അടിച്ചുതീർക്കാവുന്നതല്ല സ്കൂളിലെ പ്രശ്നങ്ങൾ
Friday, January 31, 2025 12:51 PM IST
ഒരു സ്കൂളിൽ വിദ്യാർഥി അധ്യാപകനെ ഭീഷണിപ്പെടുത്തുന്ന വീഡിയോ ക്ലിപ്പ് പുറത്തുവന്നത് വലിയ ചർച്ചാവിഷയമായി. പ്രകോപനം എന്തുതന്നെയായാലും കുട്ടിയുടെ വീഡിയോ എടുത്ത് പ്രചരിപ്പിച്ചത് ശരിയായില്ലെന്ന് ഒരു കൂട്ടർ.
അധ്യാപകരിൽ നിന്നെടുത്ത വടി തിരിച്ചുനൽകി കുട്ടികൾക്കു ചുട്ട അടികൊടുത്തു തീർക്കാവുന്ന പ്രശ്നങ്ങളെ ഉള്ളൂവെന്നു മറ്റൊരു കൂട്ടർ. കുട്ടികളെ ശിക്ഷിച്ച് പരിഹരിക്കാവുന്നതല്ല സ്കൂളിലെ പ്രശ്നങ്ങൾ എന്ന് വിദ്യാഭ്യാസ മന്ത്രി. ഇത് ഗുരുതരമായ വിഷയംതന്നെയാണ്. കേട്ട് മനസിലാക്കിയിടത്തോളം നമ്മൾ കാമറയിൽ കണ്ടത് പ്രശ്നത്തിന്റെ ചെറിയൊരംശം മാത്രമാണ്.
ഗ്രാമങ്ങളിലെ സ്കൂളുകളിൽപോലും മയക്കുമരുന്നിന്റെ സാന്നിധ്യത്തെപ്പറ്റി റിപ്പോർട്ടുകളുണ്ട്. മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയോ എത്തിച്ചുകൊടുക്കുന്നവരെയോ അറിയാമെങ്കിലും പരാതിപ്പെടാനോ ചൂണ്ടിക്കാട്ടാനോ അധ്യാപകർക്കുപോലും ധൈര്യമില്ല.
കുട്ടികളുടെ അക്രമവാസന അടിപിടിയിൽനിന്നു കത്തിക്കുത്തിലെത്തി നിൽക്കുന്നു. സ്കൂളിലെ പ്രശ്നങ്ങളിൽ ഇടപെടാൻ ക്വട്ടേഷൻ കൊടുക്കുന്നു. പ്രഫഷണൽ കോളജുകളിൽ മാത്രം ഉണ്ടായിരുന്ന റാഗിംഗ് സ്കൂളുകളിലും നടക്കുന്നു.
മൊബൈൽ ഫോൺ വഴി സ്വദേശിയും വിദേശിയുമായ അശ്ലീലവീഡിയോകൾ ഒഴുകുന്നു, കൈമാറ്റം ചെയ്യപ്പെടുന്നു.കുട്ടികളുടെ മോശം പെരുമാറ്റത്തെപ്പറ്റി മാതാപിതാക്കളോടു പരാതി പറഞ്ഞാൽ സ്വന്തം മക്കളെ ന്യായീകരിക്കുകയും അധ്യാപകരെയും സ്കൂളിനെതന്നെയും കുറ്റപ്പെടുത്തുന്ന രീതിയാണു ഭൂരിഭാഗം മാതാപിതാക്കളും സ്വീകരിക്കുന്നതെന്ന് അധ്യാപകർ പറയുന്നു. സ്കൂളുകളിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ ഉടൻ പോലീസിൽ എത്തുന്നതും അധ്യാപകരും മാനേജ്മെന്റുമൊക്കെ പ്രതികൾ ആകുന്നതും അപൂർവമല്ല.
സ്കൂളിൽ എത്തുന്ന കുട്ടികളുടെ എണ്ണം കുറഞ്ഞു വരികയും സ്കൂളുകളുടെ എണ്ണം വർധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ അധ്യാപകരുടെ തൊഴിൽ സ്ഥിരത എയ്ഡഡ് സ്കൂളുകളിൽ പോലും കുട്ടികളുടെ എണ്ണത്തെ ആശ്രയിച്ചാണിരിക്കുന്നത്. അതുകൊണ്ടുതന്നെ ഉള്ള കുട്ടികളെ എങ്ങനെയെങ്കിലും പിടിച്ചുനിർത്താൻ അവരുടെ പെരുമാറ്റ ദൂഷ്യങ്ങൾക്കെതിരേ കണ്ണടയ്ക്കുകയാണ് അധ്യാപകർ.
പണ്ടൊക്കെ സ്കൂളിലെ പ്രശ്നങ്ങൾ അവിടെത്തന്നെ തീരുമായിരുന്നു. എന്നാൽ, ഇന്ന് സ്കൂളുകൾ തമ്മിലുള്ള മത്സരം, മാധ്യമങ്ങളുടെ മത്സരം, സോഷ്യൽ മീഡിയ എന്നിവയൊക്കെ ചേർന്നപ്പോൾ ചെറിയ പ്രശ്നങ്ങളെ വലുതാക്കുക എന്നത് സ്റ്റാൻഡേർഡ് ആയി.
പണ്ടുകാലത്ത് എല്ലാം നല്ലതായിരുന്നുവെന്ന് ഒട്ടും അഭിപ്രായമില്ല. അധ്യാപകരുടെ ഏകാധിപത്യം ആയിരുന്നു അന്ന്. നന്നായി പഠിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നതും മറ്റുള്ളവരുടെ ആത്മവിശ്വാസം നശിപ്പിക്കുന്നതുമായിരുന്നു അന്നത്തെ പഠനത്തിന്റെ രീതി. വിദ്യാർഥികളെ ക്രൂരമായി ശിക്ഷിക്കുന്നതിൽ ആനന്ദം കണ്ടെത്തിയിരുന്ന അധ്യാപകർ ഉണ്ടായിരുന്നു. അധ്യാപകർ ചെയ്യുന്നതെല്ലാം കുട്ടികളുടെ നന്മയ്ക്കാണ് എന്ന് ചിന്തിച്ചിരുന്ന മാതാപിതാക്കൾ ഉണ്ടായിരുന്നു. അതൊന്നും ശരിയായ കാര്യങ്ങൾ ആയിരുന്നില്ല.
ഇപ്പോൾ കാര്യങ്ങൾ നേരേ തിരിഞ്ഞിരിക്കുന്നു. നമ്മുടെ സ്കൂളുകൾ വിദ്യാർഥികളെ മികച്ച പൗരന്മാരാക്കി മാറ്റേണ്ട ഉത്തരവാദിത്വത്തിൽനിന്നു പിൻവലിഞ്ഞിരിക്കുന്നു. ഫുൾ എ പ്ലസ് വാങ്ങാനും എൻട്രൻസിന് ഉയർന്ന റാങ്ക് വാങ്ങാനും കുട്ടികളെ സഹായിക്കുക എന്നതു മാത്രമാ യിരിക്കുന്നു അധ്യാപകരുടെ ദൗത്യം.
ഇങ്ങനെ ഉണ്ടാകുന്ന സമൂഹം നാം ആഗ്രഹിക്കുന്നതോ ഇഷ്ടപ്പെടുന്നതോ ആകില്ല.വിദ്യാഭ്യാസമന്ത്രി പറഞ്ഞതുപോലെ കുട്ടികളെ ശിക്ഷിച്ചു മാറ്റാവുന്ന വിഷയങ്ങളല്ല സ്കൂളിലുള്ളത്. പ്രശ്നങ്ങൾ പഠിക്കണം, പരിഹാരം ഉണ്ടാക്കണം. നമ്മുടെ വിദ്യാർഥികൾ നമ്മുടെ ഭാവിയാണ്. അവിടേക്ക് കാമറ ഇല്ലെങ്കിലും സമൂഹത്തിന്റെ ശ്രദ്ധ എപ്പോഴും വേണം.