അച്ചാമ്മയുടെ പരാതികൾ..!
ഡോ. ജയപ്രകാശ് രാഘവൻ
Wednesday, February 5, 2025 1:30 PM IST
ഒരിക്കൽ 14 വയസുള്ള ആൺകുട്ടിയുമായി അച്ചാമ്മ എന്ന സ്ത്രീ കാണാൻ വന്നു. കുട്ടിയുടെ വളർത്തമ്മയായ അച്ചാമ്മയ്ക്കു കുട്ടിയുടെ കുറവുകളെക്കുറിച്ചാണ് പറയാനുണ്ടായിരുന്നത്. പ്രായത്തിനനുസരിച്ചുള്ള പ്രാപ്തിയില്ല, ദിനചര്യകൾ നന്നായി പാലിക്കുന്നില്ല, പഠനത്തിൽ പിന്നിലാണ്, അവനെ മറ്റു കുട്ടികൾ ക്ലാസിൽ ഒപ്പം കൂട്ടുന്നില്ല, അടുത്തിടെയായി എന്നോട് തർക്കിക്കുകയും ദേഷ്യം വരുമ്പോൾ സാധനങ്ങൾ നശിപ്പിക്കുകയും എന്നെ അടിക്കുകയും ചെയ്യുന്നു.... എന്നിങ്ങനെയായിരുന്നു അച്ചാമ്മയുടെ പരാതികൾ.
കുട്ടിയുടെ അമ്മയും അച്ഛനും എവിടെയെന്ന് ചോദിച്ചപ്പോഴാണ് കുടുംബത്തിന്റെ നിസഹായ സാഹചര്യം വെളിവായത്. അച്ഛന് സ്ഥായിയായ മാനസികരോഗം. മാനസികാരോഗ്യ ആശുപത്രിയിൽ സ്ഥിരമായി അഡ്മിറ്റ് ചെയ്തിരിക്കുയാണ്. അമ്മ വർഷങ്ങൾക്ക് മുൻപ് അമ്മയുടെ കസിനൊപ്പം ഒളിച്ചോടി. അവർക്ക് ഉണ്ടായിരുന്ന ഒരേ ഒരു കുട്ടിയാണിത്.
ഇപ്പോൾ അച്ചാമ്മയാണു കുട്ടിയുടെ ഏക ആശ്രയം. അച്ചാമ്മയുടെ ഭർത്താവ് മരിച്ചുപോയിട്ട് വർഷങ്ങളായി. പുറമ്പോക്കിലാണു താമസം. അച്ചാമ്മയുടെ ഏക വരുമാനം അവർക്ക് കിട്ടുന്ന വിധവാ പെൻഷനാണ്. പിന്നെ, സൗജന്യ റേഷനും.
ബിഹേവിയറൽ പീഡിയാട്രിക്സിൽ കുട്ടിയെ കൂടുതൽ വിശകലനത്തിന് വിധേയമാക്കി. സംഭാഷണത്തിൽ കുട്ടി സാമാന്യമായി കാര്യങ്ങൾ പറയുന്നുണ്ട്. കുട്ടിക്ക് പഠനശേഷി കുറവാണ്. കുറച്ച് അക്ഷരങ്ങൾ അറിയാം. എന്നാൽ അക്ഷരങ്ങൾ ചേർത്ത് വായിക്കുന്നതിന് അറിയില്ല. എഴുത്തുശേഷിയും കുറവാണ്. കുട്ടിക്ക് മിതമായ ബുദ്ധിമാന്ദ്യമുണ്ട്. സ്കൂളിൽ 9 വർഷം പഠിച്ചിട്ടും ടീച്ചർമാർ അത് കണ്ടെത്തുകയോ വിദഗ്ധരുടെ അടുത്തേക്ക് റഫർ ചെയ്യുകയോ ചെയ്തില്ല.
നിലവിലെ ബുദ്ധിശേഷിയുടെ അവസ്ഥയിൽ പഠിച്ച് അക്കാഡമിക്കായി മുന്നേറുന്നതിനുള്ള ശേഷി കുട്ടിക്കില്ല. എന്നാൽ വ്യക്തിഗത പിന്തുണ നൽകിയാൽ കുട്ടിക്ക് വായന, എഴുത്ത് എന്നിങ്ങനെ പ്രാഥമിക പഠനശേഷി ചെറിയ രീതിയിലെങ്കിലും ആർജിക്കാൻ കഴിഞ്ഞേക്കാം.
കുട്ടിയെ മെഡിക്കൽ കോളജിലെ മെഡിക്കൽ ബോർഡിനു മുൻപാകെ എത്തിച്ചപ്പോൾ കുട്ടിക്ക് ഡിസെബിലിറ്റി സർട്ടിഫിക്കറ്റ് കിട്ടി. കുട്ടിക്ക് പഞ്ചായത്തിൽനിന്ന് വികലാംഗ പെൻഷൻ ലഭിക്കാൻ തുടങ്ങി. അങ്ങനെ അവരുടെ മാസവരുമാനം 3,200 രൂപ ആയി ഉയർന്നു. പത്താം ക്ലാസിൽ സ്ക്രൈബിനെ ലഭിച്ചു. അങ്ങിനെ പത്താം ക്ലാസ് ജയിച്ചു. ഇപ്പോൾ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വണ്ണിന് പഠിക്കുന്നു.
ആറു മാസം മുൻപ് ആശുപത്രിയിലെ ഒരു സന്ദർശനത്തിനിടെ കുട്ടിയുടെ ഒരാഗ്രഹം മനസിലാക്കാനായി. കുട്ടിക്ക് ഏതെങ്കിലും വർക്ക്ഷോപ്പിലോ കടയിലോ നിൽക്കാൻ ഇഷ്ടമാണ്. കൂട്ടുകാർ അങ്ങനെ പോകുന്നുണ്ട്. ഞാൻ പ്രോത്സാഹിപ്പിച്ചു. നിലവിൽ അവധിദിനങ്ങളിൽ കുട്ടി വർക്ക്ഷോപ്പിൽ പോകുന്നുണ്ട്. ചായ വാങ്ങി വരുന്ന ജോലിക്കൊപ്പം ചില സഹായവേലകളും കുട്ടി അവിടെ ചെയ്യുന്നു. കുട്ടിക്ക് ഭക്ഷണവും നല്ല പരിഗണനയും അവിടെനിന്നു ലഭിക്കുന്നു.
ഒപ്പം സ്കൂളിലും മുടങ്ങാതെ പോകുന്നു. ബിഹേവിയർ പീഡിയാട്രിക്സിൽ അച്ചാമ്മയും കുട്ടിയും കൃത്യമായി വരുന്നുണ്ട്. പ്ലസ് ടു കഴിഞ്ഞാൽ കുട്ടിയെ ഐടിഐ(മെക്കാനിക്ക്)യിൽ വിടാൻ കഴിയുമോയെന്ന് പരിശോധിക്കാനാണ് പ്ലാൻ.
ഭിന്നശേഷിയുള്ള എല്ലാ കുട്ടികളെയും ഇത്തരത്തിൽ കണ്ടെത്തി വിദഗ്ധമായ വ്യക്തിഗത വിലയിരുത്തൽ നടത്തി അവർക്ക് വിദ്യാഭ്യാസ-തൊഴിൽ പുനരധിവാസം നടത്താൻ കഴിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു.