‘ചൗചൗ’യഥാർഥ ഓർഗാനിക് ഫ്രൂട്ട്
കൃഷ്ണന് രാംദാസ്
Saturday, January 4, 2025 12:22 PM IST
പാവയ്ക്ക, പടവലങ്ങ, മത്തങ്ങ, കുമ്പളങ്ങ, ചുരയ്ക്ക, വെള്ളരിക്ക, തണ്ണിമത്തൻ തുടങ്ങിയവരുൾപ്പെടുന്ന പച്ചക്കറിത്തറവാട്ടിലെ ഒരംഗമാണ് ചൗചൗ അഥവാ ശീമക്കത്തിരിക്ക. മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുമൂലകങ്ങളും എ, സി, ഇ വിറ്റാമിനുകളും ധാരാളം നാരുകളും വളരെക്കുറച്ച് അന്നജങ്ങളും അടങ്ങുന്ന നല്ലൊരു കാർഷികോത്പന്നം.
സാമ്പാറിലും പുളിങ്കറിയിലും തോരനിലും മാത്രമല്ല മത്സ്യമാംസാദികളുടെ കൂടെയും ചൗചൗ നന്നായി ഇണങ്ങും. റെഡ് മീറ്റ് കറികളുടെ കൂടെ പൊതുവെ ചേർക്കുന്ന കൂർക്കയ്ക്കും കായയ്ക്കും കപ്പയ്ക്കുമൊക്കെ ഒരു ശക്തനായ എതിരാളിയാണ് ഇവൻ. മീൻകറികളിലും കോഴി-താറാവ് കറികളിലും ധാരാളമായി ചേർക്കാം.
ക്ലൈമാറ്ററിക് വിഭാഗത്തിൽ വരുന്ന വാഴപ്പഴം, ആപ്പിൾ, തക്കാളി തുടങ്ങിയവയെ അപേക്ഷിച്ച് ചൗചൗ പെട്ടെന്നു കേടാവില്ല. പറിച്ചെടുത്തശേഷം റഫ്രിജറേറ്ററിൽ സൂക്ഷിച്ചില്ലെങ്കിലും ഏറെനാൾ കേടു കൂടാതെ ഇരിക്കും. തൊലി കളഞ്ഞാണ് ചൗചൗ ഉപയോഗിക്കുന്നത്. നോൺ ക്ലൈമാറ്ററിക് ആയതുകൊണ്ട് കേടാവാതിരിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കൾ ചേർക്കേണ്ടതില്ല.
പൊതുവെ പ്രാണികളുടെയും പുഴുക്കളുടെയും ആക്രമണം ഏൽക്കാത്തത്തിനാൽ ഇതിന്റെ കൃഷിയിൽ കീടനാശിനി പ്രയോഗവും വേണ്ടിവരില്ല. നൈട്രജൻ വളരെ കുറച്ചുമാത്രം വേണ്ടതായ ഒരു സസ്യമായതിനാൽ വെള്ളീച്ച, ചാഴി മുതലായ പ്രാണിവർഗങ്ങളും ഇവയെ ഒഴിവാക്കുന്നു.
തോരന്മാരിൽ കാബേജ്, കോളിഫ്ളവർ, ബീറ്റ്റൂട്ട്, ക്യാരറ്റ് എന്നിവയെക്കാളും ഏറെ സുരക്ഷിതമാണ് ചൗചൗ. ശരിക്കും ഒരു യഥാർഥ ഓർഗാനിക് ഫ്രൂട്ട്. പലപ്പോഴും പച്ചപ്പപ്പായയ്ക്കും ഒരു നല്ല പകരക്കാരനാകും ചൗചൗ. പോത്തിന്റെയും പോർക്കിന്റെയും മത്തിയുടെയും ചെമ്മീന്റെയുമൊക്കെക്കൂടെ ഇഷ്ടമുള്ളവർ ഇഷ്ടംപോലെ കഴിച്ചോളൂ. ചൗചൗ ആധാരമാക്കിയ ‘പോത്ത് ഇഷ്ട്ടു' എന്ന ബീഫ് സ്റ്റൂവും പരീക്ഷിക്കാം.