ഡ്രൈവിംഗിൽ ഉണ്ടാകേണ്ട സാമാന്യബോധം
മോട്ടോർ വാഹനവകുപ്പ്
Friday, January 3, 2025 9:01 AM IST
റോഡിലെ മര്യാദ ഏവരുടെയും ഉത്തരവാദിത്വമാണ്. റോഡുപയോഗിക്കുന്ന ഏതൊരാള്‍ക്കും തന്നോടുതന്നെയും റോഡുപയോഗിക്കുന്ന മറ്റുള്ളവരോടും ചില കടമകള്‍ ഉണ്ട്. അവനവന് നിശ്ചയിച്ചിരിക്കുന്ന സ്ഥലത്ത് വേണ്ട രീതിയില്‍ മറ്റുള്ളവരെ കൂടി ഉള്‍ക്കൊണ്ടുകൊണ്ട് തന്റെ സ്വാതന്ത്ര്യം ഉപയോഗിക്കുക. അതിനുള്ള ഒരു സാമാന്യ ബോധമാണ് ഒരു ഡ്രൈവര്‍ക്ക് വേണ്ടത്.
ഡ്രൈവിംഗ് എന്നത് ഓരോരുത്തരുടെയും സ്വഭാവവുമായി ബന്ധപ്പെട്ടിരിക്കുന്ന ഒന്നാണ്. ഡ്രൈവിംഗ് പഠനം ഓരോരുത്തരുടെയും സ്വഭാവരീതിക്കനുസരിച്ച് വ്യത്യസ്തമായ തരത്തിലുമായിരിക്കും. നൈപുണ്യം ആർജിക്കുന്നത് ഓരോരുത്തരും വ്യത്യസ്ത കാലപരിധിയിലുമായിരിക്കും.
റോഡിലെ ചെറിയ തെറ്റുകുറ്റങ്ങൾപോലും വലിയ വാഗ്വാദങ്ങളിലേക്കു വഴിമാറാം. കൊലപാതകത്തിൽവരെ കലാശിക്കുന്ന സംഭവങ്ങളും ഉണ്ടാകാറുണ്ട്. ഡ്രൈവിംഗിൽ ഉണ്ടായ പലവിധ ‘ശല്യങ്ങൾ' നമ്മളിൽ ആക്രമണസ്വഭാവം ജനിപ്പിക്കാൻ കാരണമാകാറുമുണ്ടെന്ന കാര്യം മറക്കാതിരിക്കുക.
വഴിയിൽ വാഹനങ്ങൾ തമ്മിൽ ഉരസലോ തട്ടലോ പരിക്കോ ഉണ്ടായാൽ താഴെ പറയുംവിധം മുൻഗണനാക്രമത്തിൽ സാഹചര്യത്തെ സമചിത്തതയോടെ കൈകാര്യം ചെയ്യുക.
1. ആദ്യം പരിക്കേറ്റവർക്ക് അടിയന്തര ചികിത്സ ഉറപ്പാക്കുക. 2. അപകടം ഉണ്ടായ സ്ഥലത്ത് സുരക്ഷിത സ്ഥാനത്തേക്കു മാറിനിൽക്കുക. 3. മറ്റു വാഹനങ്ങളുടെ സുഗമമായ ഗതാഗതത്തിന് തടസമുണ്ടാക്കാതെ നോക്കുക. 4. വാഹനസംബന്ധമായ കഷ്ടനഷ്ടങ്ങൾക്കും മറ്റു നഷ്ടങ്ങൾക്കും നിയമപരമായ സഹായം തേടുക.
******************
മോട്ടോർ വാഹന നിയമപ്രകാരം രജിസ്റ്റർ ചെയ്ത സ്വകാര്യ വാഹനം വാടകയ്ക്ക് നല്‍കുന്നത് വാഹനത്തിന്റെ രജിസ്ട്രേഷൻ റദ്ദു ചെയ്യാവുന്ന കുറ്റമാണ്. സ്വകാര്യ വാഹനം സ്വകാര്യ ആവശ്യങ്ങൾക്കു മാത്രമായുള്ളതാണ്. എന്നാൽ, ബന്ധുക്കളെ, സുഹൃത്തുകളെ, റോഡിൽ ലിഫ്റ്റ് ചോദിച്ചവരെ കയറ്റുന്നതിൽ തെറ്റില്ല.
ലാഭലാക്കോടെയാണ് സ്വകാര്യവാഹനം വാടകയ്ക്ക് കൊടുക്കുന്നതും എടുക്കുന്നതും. ട്രാൻസ്പോർട് വാഹനങ്ങൾക്ക് വർഷംതോറുമുള്ള ടെസ്റ്റ്, പെർമിറ്റ്, വെഹിക്കിൾ ട്രാക്കിംഗ് സിസ്റ്റം, പാനിക്ബട്ടൻ, സ്പീഡ് ലിമിറ്റിംഗ് ഡിവൈസ് എന്നിവയൊന്നും സ്വകാര്യവാഹനങ്ങൾക്കു വേണ്ട. ടാക്സി വാഹനത്തേക്കാൾ കുറഞ്ഞ ചെലവിൽ സ്വകാര്യവാഹനം ലഭിക്കും. ഇതര സംസ്ഥാനത്തേക്ക് പോകാൻ സ്പെഷൽ പേർമിറ്റും ടാക്സും വേണ്ട. ഇൻഷ്വറൻസ് ചെലവും കുറവ്. ഡ്രൈവർക്ക് ക്ഷേമനിധിയും വേണ്ട. ഇവയെല്ലാം മുടങ്ങാതെ ചെയ്യുന്ന യഥാർഥ ടാക്സിക്കാരുടെ വയറ്റത്തടിക്കുന്ന പണിയാണു സ്വകാര്യവാഹനം വാടകയ്ക്ക് കൊടുക്കൽ.
വാടകയ്ക്ക് എടുക്കുന്ന വാഹനം അപകടത്തിൽപ്പെട്ടാൽ അതിലെ യാത്രക്കാർക്ക് കവറേജ് കിട്ടില്ല. വാടകയ്ക്ക് എടുക്കുന്നവർ നിയമവിരുദ്ധ കാര്യങ്ങൾക്കാണ് സ്വകാര്യ വാഹനം സാധാരണ ഉപയോഗിക്കുന്നതെന്നത് മറ്റൊരു കാര്യം. വാടകയ്ക്കെടുത്ത് മറിച്ചു വിൽക്കുന്ന കേസുകളും ധാരാളം. മോട്ടോർ വാഹന വകുപ്പിലെ ഉദ്യോഗസ്ഥർക്കും പോലീസിനും ഇത് വലിയ തലവേദനതന്നെ.