മയക്കുമരുന്ന് കൈവിട്ടു പോകുന്നു..!
മുരളി തുമ്മാരുകുടി
Thursday, January 30, 2025 8:56 AM IST
തൃശൂരിൽ പതിനെട്ട് വയസുപോലും തികയാത്ത രണ്ടു കുട്ടികൾ ഒരാളെ കുത്തിക്കൊന്ന വാർത്തയുമായിട്ടാണ് 2025 തുടങ്ങിയത്. ചേന്ദമംഗലത്ത് ഒരാൾ അടുത്തവീട്ടിലെ നാലുപേരെ അടിച്ചുവീഴ്ത്തിയെന്നും അതിൽ മൂന്നുപേർ മരിച്ചു എന്നുമുള്ള വാർത്ത പിന്നീട് വന്നു. "ജനിപ്പിച്ചതിനുള്ള ശിക്ഷയായി’ മകൻ അമ്മയെ വെട്ടിക്കൊന്ന സംഭവം പിന്നാലെ എത്തി.
ഇതിന്റെയൊക്കെ പുറകിൽ മയക്കുമരുന്നിന്റെ ഉപയോഗമുണ്ടെന്ന വാർത്തകളും ചർച്ചകളുമുണ്ട്. ഇത് തെളിയിക്കാനുള്ള ആധുനിക സംവിധാനങ്ങൾ നമുക്കുണ്ടോ എന്നറിയില്ല. പക്ഷേ, കേട്ടിടത്തോളം ഈ അക്രമങ്ങൾക്ക് പറഞ്ഞ കാരണങ്ങൾ ഒന്നും കൊലപാതകത്തിലേക്ക് നയിക്കേണ്ടതല്ല. സ്വബുദ്ധിയെ കാര്യമായി ബാധിക്കുന്ന എന്തോ ഉണ്ടെന്നു വ്യക്തം. മയക്കുമരുന്നാകാനാണു സാധ്യത.
കേരളത്തിൽ മയക്കുമരുന്നിന്റെ ഉപഭോഗം വിദ്യാർഥികളുടെ ഇടയിൽ ഉൾപ്പെടെ കൂടിവരുന്നു എന്നത് ഏറെനാളായി പറഞ്ഞുകേൾക്കുന്ന കാര്യമാണ്. ഋഷിരാജ് സിംഗിന്റെ കാലത്ത് നിരവധി പ്രവർത്തനങ്ങൾ നടന്നിരുന്നു. പക്ഷേ, കാര്യങ്ങൾ നിയന്ത്രണത്തിലല്ല എന്നുമാത്രമല്ല കൈവിട്ടു പോകുന്നു എന്നാണു തോന്നുന്നത്.
‘നർക്കോട്ടിക്സ് ഈസ് എ ഡേർട്ടി ബിസിനസ്’ എന്ന് ലാലേട്ടനും പറഞ്ഞിട്ടുണ്ടല്ലോ. ഇതിന് പല കാരണങൾ ഉണ്ട്.
ഒന്നാമത് കേരളത്തിൽ എല്ലാ മയക്കുമരുന്നുകളും നിരോധിച്ചിരിക്കയാണ്. അതുകൊണ്ട് എല്ലാ മയക്കുമരുന്നു കച്ചവടവും ഉപയോഗവും നിയമവിരുദ്ധമാണ്. ഇതിനാൽതന്നെ ഒരു ക്രിമിനൽ ശൃംഖല ഇതിന്റെ വിതരണത്തിനു പിന്നിലുണ്ടാകും.
രണ്ടാമത് നിരോധിച്ചിരിക്കുന്ന വസ്തുവായതിനാൽ ഇതിന്റെ വ്യാപാരം ഏറെ ലാഭമുള്ളതാണ്. മയക്കുമരുന്നു കടത്താൻ സാധാരണക്കാരെയും അത് പിടിക്കാതിരിക്കാർ ഔദ്യോഗിക സംവിധാനത്തെയും വിലയ്ക്കെടുക്കാൻ ഈ മയക്കുമരുന്നു ലോബിക്ക് കഴിയും. മയക്കുമരുന്നുകേസിൽ പെട്ടാൽ ശിക്ഷ കടുത്തതാണ്. അതുകൊണ്ടുതന്നെ അഴിമതിക്കാരായ ഉദ്യോഗസ്ഥർക്ക് ഇത് ചാകരയാണ്.
ലോകത്തെവിടെയും ചെറുകിടവ്യാപാരമായിട്ടാണ് മയക്കുമരുന്നു കച്ചവടം തുടങ്ങുന്നത്. പക്ഷേ, വലിയ ലാഭം ഉള്ളതിനാൽ ഇത് അതിവേഗത്തിൽ വളരുന്നു. കച്ചവടം നടത്താൻ പിന്തുണയുമായി ആയുധങ്ങളും ക്വട്ടേഷൻ സംഘങ്ങളും ഉണ്ടാകുന്നു.
താഴ്ന്ന തലത്തിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് കൈക്കൂലി കൊടുത്തു തുടങ്ങുന്ന കച്ചവടം ജുഡീഷ്യറിയെയും രാഷ്ടീയക്കായെയും വിലയ്ക്കുവാങ്ങാനും വിരട്ടാനും സാധിക്കുന്ന തലത്തിലേക്ക് വളരുന്നു. മയക്കുമരുന്ന് ഉപയോഗിക്കുന്നവരും വ്യാപാരം ചെയ്യുന്നവരും ഉൾപ്പെട്ട അക്രമങ്ങൾ, കൊലപാതകങ്ങൾ, ആത്മഹത്യകൾ ഒക്കെ കൂടിവരും.
ലോകത്തെവിടെയും ഉദാഹരണങ്ങൾ ഉണ്ട്. പഞ്ചാബ് മുതൽ മെഡലിൻ വരെ. കാര്യങ്ങൾ അവിടെ എത്തുന്നതിന് മുൻപുതന്നെ ഈ വിഷയം ഗുരുതരമായിക്കണ്ട് കൈകാര്യം ചെയ്യണം. പക്ഷേ, ഒരു കാര്യം കൂടി ശ്രദ്ധിക്കണം. എല്ലാ മയക്കുമരുന്നുകളും പൂർണമായും നിരോധിച്ചുള്ള നിയമങ്ങൾ ലോകത്ത് ഒരിടത്തും വിജയിച്ചിട്ടില്ല. മയക്കുമരുന്നുകടത്തിന് സിംഗപ്പൂരിൽ വധശിക്ഷയാണ്. അവിടെയും മയക്കുമരുന്ന് വ്യാപാരം ഒഴിവാക്കാൻ സാധിച്ചിട്ടില്ല.
മയക്കുമരുന്നുകളുടെ നിയന്ത്രണങ്ങളുടെ കാര്യത്തിൽ അനവധി ലോകമാതൃകകൾ ഇന്ന് ലഭ്യമാണ്. ഇക്കാര്യങ്ങൾ ശാസ്ത്രീയമായി പഠിച്ച് കേരളത്തിന് അനുയോജ്യമായ നയങ്ങളും നിയമങ്ങളും ഉണ്ടാക്കാനുമുള്ള ശ്രമങ്ങൾ തുടങ്ങേണ്ട സമയമായി. ഏറെ ജാഗ്രതവേണം, അല്പം ഭയവും. സുരക്ഷിതരായിരിക്കുക.