വന്നുപെട്ടാൽ പെട്ടതുതന്നെ..!
കൃഷ്ണൻ രാംദാസ്
Monday, February 3, 2025 3:07 PM IST
96,000ൽപരം കിലോമീറ്റർ ആണു മനുഷ്യശരീരത്തിലെ രക്തക്കുഴലുകളുടെ ആകെ നീളം. ഏകദേശം എട്ട് പ്രാവശ്യം ഭൂമിയെ ചുറ്റാൻ വേണ്ടത്ര നീളം. ധമനികളും സിരകളും ചെറുകുഴലുകളും ചേർന്ന സംവിധാനം 24 മണിക്കൂറും അണമുറിയാതെ അഞ്ചു ലിറ്ററിൽ കൂടുതൽ വരുന്ന രക്തം ചംക്രമണം ചെയ്യിക്കുന്നു. ഹൃദയത്തിനും അതിലേക്ക് ഓക്സിജൻ കലർത്തുന്ന ശ്വാസകോശത്തിനുമടക്കം ശരീരത്തിലെ സമസ്തകോശങ്ങൾക്കും പ്രാണവായുവും മറ്റു പോഷകങ്ങളും ലഭ്യമാക്കുന്നു.
ഈ രക്തവാഹിനിക്കുഴലുകളുടെ പ്രത്യേകിച്ച്, ഹൃദയത്തിലേക്കു രക്തം എത്തിക്കുന്ന കൊറോണറി ആർട്ടറി എന്നറിയപ്പെടുന്ന ധമനികളുടെ ഘടനയിലും പ്രവർത്തനങ്ങളിലും വന്നുഭവിക്കുന്ന മാറ്റങ്ങൾ വിവിധങ്ങളായ രോഗാവസ്ഥകൾക്ക് കാരണമാകും. അത് വൃക്കകളെയും തലച്ചോറിനെയും ഹൃദയത്തെത്തന്നെയും ബാധിക്കും. ആ ബാധിപ്പുകൾ ഒഴിപ്പിക്കാനാവതല്ല. വന്നുപെട്ടാൽ പെട്ടതുതന്നെ. പിന്നെ അതുമായി പൊരുത്തപ്പെട്ട്, വന്നത് വർധിക്കാതെ സൂക്ഷിച്ച് ശിഷ്ടകാലം കഴിക്കാം.
പാരമ്പര്യഘടകങ്ങൾ കൈവന്നിട്ടുണ്ടോ എന്ന് വളരെ നേരത്തേതന്നെ, വളരെ കുറഞ്ഞ ചെലവിൽ 60 ലക്ഷത്തിൽപ്പരം ജീനുകളെ വിശകലനം ചെയ്ത് 80-90 ശതമാനം വരെ കൃത്യതയോടെ കണ്ടെത്തുന്നതിനുള്ള ശാസ്ത്രീയസംവിധാനങ്ങൾ നിലവിലുണ്ട്.
അറിയപ്പെടുന്ന ഹൃദയാരോഗ്യവിദഗ്ധനായ ഡോ. ദേവി ഷെട്ടി പറയുന്നത് ‘ശാസ്ത്രീയമായി മറിച്ച് തെളിയിക്കപ്പെടാത്തോളം കാലം ഓരോ ഇന്ത്യക്കാരനും ഹൃദ്രോഗിയാണ്' എന്നാണ്. നമ്മുടെ പാരമ്പര്യസ്വത്താണത്. ആ വെടിമരുന്നവിടെ കിടക്കുമ്പോഴാണ് പുകവലി, മദ്യപാനം, വ്യായാമമില്ലായ്മ, അഹിതമായ ഭക്ഷണങ്ങൾ അമിതമായും അസമയത്തും ആഹരിക്കുന്ന ആധുനിക ജീവിതശൈലി, ഉറക്കം ഒഴിവാക്കൽ, മാനസിക സമ്മർദം തുടങ്ങി ഒട്ടനവധി തീക്കൊള്ളികളുമായി നമ്മൾ തലചൊറിയാൻ നടക്കുന്നത്.
അരുതാത്തത് ചെയ്താൽ എത്ര വലിയ സെലിബ്രിറ്റി ആയാലും പൊട്ടിത്തെറി ഒഴിവാക്കാനായെന്നു വരില്ല. രക്തക്കുഴലുകളുടെ ഉൾഭിത്തികൾക്ക് വന്നുഭവിക്കുന്ന ഘടനാപരമായ മാറ്റങ്ങൾ ആർട്ടീരിയോ സ്ക്ളീറോസിസ് എന്ന രോഗാവസ്ഥയ്ക്ക് കാരണമാകും.
രക്തക്കുഴലുകളുടെ ഉൾഭിത്തിയുടെ ഘടന ഉഴുതുമറിക്കുന്ന പ്ലാക്ക് എന്ന വസ്തുവിന്റെ രൂപീകരണം തടയാനും അതിന് ചൂട്ടുകാണിക്കുന്ന കൊളസ്ട്രോളുകളെ നിയന്ത്രിക്കാനും മഞ്ഞളിലെ കുർക്യുമിൻ സഹായിക്കും. ഫ്രീ റാഡിക്കലുകളെ അവ നിയന്ത്രിക്കും. വേദന, നീര്, മറവിപ്പ്, ചുകപ്പ്, ചൂട് എന്നീ ആയുധങ്ങളുമായി അങ്കത്തിനിറങ്ങുന്ന നീരുവീക്കം കുറയ്ക്കാൻ സഹായിക്കും. ആകെ മൊത്തത്തിൽ ഹൃദയത്തെയും തലച്ചോറിനെയും സംരക്ഷിച്ചു നിർത്താൻ സഹായിക്കും.
അത്ര വിശേഷമാണ് മഞ്ഞളിനെ മഞ്ഞയാക്കുന്ന കുർക്യുമിൻ. ഒരു കിലോ മഞ്ഞളിൽ 20-30 ഗ്രാം ഇതുണ്ട്. 400 മില്ലിഗ്രാം കുർക്യുമിൻ ദിവസം ഒരു നേരം കഴിക്കൂ. അല്ലായെങ്കിൽ 15 ഗ്രാം നല്ല മഞ്ഞൾപ്പൊടി പാലിലോ തൈരിലോ, മറ്റ് എന്തിലോ കലർത്തി രണ്ടുനേരം കഴിക്കൂ.
നല്ല മഞ്ഞൾ കരളിനും നല്ലതാണ്. പക്ഷെ, മഞ്ഞ എല്ലാം മഞ്ഞളല്ല എന്നറിയുക. ആരോഗ്യത്തിനുവേണ്ടി, ലെഡ് ക്രോമേറ്റ് ചേർത്ത് മഞ്ഞയാക്കിയ കൂവപ്പൊടി വാങ്ങിക്കഴിച്ച് കരൾ കൂടി കേടു വരുത്താതിരിക്കാൻ ശ്രദ്ധിക്കുക.