കേട്ടാൽ നിങ്ങൾക്ക് കൊള്ളാം..!
കൃഷ്ണന് രാംദാസ്
Thursday, December 19, 2024 2:48 PM IST
നല്ല ആശയവിനിമയത്തിൽ അതിപ്രധാനമായ ഒരു ഘടകമാണ് നല്ല ശ്രോതാക്കൾ. മുൻവിധികളില്ലാതെ ശ്രദ്ധാപൂർവം കേൾക്കാൻ തയാറാണെങ്കിൽത്തന്നെ മിക്ക പ്രശ്നങ്ങളും ഒഴിവാക്കാനാവും. എന്നാൽ, നാം പലപ്പോഴും കാര്യങ്ങൾ കേൾക്കുന്നത് പറഞ്ഞത് മനസിലാക്കാനല്ല മറിച്ച്, കേട്ടതിനു മറുപടി പറയാനാണ്.
ഉരുളയ്ക്കുപ്പേരിപോലെ കേൾക്കുന്നതിനെല്ലാം അപ്പപ്പോൾ മറുപടി പറയാതെ, പറയുന്നതു മുഴുവൻ ശ്രദ്ധാപൂർവം കേട്ടു മനസിലാക്കിയശേഷം മറുപടി പറയുകയാണെങ്കിൽ ഒട്ടുമിക്ക വാക്കുതർക്കങ്ങളും ഒഴിവാക്കാനാവും.
ക്ഷമയോടെ കേട്ടിരിക്കാനാവുന്നത് വലിയൊരു കഴിവുതന്നെയാണ്. അങ്ങനെയുള്ളവർക്ക് നന്നായി സംസാരിക്കുന്നവരേക്കാൾ നല്ല സൗഹൃദവലയങ്ങളുണ്ടാകും. നല്ലൊരു ശ്രോതാവിനു മാത്രമേ കാര്യങ്ങൾ ശരിയായി മനസിലാക്കാൻ സാധിക്കൂ. പറയുന്നതു പൂർത്തിയാക്കാൻ അനുവദിക്കാതെയുള്ള, മുൻവിധിയോടെയുള്ള ഇടപെടലുകൾ ഗുണമല്ല, ദോഷമാണു ചെയ്യുക.
സ്കൂളിലോ കോളജിലോ പോയി വരുന്ന കുട്ടികളുടെ ഏറ്റവും നല്ല ശ്രോതാവായി അമ്മയോ അച്ഛനോ സഹോദരങ്ങളോ ഉണ്ടെങ്കിൽ അനാവശ്യസൗഹൃദങ്ങൾ അവർ സ്വയം ഒഴിവാക്കും. മാത്രമല്ല, നല്ല ശ്രോതാക്കളാകുന്നതെങ്ങനെയെന്നവർ പഠിക്കുകയും ചെയ്യും. അതവർക്കു ഗുണവും ചെയ്യും.
ലിസണിംഗ് പല വിഭാഗങ്ങളിലുണ്ട്. ക്രിട്ടിക്കൽ, എംപതറ്റിക്, റിഡക്ടീവ്, എക്സ്പാൻസീവ്, ആക്ടീവ്, പാസീവ് എന്നിങ്ങനെ. ക്രിട്ടിക്കൽ ലിസണിംഗിൽ നാം കേൾക്കുന്ന കാര്യങ്ങളെ അപ്പപ്പോൾ അപഗ്രഥിക്കും. ഒരാൾ പറയുന്നത് സഹാനുഭൂതിയോടെ കേട്ടിരിക്കുന്നതാണ് എംപതെറ്റിക് ലിസണിംഗ്.
അതിപ്രധാനമായ കാര്യങ്ങൾ അതിവേഗം അവതരിപ്പിക്കുമ്പോൾ അവലംബിക്കുന്നത് റിഡക്ടീവ് ലിസണിംഗ് മോഡാണ്. ഒരു സർജറി ചെയ്യുമ്പോൾ സർജൻ നഴ്സിനോട് സ്കാൽപെൽ എന്ന് ആവശ്യപ്പെടുമ്പോൾ ഉടനെ അതെടുത്തുകൊടുക്കുന്നത് റിഡക്ടീവ് ലിസണിംഗ് മോഡിലാണ്. താൻ പറയുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തമായ ഒരു ധാരണ പറയുന്നയാൾക്കില്ലാതിരിക്കുമ്പോൾ അതു ക്ഷമയോടെ കേട്ടിരിക്കുന്ന രീതിയാണ് എക്സ്പാൻസീവ് ലിസണിംഗ്.
ഒരാൾ പറയുന്നത് മനസിലാക്കാൻ ശ്രദ്ധയോടെ കേട്ടിരിക്കുന്നത് ആക്ടീവ് ലിസണിംഗ്. ശ്രദ്ധിക്കുന്നുണ്ട് എന്ന ഭാവേന കേട്ടുവെന്ന് വരുത്തുന്നത് പാസീവ് ലിസണിംഗ്. ഇതിൽ ഏതാണ്ടെല്ലാ ലിസണിംഗ് രീതികളും ഒരിക്കലല്ലെങ്കിൽ മറ്റൊരിക്കൽ നമ്മളെല്ലാവരും അനുവർത്തിക്കാറുമുണ്ട്.