എന്തൊരു മണ്ടൻ ഐഡിയ..!
ജി. സാജൻ (ദൂരദർശൻ മുൻ പ്രോഗ്രാംസ് മേധാവി)
Monday, December 23, 2024 10:44 AM IST
പത്താം ക്ലാസിൽ പഠിക്കുമ്പോൾ ആർ.വി.ജി. മേനോൻ സാറിന്റെ ഒരു ലേഖനം വായിച്ചപ്പോഴാണ് തനിക്കും ഒരു സ്റ്റാർട്ടപ്പ് തുടങ്ങണം എന്ന തോന്നൽ അജയ് തോമസിന് ഉണ്ടാവുന്നത്. ഫ്ളോട്ടിംഗ് സോളാർ എന്ന ആശയമായിരുന്നു ആ ലേഖനം.
മറ്റാവശ്യങ്ങൾക്കുപയോഗിക്കാവുന്ന ഭൂമിയിൽ സ്ഥാപിക്കുന്നതിന് പകരം കേരളത്തിലുള്ള വലിയ ജലാശയങ്ങളിൽ പൊങ്ങിക്കിടക്കുന്ന സോളാർ പാനലുകൾ. ജലത്തിലാകയാൽ പൊടി പിടിക്കുന്നത് കുറയും. ബാഷ്പീകരണവും കുറയും. ഉഗ്രൻ ഐഡിയ, ഇത് ആ കൊച്ചുപയ്യന്റെ തലയിൽ കയറി.
വയനാട് എൻജിനീയറിംഗ് കോളജിൽ പഠിക്കുമ്പോൾ അവിടെ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന ചില അധ്യാപകർ ഉണ്ടായിരുന്നു. അവരുടെ ആദ്യത്തെ മീറ്റിംഗിൽ അജയ് എഴുന്നേറ്റ് നിന്നു. ഫ്ളോട്ടിംഗ് സോളാർ എന്ന അജയിന്റെ ഐഡിയ കേട്ട് മണ്ടൻ ആശയമെന്നു പറഞ്ഞ് മിക്കവരും പൊട്ടിച്ചിരിച്ചു. എന്നാൽ, ചിരിക്കാത്ത ചിലരും ഉണ്ടായിരുന്നു. താജുദീൻ സാറിനെപോലെ ചിലർ. ‘ഇതൊരു ഉഗ്രൻ ഐഡിയ ആണ്’ - അവർ പറഞ്ഞു.
ഫണ്ടിംഗിനായി പലരെയും സമീപിച്ചെങ്കിലും ഒരു മോഡൽ ഇല്ലാത്തതിനാൽ ആരും സഹായിച്ചില്ല. ഒടുവിൽ കേരളത്തിൽ സ്റ്റാർട്ട് അപ്പ് മിഷന് നേതൃത്വം നൽകുന്ന എം. ശിവശങ്കറിനെ കണ്ടു. വലിയ പിന്തുണയാണു സർക്കാർ നൽകിയത്. അവരുടെ ഫണ്ടിംഗിൽ മോഡൽ ഉണ്ടാക്കാനുള്ള ശ്രമം ആരംഭിച്ചു. തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് കോളജ് വലിയ സഹായം നൽകി. ഇൻക്യൂബേഷൻ സെന്ററിനുള്ള സ്ഥലം കോളജിൽതന്നെ കിട്ടി.
മൂന്നു പഴയ പ്രിൻസിപ്പൽമാരടക്കം പലരും ധനസഹായം നൽകി. അങ്ങനെ ബാണാസുരസാഗർ ഡാമിൽ ഇന്ത്യയിൽ ആദ്യത്തെ ഫ്ളോട്ടിംഗ് സോളാർ രൂപപ്പെട്ടു.പിന്നീടുളള യാത്ര അപ്രതീക്ഷിതമായിരുന്നു. ബാണാസുരസാഗർ പ്രോജക്റ്റ് കെഎസ്ഇബി ഏറ്റെടുത്തു. അഞ്ച് കിലോവാട്ടിൽനിന്ന് ഉത്പാദനം ഒരു മെഗാവാട്ടായി ഉയർന്നു.
കായംകുളം അടക്കം ഇന്ന് ഫ്ളോട്ടിംഗ് സോളാറിൽനിന്ന് 150 മെഗാവാട്ട് പവറാണ് കേരളം ഉത്പാദിപ്പിക്കുന്നത്. അജയ് തോമസ് സ്ഥാപിച്ച VAATSA എന്ന കമ്പനി ആറ് ഗിഗാവാട്ടിന്റെ പ്രോജക്ടുകളാണ് ഇതേവരെ പൂർത്തിയാക്കിയത്.
ഒരു കുഞ്ഞുമുറിയിൽ തുടങ്ങിയ കമ്പനി ഇപ്പോൾ ആറ് മില്യൺ അമേരിക്കൻ ഡോളറിന്റെ മൂല്യത്തിൽ എത്തിയിരിക്കുന്നു. "ഇന്ത്യയിൽ അഞ്ച് സംസ്ഥാനങ്ങൾക്ക് ഞാൻ വിദഗ്ധോപദേശം നൽകുന്നു. ഇന്റഗ്രേറ്റഡ് സോളാർ റൂഫിംഗ് ടെക്നോളജിയിൽ ഞങ്ങൾക്ക് പേറ്റന്റും ലഭിച്ചു’ -അജയ് പറയുന്നു.
തന്റെ യാത്രയുടെ കഥ കഴിഞ്ഞ ദിവസം പുതിയ സംരംഭകർക്കു വേണ്ടിയുള്ള മീറ്റിംഗിൽ അജയ് അവതരിപ്പിക്കുന്നത് ഞാൻ വളരെ സന്തോഷത്തോടെ കേട്ടിരുന്നു.
അവതരണത്തിന്റെ അവസാനം അജയ് പറഞ്ഞു: "എനിക്ക് നന്ദി പറയാനുള്ളത് എന്നെപ്പോലെ മറ്റൊരു വഴിയും ഇല്ലാത്ത കുട്ടികൾക്ക് സൗജന്യമായി വിദ്യാഭ്യാസം നൽകുന്ന സ്റ്റേറ്റിനോടാണ്.
ഈ വിദ്യാഭ്യാസം കിട്ടിയില്ലെങ്കിൽ ഞാൻ ഇപ്പോൾ ഇവിടെ എത്തുമായിരുന്നില്ല’. അജയിന്റെ മുന്നോട്ടുള്ള യാത്ര കൂടുതൽ സാർഥകമാകട്ടെ.