വാർധക്യത്തിൽ കാണാം പച്ചജീവിതം..!
സതീഷ് കുമാർ
Saturday, January 18, 2025 11:57 AM IST
ഏതൊക്കെ രീതിയിൽ നിങ്ങൾക്ക് വാർധക്യത്തെ മഹത്വവത്കരിക്കാമെങ്കിലും അനുഭവിക്കുന്നവർക്കു വാർധക്യം ദുരിതവും ദയനീയവുമാകുന്നു എന്നതാണ് നിത്യമായ സത്യം. ശാരീരികവും മാനസികവുമായ നിരന്തര ക്ലേശങ്ങളുടെ കാലം ആകുന്നു അത്. മറ്റുള്ളവർ മനഃപൂർവം ചെയ്യുന്നതല്ലെങ്കിൽ കൂടി വൃദ്ധർ പലപ്പോഴും അപമാനിക്കപ്പെടുന്നതായി അവർക്ക് തോന്നുന്നു. അവർക്ക് എളുപ്പം മുറിവേൽക്കുന്നു.
വൃദ്ധർ എന്നതുകൊണ്ട് ഞാൻ ഉദ്ദേശിക്കുന്നത് പ്രായമായ മുഴുവൻ ആളുകളെക്കുറിച്ചുമല്ല. പ്രായവും അനാരോഗ്യവും മൂലം ജീവിതം പരിമിതപ്പെട്ടുപോയ മനുഷ്യരെക്കുറിച്ചുമാത്രമാണ് ഈ കുറിപ്പ്. സാന്പത്തികമായും ശാരീരികമായും സദാ അപരനെ ആശ്രയിക്കേണ്ടി വരുന്ന ദുർബലരായ മനുഷ്യരെക്കുറിച്ച്.
വാർധക്യത്തെക്കുറിച്ച് രസകരമായ മറ്റൊരു കാര്യം കൂടിയുണ്ട്. വാർധക്യപൂർവ ജീവിതത്തിൽ സദാ വിജയികളും കരുത്തരും തന്റേടികളുമായിരുന്നവരുടെ വാർധക്യമാണ് പരാജയപ്പെട്ടവരും സാധുക്കളുമായിരുന്നവരുടെ വാർധക്യത്തേക്കാൾ ദയനീയമാവുക എന്നതാണത്. ദൈവത്തിലും സ്വർഗനരകങ്ങളിലും വിശ്വസിക്കുന്ന വിശ്വാസിയുടെ വാർധക്യത്തേക്കാൾ പതിന്മടങ്ങ് ദുരിതമയമാണ് അവിശ്വാസിയായ നാസ്തികന്റെ വാർധക്യം എന്നതും മറ്റൊരു സത്യം.
സകലതിനെക്കുറിച്ചും മുൻകൂട്ടി പ്ലാൻ ചെയ്യുന്നതിൽ വിദഗ്ധനായ മലയാളി പക്ഷേ, തന്റെ വാർധക്യത്തെക്കുറിച്ച് മനഃപൂർവം മറക്കുന്നു. നമുക്കിഷ്ടമല്ല എന്നതിനാൽ മാത്രം നാമതിനെക്കുറിച്ച് ഓർക്കാതിരിക്കുന്നു.
നാം പതിവായി വൃദ്ധരെ കാണുന്നില്ല എന്നതും വാർധക്യത്തെക്കുറിച്ച് ഓർക്കാതിരിക്കാൻ ഒരു കാരണമാകുന്നു. പൊതുഇടങ്ങളിലോ ആഘോഷങ്ങളിലോ നമ്മളവരെ കാണുന്നില്ല. ആഹാരശാലകളിൽ, ഷോപ്പിംഗ് മാളുകളിൽ, പൊതുവാഹനങ്ങളിൽ ഒന്നും അവർ ഇല്ല.
അവർ അവരുടെ കിടപ്പുമുറികളിലേക്കോ, വീടിനു ചുറ്റുമുള്ള ഇത്തിരി സ്ഥലത്തേക്കോ പരിമിതപ്പെട്ടു പോയിരിക്കുന്നു. വിവാഹങ്ങൾക്കോ മാമോദീസകൾക്കോ എന്തിന് സമപ്രായക്കാരുടെ ശവമടക്കുകൾക്കുപോലും പോകാൻ കഴിയാത്തവിധം അവശതകൾ അവരുടെ സഞ്ചാരത്തെ തടസപ്പെടുത്തിയിരിക്കുന്നു. സഞ്ചാരം പരിമിതപ്പെടാത്ത പ്രായമുള്ള മനുഷ്യർ ഞാൻ പറയുന്ന വൃദ്ധരിൽ പെടില്ല.
മറ്റൊരു കാര്യം, ബാല്യ, കൗമാര, യൗവന സ്മരണകളെപ്പോലെ വാർധക്യ അനുഭവങ്ങൾ എഴുത്തുകളിൽ രേഖപ്പെടുത്തപ്പെടുന്നില്ല എന്നതാണ്. മരണത്തിൽ മാത്രം അവസാനിക്കുന്ന ഒരാളുടെ വാർധക്യത്തിന് ആ അനുഭവങ്ങളെ അടയാളപ്പെടുത്തി വയ്ക്കാൻ കഴിയുന്നതെങ്ങനെയാണ്?
ചുരുക്കിപ്പറഞ്ഞാൽ വാർധക്യം എന്നത് കാണികൾ എണീറ്റ് പോയതിനുശേഷം മാത്രം ആരംഭിക്കുന്ന ജീവിതനാടകത്തിലെ അവസാനരംഗമാകുന്നു. അതുകൊണ്ടുതന്നെ അത് കുറേക്കൂടി സ്വാഭാവികമാകുന്നു. കെട്ടുകാഴ്ചകളോ, വർണവേഷങ്ങളോ, മുഖത്തെഴുത്തോ ഇല്ലാത്ത പച്ചജീവിതം.
നിങ്ങൾ അത്രമേൽ അപ്രസക്തരായിതീർന്നതുകൊണ്ട് നിങ്ങളെ സന്തോഷിപ്പിക്കുവാൻ വേണ്ടി ഒരു നുണപറയാൻപോലും മറ്റുള്ളവർ മെനക്കെടാത്ത അത്രയും സത്യസന്ധമായ കാലം. ഇതാണ് ശരിക്കുള്ള ലോകം എന്ന് നിങ്ങൾക്ക് വെളിപ്പെട്ടുവരുന്ന ജ്ഞാനകാലം.