ഞാൻ പ്രതീക്ഷിച്ച ആൾ ഇതല്ല..!
സതീഷ് കുമാർ
Thursday, January 9, 2025 10:40 AM IST
ഇന്ത്യൻ കോഫീഹൗസിലെ മസാലദോശകൾപോലെയുള്ള മനുഷ്യരെയാണ് എല്ലാവർക്കും വേണ്ടത്. തുറന്നു നോക്കിയാൽ അപ്രതീക്ഷിതമായി ഒന്നും ഇല്ലാത്തത്... നിങ്ങൾ മുന്നേ മനസിൽ കരുതിയതെന്തോ അതുമാത്രം ഉള്ളിലുള്ളവർ...
പ്രതീക്ഷകൾക്ക് അപ്പുറത്തേക്കോ ഇപ്പുറത്തേക്കോ ഒരിഞ്ചും കടക്കാത്തവർ... മുൻകൂട്ടി കൽപ്പിച്ച അതേ അളവിന്റെ പരിധി വിടാത്തവർ... ഭർത്താവിനെ, ഭാര്യയെ, കാമുകനെ, കാമുകിയെ, മക്കളെ, സുഹൃത്തുക്കളെ ഒക്കെ മനുഷ്യർക്ക് അങ്ങനെയാണു വേണ്ടത്. അവർ വിചാരം ചെയ്യുന്ന അതേ ഉള്ളടക്കങ്ങളുള്ളവരെ.
അതിൽനിന്നു വ്യത്യാസമുള്ളതെന്തും അവർക്ക് അസഹനീയമാണ്. വ്യത്യാസം കണ്ടാൽ കോഫീഹൗസിലെ മസാലദോശ തുറക്കുമ്പോൾ മഞ്ഞ ഉരുളക്കിഴങ്ങുകൾ കണ്ടാലെന്നപോലെ അമ്പരപ്പിലാകും. ‘ഇതല്ല ഞാൻ പ്രതീക്ഷിച്ച ആൾ' എന്ന കലഹമാകും അപ്പോൾ മനസിൽ.
‘ഞാൻ ഇങ്ങനെയാണ്...' എന്ന് അയാൾ കളവ് പറഞ്ഞിട്ടൊന്നുമില്ല. അയാൾ ഇങ്ങനെയൊക്കെയാണെന്ന് നിങ്ങൾ സ്വയം സങ്കൽപം ചെയ്തതാണ്. എന്നിട്ടും അടുത്തു കഴിയുമ്പോൾ അവൻ/അവൾ അങ്ങനെയല്ലല്ലോ എന്ന് അരിശപ്പെടും. ‘നീ ഇത്തരക്കാരനാണെന്നു ഞാൻ കരുതിയില്ല' എന്ന് സങ്കടത്തോടെ പഴിക്കും.
മസാലദോശപോലെ മനുഷ്യർ ബാഹ്യമായി ഏതാണ്ട് സമാനരൂപത്തിലുള്ളവരാണെങ്കിലും ഉള്ളിലെ മസാലകൾ വ്യത്യസ്തങ്ങളാണെന്നു ദയവായി മനസിലാക്കുക. അവയുടെ എരിവും രുചിയുമൊക്കെ പലതാണെന്നും. ഒരേ മസാല ചൂടോടെയും തണുക്കുമ്പോഴും വെവ്വേറെ രുചിയിലായിരിക്കും. എന്തിന് വിശക്കുമ്പോഴും വിശപ്പില്ലാത്തപ്പോഴും രുചികൾക്കു മാറ്റമുണ്ടാകും.
മനുഷ്യരെല്ലാവരും ഒരേപോലെ ആയിരുന്നാൽ ഈ ലോകം എങ്ങനെയാകുമെന്നു ചിന്തിച്ചിട്ടുണ്ടോ? സകല മനുഷ്യരും സകല സാഹചര്യത്തിലും നിങ്ങളുടെ പ്രതീക്ഷകൾക്ക് അപ്പുറം കടക്കാതെ നിൽക്കുകയാണെങ്കിൽ നിങ്ങളുടെ ജീവിതം കോഫീഹൗസിലെ മസാലദോശകൾപോലെ വിരസമായിരിക്കും. ഇക്കാര്യം നല്ലപോലെ മനസിലാക്കുക. അത്രയേ വേണ്ടൂ. ശുഭം.