ഡ്രൈവർമാർക്ക് കാണാൻ പറ്റാത്തത്...
(കേരള മോട്ടോർ വാഹന വകുപ്പ്)
Thursday, January 23, 2025 1:14 PM IST
വാഹനത്തിലിരുന്നു നോക്കുമ്പോൾ ഡ്രൈവർക്ക് നിരീക്ഷിക്കാൻ കഴിയാത്ത സ്ഥലങ്ങളാണു ബ്ലൈൻഡ് സ്പോട്ടുകൾ. വാഹനത്തിന്റെ നാലുവശത്തും ബ്ലൈൻഡ് സ്പോട്ടുകളുണ്ട്. ഇതോടൊപ്പമുള്ള ചിത്രത്തിൽ മഞ്ഞവരയ്ക്കുള്ളിലുള്ള സ്ഥലം ബ്ലൈൻഡ് സ്പോട്ടുകളിൽപ്പെടുന്നു.
ആ സ്ഥലത്തുള്ള ആളുകൾ, വസ്തുക്കൾ, വാഹനങ്ങൾ എന്നിവ ഡ്രൈവർക്കു നേരിട്ടോ കണ്ണാടിയിലൂടെയോ കാണാൻ സാധിക്കില്ല. ബ്ലൈൻഡ് സ്പോട്ട് മുൻകൂട്ടി പരിശോധിക്കാതെ ഡ്രൈവർ ദിശ മാറ്റുന്നതു കാരണം ഓരോവർഷവും നിരവധി അപകടങ്ങളാണു സംഭവിക്കുന്നത്.
വാഹനത്തിലെ ഇന്റേണൽ റിയർ വ്യൂ മിറർ പിന്നിലെ റോഡിന്റെ മികച്ച കാഴ്ച നൽകുന്നുണ്ട്. കൂടാതെ ബാഹ്യ സൈഡ് മിററുകൾ പിൻവശത്തിന്റെയും ഇടത് വലത് വശങ്ങളുടെയും കുറച്ച് നിരീക്ഷണം നൽകുന്നു. വാഹനത്തിന്റെ തരം, ഉപയോഗിക്കുന്ന കണ്ണാടികളുടെ വലിപ്പം, എന്നിവയെ ആശ്രയിച്ച് ബ്ലൈൻഡ് സ്പോട്ടുകൾ വ്യത്യാസപ്പെട്ടിരിക്കുന്നു. ചിലപ്പോൾ ഒരു കാറിനെ മുഴുനായും ബ്ലൈൻഡ് സ്പോട്ടുകൾക്ക് മറയ്ക്കാൻ കഴിയും.
ഒരു ഡ്രൈവർ ബ്ലൈൻഡ് സ്പോട്ട് പരിശോധിക്കേണ്ട ഏറ്റവും സാധാരണമായ സാഹചര്യങ്ങൾ ഏതൊക്കെയെന്നു നോക്കാം.
1. പാർക്ക് ചെയ്ത സ്ഥാനത്തുനിന്നു വാഹനം പുറത്തേക്ക് എടുക്കുമ്പോൾ.
2. പാത മാറ്റുന്നതിനു മുമ്പ് (മെയിൻ റോഡിൽനിന്നു ചെറുറോഡിലേക്കോ തിരിച്ചോ കയറുന്പോഴും വലിയ റോഡുകളിൽ ഒരു ലെയ്നിൽനിന്നു മറ്റൊരു ലെയ്നിലേക്ക് മാറുമ്പോഴും).
ബ്ലൈൻഡ് സ്പോട്ടിൽ വാഹനങ്ങളും മറ്റു തടസങ്ങളും ഇല്ലെന്ന് ഉറപ്പിക്കാൻ നിങ്ങൾ പോകാൻ ഉദ്ദേശിക്കുന്ന ദിശയെ അടിസ്ഥാനമാക്കി ഉചിതമായ കണ്ണാടിയിൽ നോക്കുക. എങ്ങോട്ടു തിരിയുന്നോ അങ്ങോട്ട് ഇൻഡിക്കേറ്റർ ഇടുക. എന്നിട്ടു മാത്രം വാഹനത്തിന്റെ ദിശ മാറ്റുക. ബ്ലൈൻഡ് സ്പോട്ട് പരിശോധിക്കുന്നത് ലളിതമായ നടപടിക്രമമാണ്. അത് ചെയ്യുന്നത് ശീലമാക്കുക.