂത്തുവാരി കൊണ്ടുപോയാൽ ഒടുവിൽ "പൊടിപോലുമില്ല കണ്ടുപിടിക്കാൻ’ എന്ന അവസ്ഥയാവും.
സ്കൂളിൽ പോകുമ്പോൾ വാഴയിലയിൽ പൊതി ഞ്ഞോ, സ്റ്റീൽ പാത്രത്തിലോ ചോറുകൊണ്ടുപോയി അവിടെ ഇരുന്നു കഴിക്കാൻ എന്നാ കൊതിയായിരുന്നുവെന്നോ. സ്കൂളിൽനിന്നു മൂന്നോ, നാലോ മിനിറ്റുകൊണ്ടു വീട്ടിൽ എത്താൻ കഴിയുമെന്നതിനാൽ അതിനുള്ള അവസരം കിട്ടിയില്ല. ഇതിനൊരു പരിഹാരമായി ഒടുവിൽ പൊതിച്ചോറു കൊണ്ടുവരുന്ന കൂട്ടുകാരികളെ വിളിച്ചു വീട്ടിൽ കൊണ്ടുപോകുന്ന ഒരു പതിവ് ഞാനങ്ങു തുടങ്ങി. എന്നിട്ട് അവരുടെ പക്കൽനിന്ന് കൂട്ടാൻ എടുക്കാനും തുടങ്ങി. പകരം എന്റമ്മ ഉണ്ടാക്കുന്ന മീൻകൂട്ടാനും കപ്ലങ്ങതോരനും അച്ചിങ്ങ മെഴുക്കുപുരട്ടിയും അവരും കഴിച്ചുകൊണ്ടേയിരുന്നു...
കോളജിൽ ആയപ്പോൾ ആ കൊതിയങ്ങു തീർത്തെന്നു പറഞ്ഞാൽ മതിയല്ലോ. ഉച്ചയ്ക്ക് ഒരു മണിയായാൽ പൊതിയോ/സ്റ്റീൽ പാത്രമോ എടുത്ത് ഫേസ് ടു ഫേസ് ഒരിരുപ്പുണ്ട്. നോട്ടം എപ്പോഴും അപ്പുറത്തെ പൊതിയിൽതന്നെ. പൊതിച്ചോറ് കൊണ്ടുവരുന്നവർ പൊതിയഴിക്കുമ്പോൾ ക്ലാസിലാകെ ഒരു മണം പരക്കും. ആഹാ, അപ്പോൾ ചുറ്റുമുള്ളതൊന്നും കാണാൻ കഴിയില്ല!
എന്റമ്മ ചമ്മന്തിക്കുപകരം സ്ഥിരമായി തന്നുവിടുന്ന ഒരു തക്കാളിക്കറിയുണ്ടായിരുന്നു. അതിനു കൂട്ടുകാർക്കിടയിൽ വൻ ഡിമാൻഡായിരുന്നു. വാഴക്കൂമ്പ് തോരൻ, ചേന മെഴുക്കുപുരട്ടി, അച്ചിങ്ങ തോരൻ ഇതൊക്കെ സ്ഥിരമായി കൊണ്ടുവരുന്ന വെജിറ്റേറിയൻ ആയ കുട്ടികളും ഒരുപാടുണ്ടായിരുന്നു. പപ്പടം ചെറിയ പീസാക്കി പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു കൊണ്ടുവരുന്നവർ വേറെ.
സ്റ്റീലിന്റെ ചോറ്റുപാത്രമാണെങ്കിൽ ഡെസ്കിന്റെ വക്കിൽ രണ്ടിടിയൊക്കെയിടിച്ചൊരു തുറപ്പുണ്ട്. ചോറുപൊതിയഴിക്കുമ്പോൾ പുതുതായി റിലീസായ സിനിമയുടെ കഥപറച്ചിൽ ഉൾപ്പെടെ നാട്ടുവർത്തമാനങ്ങളുടെ കെട്ടുമഴിയും. അതിനിടെ വരാന്തയിലൂടെ നടന്നുപോകുന്ന ഏതെങ്കിലും പയ്യന്മാരിൽനിന്ന് കിട്ടുന്ന പുഞ്ചിരിയും അത് കിട്ടിയ ആളെ കളിയാക്കലും, രാവിലെ ഫിസിക്സ് പഠിപ്പിക്കാൻ വന്ന മിസിന്റെ സാരിയുടെ ഡിസൈനും... അങ്ങനെയങ്ങനെ ചർച്ചകൾ പലവഴിക്കു തിരിയും.
മുൻനിരയിലും പിൻനിരയിലും ഇരിക്കുന്ന സുന്ദരിമണികളുടെ പ്രണയകഥകളുടെ പല പിന്നാമ്പുറങ്ങളും തുറക്കപ്പെടുന്നത് ഒന്നിച്ചുള്ള ഈ ലഞ്ച് ബ്രേക്കിനുതന്നെ. മനസിൽനിന്നു മായാത്ത മധുരമുള്ള ഓർമകൾ...!