വെറുമൊരു വീട്ടമ്മയല്ല ഞാൻ..!
വിനീത ശേഖർ
Saturday, January 25, 2025 1:31 PM IST
വിവാഹപ്രായമായ പെണ്‍കുട്ടികള്‍ അവരുടെ വിവാഹത്തെക്കുറിച്ചും വിവാഹം കഴിക്കാന്‍ ആഗ്രഹമുള്ള പുരുഷനെക്കുറിച്ചും സ്വപ്നം കാണുന്നത് സാധാരണമാണ്. എന്നാൽ, സങ്കല്പങ്ങള്ക്ക് വിപരീതമായിരിക്കും ലഭിക്കുന്ന ജീവിതം. അതുകൊണ്ടുതന്നെ സങ്കല്പങ്ങളെയും ജീവിതത്തെയും രണ്ടായി കാണാന്‍ മനസിനെ പഠിപ്പിക്കണം.
അത്യാവശ്യം നല്ല വിദ്യാഭ്യാസമുണ്ടായിട്ടും ജോലിക്ക് പോകാൻ സമ്മതിക്കാത്ത വീട്ടുകാരുണ്ട്. വിവാഹത്തിന് മുൻപ് ഇതൊക്കെ സമ്മതിക്കും. കല്യാണം കഴിയുന്പോൾ ഗൃഹഭരണം, കുട്ടികളെ നോട്ടം ഇവയൊക്കെ പെൺകുട്ടിയുടെ ചുമതലയായി മാറും. ഭർത്താവിനെയും ഭർതൃവീട്ടുകാരെയും തൃപ്തിപ്പെടുത്താൻ സ്വന്തം ഇഷ്ടങ്ങൾ മാറ്റിവയ്ക്കേണ്ടി വരും. ഇഷ്ടങ്ങൾ വെടിഞ്ഞ് ഉത്തരവാദിത്വങ്ങളെല്ലാം സ്വയം ഏറ്റെടുത്താലും വീട്ടിലും സമൂഹത്തിലും വില കിട്ടാറുമില്ല.
വിദ്യാഭ്യാസം ചെയ്യുന്ന കുട്ടികളും കുടുംബം പുലർത്താൻ ഒരുങ്ങുന്നവരും ഉത്തരവാദിത്വപ്പെട്ട ഒരു ജോലിതന്നെയാണ് ഗൃഹഭരണം എന്നറിയണം. അതിന്റെ പേരിൽ താഴ്ത്തിക്കെട്ടാൻ ശ്രമിക്കുന്നവരോട് അഭിമാനത്തോടെ തലയുയർത്തി ഗൃഹഭരണത്തിന്റെ മഹത്വത്തെക്കുറിച്ച് പറയണം. അല്ലാതെ എന്റെ ജീവിതം അടുക്കളയിൽ..., ഞാൻ വെറുമൊരു വീട്ടമ്മ..., എന്റെ ഗതികേട്... എന്നെല്ലാം പറഞ്ഞു സ്വയം വില കളയരുത്.
ഗൃഹഭരണം അത്ര മോശപ്പെട്ട പണിയല്ലെന്നും മറ്റൊന്നും കിട്ടാത്തതുകൊണ്ട് വീട്ടമ്മ എന്ന പദവിയിൽ വന്നവരല്ലെന്നുമുള്ള ബോധം അവരവർക്കുണ്ടാകണം. ഇപ്പോഴത്തെ കാലത്ത് സ്വന്തം കുഞ്ഞുങ്ങളെ നല്ലത് ചൊല്ലികൊടുത്തു വളർത്തികൊണ്ടുവരാൻ ചില്ലറ പാടൊന്നുമല്ല ഉള്ളത്.
ഗൃഹഭരണത്തോടൊപ്പം മറ്റു ചിലത് കൂടി ചെയ്യാനാകണം. പഠനകാലത്ത് താത്പര്യം കാണിച്ചിരുന്ന എന്തെല്ലാം കാര്യങ്ങൾ ഉണ്ടായിരുന്നു. അതൊക്കെ മനസിന്റെ ഒരു കോണിൽ ഉറങ്ങിക്കിടപ്പുണ്ടാവാം. വിഷാദത്തിന്റെ മേഘപാളികൾ അതിനെ മറച്ചിട്ടുണ്ടെങ്കിൽ പതിയെ ആ മറനീക്കി പുറത്തെടുക്കുക.
നിങ്ങളുടെയും നിങ്ങളുടെ മാതാപിതാക്കളുടെയും കുഞ്ഞുങ്ങളുടെയും കാര്യങ്ങൾ പരമാവധി വൃത്തിയായി ചെയ്യാൻ ശ്രമിക്കുന്ന ഒരു വീട്ടമ്മയോട് ‘നിനക്കെന്താ ഈ വീട്ടിൽ പണി’ എന്നിങ്ങനെയുള്ള വിലകുറഞ്ഞ വാക്കുകൾ പ്രയോഗിക്കുന്പോൾ ഒന്നാലോചിക്കുക. അവരില്ലെങ്കിൽ അവർ ചെയ്യുന്ന ജോലികൾ നിങ്ങൾക്ക് ചെയ്യാൻ കഴിയുമോ എന്ന്.
ഒരു ജോലിയും ചെറുതല്ല. എല്ലാറ്റിനും അതിന്റേതായ വിലയുണ്ട്. സ്വപ്നങ്ങളെ അടുക്കളയുടെ നാലു ചുവരിൽ തളച്ചിട്ടവൾ, ഒരു രൂപ പോലും ശമ്പളം വാങ്ങാതെ ജീവിതാവസാനം വരെ പണിയെടുക്കുന്നവൾ എന്ന ലേബൽ പെൺകുട്ടികൾ സ്വയം ഒഴിവാക്കണം.