പ്രണയിക്കുന്നവർ സൂക്ഷിക്കുക..!
Monday, January 27, 2025 12:44 PM IST
മധുരവർത്തമാനം ചൊല്ലിയും മയക്കിയും ഉപകാരങ്ങൾ നൽകിയുമൊക്കെ യുവാക്കളെ വിധേയരാക്കുകയും തൻകാര്യങ്ങൾ തന്ത്രപരമായി നേടുകയും ചെയ്യുന്ന പെണ്ണുങ്ങളെ തിരിച്ചറിയാനും ജീവിതത്തിൽനിന്നു മുറിച്ചു മാറ്റാനുമുള്ള വൈഭവം ആണുങ്ങൾക്ക് ഉണ്ടാകണം. അതില്ലാതെ പോയാൽ കഷ്ടനഷ്ടങ്ങൾ ഉറപ്പാണ്.
പ്രണയത്തിൽ ശാരീരികബന്ധം ഉണ്ടായാൽ അടിമകളെപ്പോലെ ആണും പെണ്ണും മാറേണ്ട. വ്യക്തിത്വങ്ങൾ തമ്മിൽ ചേരുന്നില്ലെന്നു പിന്നീട് തിരിച്ചറിഞ്ഞാൽ ബന്ധത്തിന് സുല്ലിടാം. പെണ്ണുങ്ങൾ മാത്രമല്ല, ആണുങ്ങളും ഇക്കാര്യത്തിൽ ശ്രദ്ധിക്കേണ്ടതുണ്ട്.
1. പ്രണയ പുന്നാരങ്ങളുടെ ഡോസ് കൂട്ടുകയും അതു വാങ്ങിത്തരൂ, വലിയ ഹോട്ടലിൽ കൊണ്ടു പോകൂ എന്നൊക്കെയുള്ള ഡിമാൻഡുകൾ വയ്ക്കുന്ന കാമുകിയെ സൂക്ഷിക്കുക. മെച്ചപ്പെട്ട ഡീൽ കിട്ടുമ്പോൾ ചില കാമുകന്മാർ ചെയ്യുന്നപോലെ അങ്ങോട്ട് ചാടും.
2. മതിയായി ഈ ബന്ധമെന്നും വേറെ കല്യാണം കഴിക്കാൻ പോവുകയാണെന്നുമൊക്കെ പറഞ്ഞാൽ അവളെ അവളുടെ വഴിക്ക് വിടുക. ഭ്രാന്തമായ വിധേയത്വത്തിൽ സ്നേഹം പിടിച്ചു വാങ്ങിയേ പറ്റൂവെന്ന വാശികാട്ടിയാൽ ചിലപ്പോൾ കൊലപാതകിയായേക്കും. ചിലപ്പോൾ കൊല്ലപ്പെട്ടുവെന്നും വരും. പ്രണയ ആത്മഹത്യയിൽ ജീവിതം തീർന്നേക്കാം. ഒരാൾ പോയാൽ തീരുന്നതാണ് ജീവിതമെന്ന് നിനയ്ക്കുന്ന മണ്ടനാകാൻ പോകരുത്.
3. വെറും ആകർഷണവും അഭിനിവേശവും മാത്രമാണോ ബന്ധത്തിൽനിന്നു പ്രതീക്ഷിക്കുന്നതെന്ന സൂചനകൾ പെരുമാറ്റങ്ങളിൽ കൃത്യമായി ഉണ്ടാകും. വെറുതെ ഹാങ്ങ് ഔട്ട് ചെയ്ത് കാശ് പൂത്തിരി കത്തിക്കുന്ന പ്രണയത്രില്ലികളെ തിരിച്ചറിയാം. കൊഴിഞ്ഞു പോകാനിടയുണ്ടെന്ന വിശ്വാസത്തിൽ പോയാൽ മാനസികാരോഗ്യത്തിന് നല്ലത്. ഇല്ലെങ്കിൽ കയ്പുള്ള കഷായം കുടിക്കേണ്ടിവരും.
4. അന്ധമായ വിശ്വാസം പ്രണയമെന്ന വ്യക്തിബന്ധത്തിൽ വേണ്ട. ഇത്തിരി യുക്തിയും ലേശം സംശയവുമൊക്കെയാകാം.
വേറെയെന്തിനൊക്കെയോ മുഖംമൂടിയിട്ടുള്ള പ്രണയം തിരിച്ചറിയാൻ ഈ വക ജാഗ്രതകൾ ആണും പെണ്ണും പാലിക്കണം. പ്രണയ മുഖംമൂടിയിൽ നടന്ന ഒരു കൊലപാതകത്തിന്റെ വിധി വരുമ്പോൾ കപടപ്രണയം മൂലം മരിക്കേണ്ടി വന്ന ആ ചെറുപ്പക്കാരന് ആദരാഞ്ജലി അർപ്പിക്കാം. ഇതൊന്നും ശ്രദ്ധിക്കാത്തതുകൊണ്ടുകൂടിയാണല്ലോ ഇഷ്ടപ്പെട്ട പെണ്ണിനാൽ മരിക്കേണ്ടി വന്നതെന്ന പാഠം, പ്രതിക്കെതിരേ മാത്രം കല്ലെറിയുന്നവർ ഓർത്താൽ നല്ലത്.