വഴക്കും ക്ഷമ പറച്ചിലും കെട്ടിപ്പിടിത്തവും..!
വിനീത ശേഖർ
Monday, December 16, 2024 1:24 PM IST
ചിരിയും വഴക്കും അടിപിടിയും ക്ഷമ പറച്ചിലും പിന്നെയൊരു കെട്ടിപ്പിടിത്തവും... ഇവയൊന്നുമില്ലങ്കിൽ എന്ത് ജീവിതം. ഇതൊന്നുമില്ലെങ്കിൽ പലതും ഉള്ളിൽകിടന്നങ്ങനെ പുകയും... അല്ലറ ചില്ലറ തർക്കങ്ങളും അത് കഴിഞ്ഞുവരുന്ന ഇണക്കങ്ങളും ബന്ധങ്ങളുടെ ഇഴയടുപ്പം കൂട്ടുന്നു.
കൂടെയുള്ളവരുടെ ചിന്തകൾ, അഭിപ്രായം ഇവയൊക്കെ മനസിലാക്കാൻ അത്തരം ചില വഴക്കുകൾ സഹായിക്കാറുമുണ്ട്. എന്നാൽ, അതിൽത്തന്നെ ഉണ്ട് ആരോഗ്യകരമായ വഴക്കിടലും അനാരോഗ്യകരമായ വഴക്കിടലും.വഴക്കു കൂടുമ്പോൾ ചില കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണം.
ജോലി കഴിഞ്ഞ് തളർന്നു വരുന്നവരോട് ചാടിക്കേറി വഴക്കിടാൻ നിൽക്കരുത്. വാക്കുകൾ സൂക്ഷിച്ചുപയോഗിക്കുക. കുടുംബത്തിലുള്ള മറ്റുള്ളവരെ ആവശ്യമില്ലാതെ വഴക്കുകൾക്കിടയിൽ വലിച്ചിഴയ്ക്കാതിരിക്കുക. പറഞ്ഞവർ മറക്കുമെങ്കിലും കേൾക്കുന്നവരെ ഇടയ്ക്കിടെ അതു കുത്തിനോവിച്ചുകൊണ്ടേയിരിക്കും.
വഴക്കിടുമ്പോൾ ഒരിക്കലും അലറി വിളിച്ചു കൂവരുത്. മറ്റേയാൾ കേൾക്കുന്ന രീതിയിൽ പറയാമല്ലോ. അപ്പുറത്തുള്ള വീട്ടുകാരെ കേൾപ്പിച്ച് അവർക്ക് പറഞ്ഞു രസിക്കാനുള്ള അവസരം ഉണ്ടാക്കാതിരിക്കുക. വെറുതെ മലർന്നു കിടന്ന് തുപ്പണ്ട കാര്യമുണ്ടോ?
വഴക്കിടാൻ എന്തെങ്കിലും ഒരു കാരണം കാണുമല്ലോ.. അതു കഴിയുമ്പോൾ അതെന്താണെന്നു മറ്റേയാൾക്ക് മനസിലാക്കാൻ കഴിയണം. ഇല്ലങ്കിൽ ഇത്രേം വായിട്ടലച്ചിട്ട് എന്ത് പ്രയോജനം.
കുട്ടികൾ വീട്ടിലുണ്ടെങ്കിൽ അവരുടെ മുൻപിൽ വച്ച് വലിയ വാക്കുതർക്കങ്ങൾ ഒഴിവാക്കുക. വലിയ കുട്ടികൾ ചിലപ്പോൾ ഇവയൊന്നും അത്രകണ്ടു ശ്രദ്ധിച്ചെന്നു വരില്ല. ചെറിയ കുട്ടികൾ അങ്ങനെയല്ല. വികാരപ്രകടനങ്ങൾ കൂടി അമിതമായി സാധനങ്ങൾ എറിഞ്ഞുടയ്ക്കുന്നതൊക്കെ കുട്ടികളുടെ മാനസിക വ്യാപാരങ്ങളെ ബാധിക്കും..
അല്ലറ ചില്ലറ അഭിപ്രായവ്യത്യാസങ്ങളൊക്കെ എല്ലാ വീട്ടിലും ഉണ്ടാകാറുണ്ടെന്ന് ഒരുപരിധിവരെ കുട്ടികൾ അറിയുന്നത് നല്ലതാണ്. അഭിപ്രായവ്യത്യാസങ്ങൾ മുതിർന്നവർ പക്വതയോടെ കൈകാര്യം ചെയ്യുന്നതും അവർ കണ്ടറിയണം. അല്ലാത്തപക്ഷം നാളെ സമൂഹത്തിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ പ്രശ്നങ്ങൾക്ക് മുൻപിൽ അവർ പകച്ചുപോകും.
എന്നാൽ നിരന്തരമായ വഴക്കുകൾ കുട്ടികളിൽ അരക്ഷിതത്വബോധം ജനിപ്പിക്കും. അത്തരം കുട്ടികളിൽ വിഷാദം, ഉത്കണ്ഠ, ഉൾവലിയൽ... എന്നിവയോടൊപ്പം വഴക്കുകൾക്ക് കാരണം താനാണോ എന്ന ചിന്തയും ഉണ്ടാകാൻ സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ആരോഗ്യകരമായ വാക്കുതർക്കങ്ങൾ ശീലിക്കുക. തർക്കങ്ങൾ കാലതാമസമില്ലാതെ പരിഹരിക്കാൻ ശ്രമിക്കുക.