പാലൊഴിച്ച ചായ നിർബന്ധമോ..?
കൃഷ്ണൻ രാംദാസ്
Wednesday, January 22, 2025 12:51 PM IST
ന്യായവിലയ്ക്ക് നല്ല കട്ടൻചായ എന്ന ബ്ലാക്ക് ടീ കുടിക്കാമെന്നിരിക്കെ, അന്യായവിലകൊടുത്ത് ഗ്രീൻ ടീയും വൈറ്റ് ടീയുമൊക്കെ വാങ്ങിക്കുടിക്കുന്നു ചില ആരോഗ്യസംരക്ഷകർ. കുറുക്കെ പാലൊഴിച്ച് ആവശ്യത്തിൽ കൂടുതൽ പഞ്ചസാര ചേർത്ത് കുടിച്ച് പ്രമേഹവും അനുബന്ധരോഗാവസ്ഥകളും മാടിവിളിക്കുന്നു വേറെ ചിലർ.
നാഡീഞരമ്പുകൾ ദ്രവിപ്പിക്കാൻ പോന്ന ഫോർമാലിനും ഫോർമാൽഡിഹൈഡുമായി മാറുമെന്ന് കണ്ടെത്തിയിട്ടുള്ള കൃത്രിമമധുരങ്ങൾ കലക്കിച്ചേർത്ത് ചായ കുടിക്കുന്നു മറ്റുചിലർ. പാൽ മാത്രം പോരാഞ്ഞ്, ചോളം അരച്ചതും ബൂസ്റ്റും മിൽക്ക്മെയ്ഡും ചേർത്ത് തമിഴ്നാട് സ്പെഷൽ കുടിക്കുന്നു വേറെ ചിലർ. ഇഞ്ചി, മുതലായ മസാലകൾ ചേർത്ത് കുടിക്കുന്നു ഇനിയും ചിലർ. എന്തിനേറെ പറയുന്നു, പാലും പഞ്ചാരയുമിടാത്ത കട്ടൻ ചായ അന്യംനിന്നുപോയി. ആ സ്ഥാനം മറ്റെന്തൊക്കെയോ കൈയടക്കി.
അൻപതോളം രാജ്യങ്ങളിൽ നടത്തിയ പഠനങ്ങളിൽ നല്ല കട്ടൻചായ കുടിക്കുന്നതിന്റെ ഗുണങ്ങളെപ്പറ്റി പറയുന്നുണ്ട്. കോശങ്ങളെയും കലകളെയും ഗ്രന്ഥികളെയും സംരക്ഷിക്കുമെന്നതാണ് ഒരു മെച്ചം. ഇൻസുലിൻ സെൻസിറ്റിവിറ്റി കൂട്ടും. ഇൻസുലിൻ ഉത്പാദിപിക്കുന്ന ഗ്രന്ഥിയായ പാൻക്രിയാസിനെ സംരക്ഷിക്കും. ഇവയൊക്കെ വഴി പ്രമേഹരോഗാവസ്ഥകളിലേക്ക് കടക്കാതിരിക്കാനും, കടന്നവർ അതിർവരമ്പുകൾ തകർക്കാതിരിക്കാനുമൊക്കെ കട്ടൻചായ സഹായിക്കും.
പാൽ കുടിക്കേണ്ട പ്രായത്തിൽ, പാൽ ദഹിപ്പിക്കാൻ വേണ്ട എൻസൈമുകൾ വയറിലുണ്ടായിരുന്ന പ്രായത്തിൽ, ആവശ്യത്തിന് കുടിച്ചതല്ലേ മുലപ്പാൽ? അത് പോരേ? മറ്റ് സസ്തനികൾ (പശു, ആട്, എരുമ, കഴുത, ഒട്ടകം...) തങ്ങളുടെ കുഞ്ഞുങ്ങൾക്ക് ഓടാനും ചാടാനും വേണ്ട ബലമുള്ള എല്ലുകളും പല്ലുകളും വളരാൻ വേണ്ടി കാൽസ്യവും ഫോസ്ഫറസും കുത്തിനിറച്ചുണ്ടാക്കുന്ന പാൽ മനുഷ്യനെന്തിനാണ്?
ഇന്ന് പാൽ ചുരത്താനും അകിട് വലുതാകാനുമൊക്കെ കുത്തിവയ്ക്കുന്ന ഓക്സിടോസിൻപോലുള്ള ഹോർമോണുകൾ സമാന ഫലങ്ങൾ മനുഷ്യശരീരത്തിലും ഉണ്ടാക്കില്ലേ? കവറുകളിൽ ആക്കിത്തരുന്ന ആ ‘അത്' പാലാണെന്നു കമ്പനിപോലും പറയുന്നില്ല. അവരതിനെ ഡയറി വൈറ്റ്നർ എന്നാണ് വിളിക്കുന്നത്. ചായക്കും കാപ്പിക്കും നിറം കൊടുക്കാനുള്ള ഒരു വസ്തു, അത്രതന്നെ. എന്നാലും നമ്മളത് വാങ്ങി കുഞ്ഞുങ്ങളെ കുടിപ്പിക്കും.
പാൽ വരുത്തിവയ്ക്കുന്ന പ്രശ്നങ്ങൾ ഒരു വശത്ത്. പഞ്ചസാര വരുത്തി വയ്ക്കുന്നത് മറുവശത്ത്. ഇതെല്ലാം ചേർത്ത് തിളപ്പിച്ച് വറ്റിച്ച്, ആറ്റിക്കുറുക്കി മോന്തണോ?
തിളപ്പിച്ച വെള്ളത്തിൽ ആവശ്യത്തിന് നല്ല ചായപ്പൊടിയിട്ട്, അല്പസമയം വച്ച്, വേണമെങ്കിൽ പേരിന് ചെറുനാരങ്ങാനീരും ചേർത്ത്, പാലും പഞ്ചസാരയും ചേർക്കാതെ, ഒരു ചെറിയ അളവ് ഭക്ഷണത്തിനുശേഷം രണ്ട് നേരമെങ്കിലും കുടിക്കുമെങ്കിൽ പ്രോ ഡയബറ്റിക്കിനും പ്രീഡയബറ്റിക്കിനും ഡയബറ്റിക്കിനും ഒരുകൈ സഹായമാകും.
നല്ല പാൽ കിട്ടുമെങ്കിൽ വാങ്ങി ഉറയൊഴിച്ചു കടഞ്ഞു വെണ്ണയെടുക്കൂ. വെണ്ണ നെയ്യാക്കൂ. മോര് സംഭാരമാക്കൂ. കറിവേപ്പില, നാരക ഇല, മല്ലിയില, കാന്താരി മുളക്, ഇഞ്ചി എന്നിവയൊക്കെ നുറുക്കിയിട്ട് ആസ്വദിക്കൂ. പാൽ കുടിക്കണ്ട.