പണം ഉണ്ടെങ്കിൽ എവിടെയും അഡ്മിഷൻ കിട്ടുമോ..?
വിനീത ശേഖർ
Tuesday, January 21, 2025 12:38 PM IST
ഈയിടെ നടി എസ്തർ അനിലിന് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ പിജി അഡ്മിഷൻ കിട്ടിയപ്പോൾ ചില മലയാളികൾ എഴുതിയ കമന്റുകൾ വായിക്കുകയുണ്ടായി. അച്ഛന്റെ കൈയിൽ പൂത്തപണമുണ്ടല്ലോ, കൈയിൽ കാഷ് ഉണ്ടെങ്കിൽ എവിടെയും അഡ്മിഷൻ കിട്ടുമല്ലോ എന്നായിരുന്നു ചില കമന്റുകൾ. എത്ര ബാലിശമായ ചിന്താഗതിയാണ് നമ്മൾ മലയാളികളുടെ എന്നോർത്തുപോയി.
ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ് പോലെയുള്ള ഏറ്റവും മികച്ച ഒരു സ്ഥാപനത്തിൽ അഡ്മിഷൻ തരപ്പെടാൻ എന്തെല്ലാം കടമ്പകൾ കടക്കണമെന്ന വ്യക്തമായ ധാരണയില്ലാതെ ഇത്തരം കമന്റുകൾ ഇടുന്നവരെ എന്തു പറയാൻ? ആ കുട്ടിയുടെ ബയോഡാറ്റ നോക്കിയാൽ അറിയാം 23 വയസിൽ ആ കുട്ടി നേടിയ പഠന/പഠനേതര മികവുകൾ.
സാധാരണ കുട്ടികളെപോലെ വെറും പുസ്തകപ്പുഴുവായി സിലബസിൽ ഉള്ളതു മാത്രം പഠിച്ചെടുക്കുന്നവർക്ക് ഉള്ളതല്ല ഇത്തരം യൂണിവേഴ്സിറ്റികൾ. 400 വാക്കുകളിൽ കവിയാതെ എഴുതേണ്ട ബയോഡാറ്റയിൽ അക്കാഡമിക് മാർക്കുകളെപോലെ മുൻഗണനയുണ്ട് നമ്മൾ പഠിക്കാൻ പോകുന്ന സബ്ജക്ടിന് നമ്മൾ എന്ത് കോൺട്രിബ്യൂഷൻ ചെയ്തു എന്നതിന്. ഇങ്ങനെയുള്ള യൂണിവേഴ്സിറ്റികൾ മുൻകൂട്ടി കണ്ടുപഠിക്കുന്ന കുട്ടികൾ അത്തരം തയാറെടുപ്പുകൾ ഹൈസ്കൂൾ ക്ലാസുകളുടെ തുടക്കം മുതൽ ചെയ്യേണ്ടിവരുന്നു.
നമ്മളെക്കാൾ എത്രയോ നിലവാരമുള്ള ബയോഡാറ്റ ദിനംപ്രതി കിട്ടുന്ന യൂണിവേഴ്സിറ്റിയാണ് ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സ്. കണ്ടീഷണൽ ഓഫർ കിട്ടിയാലും പേടിക്കണം. ടെസ്റ്റ്, ഇന്റർവ്യൂ... അങ്ങനെ കടമ്പകൾ വേറെ. പറഞ്ഞുവന്നത് ഇത്രയെയുള്ളൂ. കാഷ് കൈയിൽ ഉണ്ടെന്നു കരുതി വെറുതെ അഡ്മിഷൻ കിട്ടുന്ന യൂണിവേഴ്സിറ്റിയല്ല ഇതൊന്നും.
എംഐടി, സ്റ്റാൻഫോർഡ്, ഹാർവാഡ്, ഓക്സ്ഫഡ്, കേംബ്രിജ് തുടങ്ങിയ ലോകോത്തര നിലവാരമുള്ള യൂണിവേഴ്സിറ്റികളിൽ ഒരു സീറ്റ് നേടിയെടുക്കാൻ കാശുണ്ടെങ്കിൽ പറ്റും എന്ന ധാരണ തികച്ചും ബാലിശമാണ്. വർഷങ്ങളായുള്ള കഠിനപ്രയത്നം അതിന് പിന്നിലുണ്ട്. അതിനെ ചെറുതായി കാണരുത്.
ഇത് എസ്തർ അനിലിനെ പ്രമോട്ട് ചെയ്യുന്ന പോസ്റ്റല്ല. ഞാനാ കുട്ടിയുടെ ഫാനും അല്ല. പക്ഷേ, ആ കുട്ടിയുടെ നേട്ടത്തെ വില കുറച്ചു കാണുന്നുമില്ല. ആ കുട്ടിയെ മാത്രമല്ല ആരെയും. കുട്ടികളായാലും മുതിർന്നവരായാലും സ്വന്തം കഴിവുകൊണ്ട് ഉന്നത സ്ഥാനത്തെത്തിയിട്ടുണ്ടെങ്കിൽ അതത്ര ചെറിയ കാര്യമല്ല.